ചിന്താ വിഷയം പൗരോഹിത്യം തന്നെ.-
ഒരു കാലത്ത് ആദരവോടെയും ബഹുമാനത്തോടെയും മാത്രം നോക്കികണ്ടിരുന്ന ജീവിതാന്തസ്സ് ആണിന്ന് അവഹേളനത്തിന്റെയും അപമാനത്തിന്റെയും മറുവാക്കായി മാറിയിരിക്കുന്നത്, മാറ്റപ്പെട്ടിരിക്കുന്നത്.
എന്തേ ഈ അപചയത്തിന് കാരണം. ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ ആശാരിയുടെ ചെത്തും തടിയുടെ വളവും’ കാരണമായിട്ടുണ്ട്.
വിളിയുടെ സത്തയും വിളിച്ചവന്റെ മഹത്വവും മറന്ന്, ‘comfortable സോണിലേക്കു’ വിളിക്കപ്പെട്ടവർ കുടിയേറിയപ്പോൾ സ്വാഭാവികമായും ദൈവത്തിൽ നിന്നും ദൈവജനത്തിൽ നിന്നും മനസ്സും ചിന്തയും ഒരുപാട് അകന്നു; ഭൗതിക വ്യവഹാരങ്ങൾ യാന്ത്രികമായി നടന്നുകൊണ്ടിരിക്കുകയും ചെയ്തു. അധികാരത്തിന്റെ അഗ്രഹാരങ്ങളിൽ അന്തി ഉറങ്ങിയ അധികാരികളും അധികാരത്തിന്റെ ഇടനാഴികളിൽ ഓടിക്കളിച്ച അനുചരന്മാരും സാധാരണക്കാരന്റെ നെടുവീർപ്പുകളും നിശ്വാസങ്ങളും തിരിച്ചറിയാൻ പരാജയപ്പെട്ടപ്പോൾ പുരോഹിതനും ജനത്തിനും ഇടയിൽ അവരറിയാതെതന്നെ ഒരു ‘ഗർത്തം’ രൂപീകൃതമായി എന്നത് അംഗീകരിക്കപ്പെടേണ്ട സത്യം.
ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾ ആണ് പുരോഹിതനെ ജനത്തിൽ നിന്നും അകറ്റുന്ന/ അകറ്റിയ മറ്റൊരു പ്രധാന കാരണം. സ്ഥാപിത താല്പര്യങ്ങളുമായി ചെവിതിന്ന് നടക്കുന്ന ഇക്കൂട്ടർ ശരിക്കും ഇത്തിൾക്കണ്ണികൾ തന്നെ
പുരോഹിതർ പൊതുമുതലാണെന്നും ( public property) സ്വകാര്യ മുതൽ ( private property) ആക്കാനുള്ള മോഹവും പ്രവണതയും ശരിയല്ലായെന്നുമുള്ള തിരിച്ചറിവ് ജനത്തിനുണ്ടാവേണ്ടത് സുദൃഢവും സുസ്ഥിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ആവശ്യമാണ്.
‘അച്ചൻ ഞങ്ങളോട് മാത്രമേ മിണ്ടാവൂ’, ഞങ്ങളുടെ വീട്ടിൽ മാത്രമേ വരാവൂ’ തുടങ്ങിയ അലിഖിത താല്പര്യങ്ങളും ഇഷ്ടങ്ങളും ഇടവകയിൽ സ്വാഭാഭികമായും അസ്വസ്ഥതയ്ക് കാരണമാകുന്നു.വിളമ്പിക്കൊടുത്ത ഭക്ഷണത്തെക്കുറിച്ചുപോലും നാട്ടുകാരുടെ അടുത്തു പൊങ്ങച്ചം പറഞ്ഞു അച്ചൻ തങ്ങളുടെ അടുത്ത ആളാണെന്നു സ്ഥാപിക്കാൻ പരിശ്രമിക്കുന്നവരെ ഒത്തിരി കണ്ടിട്ടുണ്ട്. അച്ചന്റെ അഭിമാനം അവിടെ ലേലം വിളിക്കപ്പെടുകയാണെന്നു പാവം അച്ചൻ അറിയുന്നുണ്ടാവില്ലല്ലോ.
