ഒരുവന് അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍…
ഡോ. എം. കുര്യന് തോമസ്
പ. പൗലൂസ് ശ്ലീഹാ താന്‍ സഭാദ്ധ്യക്ഷനായി വാഴിച്ച വി.തീമോഥിയോസിന് എഴുതിയ രണ്ട് ലേഖനങ്ങളുണ്ട്.
ഇവയില്‍ ഒന്നാം ലേഖനം മൂന്നാം അദ്ധ്യായത്തിലാണ് സഭാദ്ധ്യക്ഷന്മാരുടെ ഗുണഗണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പൂര്‍ണ്ണശെമ്മാശന്‍ മുതല്‍ കാതോലിക്കാ വരെയുള്ള എല്ലാ സ്ഥാനികളുടെയും സ്ഥാനാരോഹണ ക്രമത്തില്‍ … മകനെ തീമോഥിയോസേ… എന്നാരംഭിക്കുന്ന ഈ വേദവായന ചേര്‍ത്തിരിക്കുന്നത്.
1991 ഏപ്രില്‍ 29-നു പരുമലയില്‍ നടന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്റെ കാതോലീക്കാ സ്ഥാനാരോഹണത്തിനും പിറ്റേന്ന് അവിടെത്തന്നെ നടന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രീതീയന് അടക്കമുള്ള അഞ്ചു പേരുടെ മെത്രാനഭിഷേകത്തിനും പൗലൂസ് ശ്ലീഹാ വായിച്ചത് ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആയിരുന്നു.
ഒരേ വേദഭാഗം തന്നെ അദ്ദേഹം ആദ്യദിനം മേലദ്ധ്യക്ഷസ്ഥാനം എന്നും പിറ്റേന്ന് അദ്ധ്യക്ഷസ്ഥാനം എന്നും ചേര്‍ത്താണ് വായിച്ചത്. ലോകപ്രശസ്ത വേദശാസ്ത്രജ്ഞനായ അദ്ദേഹം ഇതിലൂടെ പ. പൗലൂസ് ശ്ലീഹ നിര്‍ദ്ദേശിക്കുന്ന ഗുണങ്ങള്‍ അത്യുന്നത മഹാപുരോഹിതനായ പൗരസ്ത്യ കാതോലിക്കയ്ക്കും പ. സഭയിലെ എപ്പിസ്ക്കോപ്പാമാര്‍ക്കും ബാധകമാണന്ന് വ്യക്തമാക്കുകയായിരുന്നു.
1934-നു ശേഷം തന്റെ ജീവിതകാലത്തു പിന്‍ഗാമിയെ തിരഞ്ഞെടുത്തു കാണാതെ കാലം ചെയ്ത ഏക മലങ്കരസഭാദ്ധ്യക്ഷനാണ് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍. പക്ഷേ പൗരസ്ത്യ കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കുള്ള തന്റെ പിന്ഗാമിയെപ്പറ്റി വ്യക്തമായ ഒരു ദര്‍ശനം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹം തനിക്ക് യോഗ്യനായ പിന്‍ഗാമിയെ ലഭിക്കാന്‍ ഒരു പ്രാര്‍ത്ഥന സ്വയം എഴുതിയുണ്ടാക്കി തന്റെ നിത്യനമസ്ക്കാര ക്രമത്തില്‍ സൂക്ഷിച്ചതും എല്ലാ യാമപ്രാര്‍ത്ഥനകളിലും മുടങ്ങാതെ രഹസ്യത്തില്‍ അപേക്ഷിച്ചതും.
ലളിതമായ ആ പ്രാര്‍ത്ഥന ഇതാണ്:യേശുവേ!മലങ്കരസഭയ്ക്ക്
1. പരിശുദ്ധാത്മ നിറവ്
2. വിജ്ഞാനം
3. വിശ്വാസ തീക്ഷ്ണത
4. ജീവിത വിശുദ്ധി
5. നല്ല സാക്ഷ്യം
6. നേതൃത്വ പാടവം
എന്നീ ഗുണങ്ങള്‍ ഉള്ളതും
1. ധനമോഹം
2. യശസാസക്തി
3. അധികാര ഭ്രമം
4 . ആര്‍ത്തി
5. ആഡംബരപ്രിയം
6. പക
എന്നീ ദുര്‍ഗുണങ്ങള്‍ ഇല്ലാത്തതുമായ ഒരാളെകാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തായായുംഞങ്ങള്ക്ക് തരേണമേ.
പ. പൗലൂസ് ശ്ലീഹായുടെ ഈ പ്രബോധനം അപ്പോസ്തോലിക കാനോന്‍ ആയ അതേ അതേ കാരണത്താല്‍ അത്യുന്നത മഹാപുരോഹിതനായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്റെ പിന്‍ഗാമിക്കായുള്ള ഈ മഹാപുരോഹിത പ്രാര്‍ത്ഥനയിലെ ഗുണഗണങ്ങള്‍ സഭയിലെ എപ്പിസ്ക്കോപ്പാമാര്‍ക്കും ബാധകമാണ്.
പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഈ ഘട്ടത്തില്‍ സഭ മുഴുവനും ഈ പ്രാര്‍ത്ഥനുടെ അവസാനഭാഗം … മെത്രാപ്പോലീത്താമാരെ ഞങ്ങള്‍ക്കു തരേണമേ… എന്നു ഭേദപ്പെടുത്തി എല്ലാ നമസ്ക്കാരങ്ങളിലും ചൊല്ലേണ്ടതല്ലേ?
Aby Mathew