കൊച്ചി രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകൾ നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം നാടിന്റെ സമകാലിക ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്നു കെസിബിസി പ്രസിഡന്റും സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോടു പ്രതികരിക്കുകയായിരുന്നു കേരള ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ കൂടിയായ കർദ്ദിനാൾ.
രാജ്യത്തിന്റെ സമഗ്രവികസനത്തിനു വിവിധ സേവനമേഖലകളിൽ ക്രൈസ്തവ സമൂഹം നല്കിയിട്ടുള്ളതും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. നാടിന്റെ വികസന ആവശ്യങ്ങളോട് എന്നും ഉദാരമായി പ്രതികരിച്ചിട്ടുള്ളവരാണ് ഇന്നാട്ടിലെ ക്രൈസ്തവർ. ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണകേന്ദ്രം നിർമിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവക ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം വേണമെന്ന ആവശ്യമുയർന്നു. ബഹിരാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിർത്തി അന്നത്തെ തിരുവനന്തപുരം രൂപതാദ്ധ്യക്ഷൻ ബിഷപ് പീറ്റർ ബർണാഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം വി മഗ്ദലേനയുടെ നാമത്തിലുള്ള ദേവാലയം വിട്ടുകൊടുത്ത പള്ളിത്തുറ ഇടവക ജനം കവരുടെ ഉദാരതയുടെ നേർസാക്ഷ്യമാണ്. മുൻ രാഷ്ട്രപതി ആദരണീയനായ എ. പി. ജെ. അബ്ദുൾകലാം തന്റെ പ്രസംഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
ദേശീയപാതയുടെ വികസനത്തിൽ മാത്രമല്ല, നാടിന്റെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്കു വേണ്ടിയാണെങ്കിലും ക്രൈസ്തവസഭാവിഭാഗങ്ങളും അതിനു തയ്യാറാകണമെന്നു കർദ്ദിനാൾ ആലഞ്ചേരി ആഹ്വാനം ചെയ്തു. ചരിത്ര പ്രാധാന്യമുള്ളവയും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുതുമായ ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിൽ വിവേകത്തോടെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുമുണ്ട്. ആരാധനാലയങ്ങൾ മാറ്റി സ്ഥാപിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ 2013-ലെ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര പുനരധിവാസനിയമം കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുവാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും മാർ ആലഞ്ചേരി ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.
ദേശീയപാത -ന്റെ വികസനത്തിനായി കേന്ദ്രത്തിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത പൊതുസമൂഹത്തിനു നല്ല മാതൃക നൽകിയ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ അനുമോദിച്ച കർദിനാൾ സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും പത്രകുറിപ്പിലൂടെ ആഹ്വാനം ചെയ്തു.