വർഷങ്ങൾക്കു മുമ്പ് നീതിക്ക് നിരക്കാത്തത് ചെയ്തുകൊടുക്കണമെന്ന ആവശ്യവുമായി വന്ന ഇടവകയിലെ ഒരു പ്രമുഖനോട് വഴിവിട്ടൊരു സഹായം പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞപ്പോൾ ” പിന്നെ എന്നാ ഓര്ത്താ ഈ പള്ളി കെട്ടിപ്പൊക്കിയപ്പോൾ അന്നത്തെ അച്ചൻ ഉളുപ്പില്ലാതെ കാശ് വാങ്ങിയതെന്ന” ചോദ്യം ഇന്നും മായാതെ മനസ്സിൽ കിടപ്പുണ്ട്.
താത്ക്കാലിക സന്തോഷം വേണ്ടായെന്ന് വച്ച്, ചെവി തിന്നാൻ വരുന്ന ഉപഗ്രഹങ്ങളുടെ മനമറിഞ്ഞു അവരിൽ നിന്നും ആരോഗ്യകരമായ അകലം പാലിക്കാനുള്ള വിവേകം എന്തേ വിളിക്കപ്പെട്ടവര്ക്കു ഇല്ലാതെ പോകുന്നു?
” അച്ചാ, നമ്മൾ അച്ചന്മാർ ജനത്തിന് വേണ്ടിയുള്ളവരാണ്. നമ്മളായിട്ട് ആരുടെയും തലയിൽ കയറരുത്. ആരെയും നമ്മുടെ തലയിൽ കയറ്റുകയും അരുത്.” പൗരോഹിത്യ ജീവിതം തുടങ്ങിയപ്പോൾ ആദ്യ വികാരി പറഞ്ഞുതന്ന ജീവിതമന്ത്രം.
സ്വന്തം അച്ചന്മാരെ മനസ്സിലാക്കുകയും ജനത്തെ അറിയുകയും ചെയ്യുന്ന അധികാരികളും ലഭിച്ച വിളിയോട് വിശ്വസ്തത പുലർത്തിയും, ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോടും ജനത്തോടും നീതി പുലർത്തിയും കഴിയുന്ന അച്ചന്മാരും എന്നും സഭയ്ക്കു ആവശ്യമാണ്, സമൂഹത്തിന് അനുഗ്രഹമാണ്.
കൈമാറുന്ന വിശ്വാസദീപം കരിന്തിരി കത്തുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു കൂട്ടുത്തരവാദിത്വം ആണ്. അത് മറക്കുമ്പോഴാണ് ചെറിയ കാര്യങ്ങൾ വലുതാക്കപ്പെടുന്നതും പോറലുകൾ മുറിവുകളാകുന്നതും. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും സഭാത്മക ജീവിതത്തോടുള്ള വിധേയത്വവും പരസ്പര വിശ്വാസ – ബഹുമാനവും പൗരോഹിത്യ ജീവിത വിശുദ്ധിയ്ക്കും സമുദായത്തിന്റെ വളർച്ചയ്ക്കും കാരണമാകട്ടെ. ദൈവജനം എല്ലാദിവസവും മറക്കാതെ,മടിക്കാതെ പ്രാർത്ഥിക്കുകയും ചെയ്യട്ടെ തങ്ങളുടെ വൈദികർക്ക് വേണ്ടി.
അക്ഷികളിൽ അറിവിന്റെ അഞ്ജനം തേക്കാൻ, അനുദിനം മനനം ചെയ്യുന്ന വചനം വിവേകം നിറയ്ക്കാൻ, അർപ്പിക്കുന്ന ബലികൾ ഓരോ ദിനവും പുത്തനനുഭവം ആയി മാറാൻ ആവട്ടെ നമ്മുടെ പരിശ്രമം.ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ
Ben Joseph