ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍:കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ തരംഗത്തിന് വരയന്‍ തുടക്കമിടുമോ എന്ന് കാത്തിരുന്ന് കാണാം.

മലയാള സിനിമകളില്‍ വൈദികര്‍ അവതരിപ്പിക്കപ്പെടുന്നത് പലപ്പോഴും നല്ല കഥാപാത്രങ്ങളായല്ല. കത്തോലിക്കാ സഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളെന്നവണ്ണം വൈദിക വേഷധാരികളായ വില്ലന്‍ കഥാപാത്രങ്ങളെ ഒരു വിഭാഗം സിനിമകളില്‍ നിരന്തരം അവതരിപ്പിക്കുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സമീപകാലങ്ങളായി ഉയരുന്നുണ്ട്.എന്നാല്‍, ഇടവക വികാരിയായ വൈദികന്‍ മുഖ്യകഥാപാത്രമായെത്തിയ ഒരു ചലച്ചിത്രം 2019ല്‍ മലയാളികള്‍ ആസ്വദിച്ചു കണ്ടിരുന്നു. ‘വാരിക്കുഴിയിലെ കൊലപാതകം’ എന്നായിരുന്നു ആ സിനിമയുടെ പേര്. ഇക്കാലഘട്ടത്തിലെ കൊമേഷ്യല്‍ സിനിമകളിലെ ചേരുവകള്‍ യോജിപ്പിച്ചുകൊണ്ട് മികച്ചൊരു എന്റര്‍ടെയ്‌നറായും, അതേസമയം ഒരു കത്തോലിക്കാ പുരോഹിതന്റെ ഹീറോയിസം ആസ്വാദകര്‍ക്ക് ചേര്‍ന്ന വിധം അവതരിപ്പിച്ചുകൊണ്ടും ആ സിനിമയെ ഒരുക്കുവാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.

കപ്പൂച്ചിന്‍ വൈദികനായ ഫാ. ഡാനിയുടെ തിരക്കഥയില്‍ നവാഗത സംവിധായകനായ ജിജോ ജോസഫ് സംവിധാനം ചെയ്ത് സിജു വില്‍സണ്‍ മുഖ്യ കഥാപാത്രമായെത്തിയ ‘വരയനും’ മലയാള ചലച്ചിത്ര ആസ്വാദന വേദിയില്‍ മികച്ച പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നത് അഭിമാനകരമാണ്. സിജു വില്‍സണ്‍ അവതരിപ്പിച്ച നായക കഥാപാത്രമായ ഫാ. എബി കപ്പൂച്ചിന്‍ അഭിനയ മികവുകൊണ്ട് എന്നതിനേക്കാള്‍ കഥാപാത്ര സൃഷ്ടികൊണ്ട് ഉയര്‍ന്നുനില്‍ക്കുന്നു.

സിജു വില്‍സന്റെ കരിയറില്‍ ഈ ചലച്ചിത്രം ഒരു വഴിത്തിരിവാകുമെന്ന് നിശ്ചയം. വികാരങ്ങളും സ്വാര്‍ത്ഥവിചാരങ്ങളും അക്രമചിന്തകളും വിവേകത്തിന് മുന്നില്‍ കീഴടങ്ങുന്ന കാലികപ്രസക്തമായ ഒരു മികച്ച സന്ദേശം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുന്നത് ചെറിയ കാര്യമല്ല.പുറമെനിന്നുള്ള ആരും, പോലീസുകാര്‍ പോലും കയറാന്‍ മടിക്കുന്ന കലിപ്പക്കര എന്ന നാട്ടിലേക്ക് വലിയ വെല്ലുവിളികള്‍ ഏറ്റടുത്ത് വികാരിയായെത്തുന്ന വൈദികനാണ് സിനിമയിലെ നായകന്‍. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതിനാല്‍ത്തന്നെ അക്രമികളും കൊലപാതകികളും ഒളിസങ്കേതമാക്കിയിരിക്കുന്ന ഒരു നാടായാണ് കലിപ്പക്കര അവതരിപ്പിക്കപ്പെടുന്നത്. ധാര്‍മ്മികമായും സാമൂഹികമായും സാംസ്‌കാരികമായും തകര്‍ന്ന സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന ദൗത്യം ഉത്തരവാദിത്വമായി ഏറ്റെടുക്കുന്ന നായകന്‍ കുറെയേറെ കലുഷിത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

ഒട്ടേറെ ആനുകാലിക ജീവിത സാഹചര്യങ്ങളെയും, കണ്ടുമറന്നതും കണ്ടുകൊണ്ടിരിക്കുന്നതുമായ നിരവധി മുഖങ്ങളെയും പ്രത്യക്ഷവും പരോക്ഷവുമായി പരാമര്‍ശവിധേയമാക്കുന്ന ഈ ചലച്ചിത്രത്തില്‍ നായക കഥാപാത്രമായ വൈദികന്റെ വിവിധ എന്‍കൗണ്ടറുകളാണ് മുഖ്യ കഥാസന്ദര്‍ഭങ്ങളായി മാറുന്നത്.രൂപഭാവങ്ങള്‍ക്കൊണ്ടുപോലും വലിയ ചേര്‍ച്ചയുള്ള ഒരു പ്രതിപുരുഷനെ അവതരിപ്പിച്ചിരിക്കുന്നതിലൂടെ, ആരായിരുന്നു ക്രിസ്തു എന്ന ചോദ്യത്തിന് വ്യത്യസ്തമായൊരു ഉത്തരം നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത് എന്ന് വ്യക്തം.

