വാഷിംഗ്ടണ്‍ ഡി.സി: ജോ ബൈഡൻ ഇന്നലെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് പരമ്പരാഗതമായി ബൈഡൻ കുടുംബം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കുടുംബ ബൈബിളിൽ തൊട്ടുകൊണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ പ്രഥമ വനിത ഡോ. ജില് ബൈഡനാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചിരിന്നത്. 1893 മുതൽ ബൈഡൻ കുടുംബത്തിന്റെ സ്വന്തമായ അഞ്ചു ഇഞ്ചു കനമുള്ള ഈ ബൈബിളിനു പുറത്തു ‘പരമ്പരാഗത കെൽറ്റിക്’ രീതിയിലുള്ള ഒരു കുരിശും ആലേഖനം ചെയ്തിട്ടുണ്ട്.
1973-ൽ സെനറ്ററായും, 2009-ലും, 2013-ലും വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ ബൈബിൾ തന്നെയാണ് ബൈഡൻ ഉപയോഗിച്ചത്. 2007-ൽ അദ്ദേഹത്തിന്റെ പരേതനായ മകൻ ബ്യൂ ബൈഡൻ ഡെലവെയർ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തതും ഈ ബൈബിൾ കരങ്ങള്‍വെച്ചു തന്നെയായിരുന്നു. ബൈഡൻ കുടുംബത്തിലെ പ്രധാനപ്പെട്ട തീയതികളെല്ലാം ഈ ബൈബിളിൽ ആലേഖനം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം കുടുംബ സുഹൃത്തായ റെജിന ഷെൽട്ടണിന്റെയും ആദ്യ അഫ്രോ അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയായ തർഗുഡ് മാർഷലിന്റലിന്റെയും ബൈബിളാണ് കമല സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചത്. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയര്‍ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചത്.
യുഎസ് പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. 78 വയസ്സാണ് ബൈഡന്റെ പ്രായം. ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന പദവിക്കൊപ്പം ആദ്യ ഏഷ്യന്‍, കറുത്ത വംശജയെന്ന ഖ്യാതിയും പുതിയ പദവിയോടെ കമലയ്ക്ക് ലഭിച്ചിരിക്കുകയാണ്. അതേസമയം ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക വിഷയങ്ങളില്‍ ബൈഡന് – കമല ഭരണകൂടം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണ് ക്രൈസ്തവ സമൂഹം.
കടപ്പാട് ; പ്രവാചക ശബ്ദം