ഈ കാലഘട്ടത്തിലാണ് ക്രിസ്തു അവതരിച്ചിരുന്നതെങ്കില്‍ എന്ന ചോദ്യം കഥാസൃഷ്ടിക്ക് പിന്നിലുണ്ടായിരുന്നതായി കരുതാവുന്നതാണ്. ചുങ്കക്കാര്‍ക്കും മദ്യപാനികള്‍ക്കും വേശ്യകള്‍ക്കും കൂടെ നടന്നവന്‍ എന്ന ‘ദുഷ്‌പേര്’ ക്രിസ്തുവിന്റെ പരസ്യജീവിതകാലത്ത് പലപ്പോഴും കാണാം. ഇത്തരത്തില്‍ ആരോപണവിധേയനായ ക്രിസ്തുവിന്റെ അത്തരമൊരു പ്രതിപുരുഷന്റെ ജീവിതംകൂടിയാണ് ഈ ചലച്ചിത്രം. ക്രിസ്തുവിന്റെ കൂടിക്കാഴ്ചകളും കൂട്ടിരിപ്പുകളും ഇടപെടലുകളും എപ്രകാരം മനുഷ്യരെ പരിവര്‍ത്തിതപ്പെടുത്തിയോ ആ വിധത്തില്‍ത്തന്നെ ഈ പുരോഹിതനും സമൂഹത്തെ വലിയ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്.

തനിക്ക് മുന്നിലെത്തുന്ന പ്രതിബന്ധങ്ങളെ വളരെ സ്വാഭാവികതയോടെ കാണുകയും അതിനനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നായകനായ എബിയച്ചന്‍. കൊലപാതകികളായ ഗുണ്ടകളോട് പോലീസിനേക്കാള്‍ കരുത്തുറ്റ നീതിപാലകനായും, പ്രണയവുമായി മുന്നിലെത്തുന്ന നായികയോട് അതിലേറെ സ്‌നേഹത്തോടെയും, ചീട്ടുകളിക്കാനും കള്ളു കുടിക്കാനും ഒത്തുകൂടുന്നവര്‍ക്കിടയില്‍ എത്തിക്‌സ് ഉപദേശിച്ചും ചുറ്റുവട്ടത്തുള്ളവരുടെയും കാണികളുടെയും മനസില്‍ സ്ഥാനം പിടിക്കുന്നവനാണ് അദ്ദേഹം.

ദൈവാലയത്തില്‍ കയറിക്കൂടുന്ന ദുര്‍മാര്‍ഗികളെ ചാട്ടവാറിനടിച്ച ക്രിസ്തുവിനെ എബിയച്ചന്‍ അനുകരിക്കുന്നത് ആരും കയ്യടിച്ചുപോകുന്ന ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തിയാണ്. തള്ളിപ്പറയുന്നവരും ഓടിപ്പോകുന്നവരും സൗഖ്യം നേടുന്നവരും മാത്രമല്ല, ആലിംഗനം ചെയ്ത് ഒറ്റിക്കൊടുക്കാനെത്തുന്ന ‘യൂദാസും’ ചലച്ചിത്രത്തില്‍ കഥാപാത്രമാകുന്നുണ്ട്. തന്നെ ഒറ്റിക്കൊടുക്കാനെത്തുന്നവളെയും അപകടപ്പെടുത്താനെത്തുന്നവരെയും കണ്ടിരിക്കുന്നവരെയും ഒരുപോലെ കണ്ണീരണിയിക്കുന്ന നായക മികവ് ഫാ. ഡാനി കപ്പൂച്ചിന്റെ തൂലികയുടേതുകൂടിയാണ്.

വൈദികരുടെയും വൈദികരോടുള്ളതുമായ മനോഭാവങ്ങള്‍ക്കും നിലപാടുകള്‍ക്കും സമീപനങ്ങള്‍ക്കും മാറ്റം ആവശ്യമാണെന്ന ശക്തമായ സന്ദേശവും ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ കഴിവ് തെളിയിക്കുന്നവനാണ് പ്രസംഗം പറയാനറിയാത്ത എബിയച്ചന്‍. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചിത്രകല വ്യക്തിത്വത്തിനും അഴക് പകരുന്ന ആ കഥാപാത്രസൃഷ്ടിയും അതിന് ബലം പകരുന്ന സീനുകളും ഹൃദ്യമാണ്.

ചിത്രകലയെയും ആലപ്പുഴയുടെ ദൃശ്യഭംഗിയേയും ആദ്യന്തം ഫ്രയിമില്‍ അണിനിരത്തിയിരിക്കുന്നത് കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.ആദ്യ ചലച്ചിത്രം തന്നെ വളരെ മികച്ച കയ്യടക്കത്തോടെയും പക്വതയോടെയും കാണികള്‍ക്ക് മുന്നിലെത്തിച്ച് കഴിവ് തെളിയിച്ച ജിജോ ജോസഫ് മലയാള ചലച്ചിത്രമേഖലക്കും മൂല്യാധിഷ്ഠിത കലാപ്രവര്‍ത്തനത്തിനും തികഞ്ഞ മുതല്‍ക്കൂട്ടാണെന്ന് തീര്‍ച്ച.

തൂലിക: വിനോദ് നെല്ലയ്ക്കല്‍

കടപ്പാട്: സൺഡേ ശാലോം