യുവാവായ ക്രിസ്തുവിലുള്ള വിശ്വാസം ഏവരുടെയും ജീവിതത്തിന് നിറം പകരട്ടെ. ക്രിസ്തുവിൻ്റെ സ്നേഹത്തിലൂടെ, അവൻ തെളിച്ച പാതയിലൂടെ അനേകർക്ക് കൈത്താങ്ങാവാൻ നമുക്ക് ശ്രമിക്കാം.
‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ; സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ ശുദ്ധിയോടെ പ്രണയത്തിലായിരിക്കുന്ന, 21-ാം നൂറ്റാണ്ടിന് ചേർന്ന ആത്മീയതയുള്ള, ദരിദ്രരെ സഹായിക്കുന്ന, ദിവ്യകാരുണ്യത്തെ സ്നേഹിക്കുന്ന, മറ്റുള്ളവരെ പരിഗണിക്കുന്ന, കൂട്ട് കൂടുന്ന, സന്തുഷ്ടരായ, ലോകത്തിന്റെ നന്മകളെ ആസ്വദിക്കാനറിയുന്ന വിശുദ്ധരെ’; ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2013 ലോകായുവജനസമ്മേളനത്തിൽ പരിശുദ്ധ ഫ്രാൻസിസ് പാപ്പ ലോകത്തോട് നടത്തിയ വിശ്വപ്രസിദ്ധപ്രസംഗത്തിന്റെ പ്രസക്തഭാഗം.
യുവജനങ്ങൾക്ക് നിർണ്ണായക പങ്ക് നൽകുന്ന പരിശുദ്ധ കത്തോലിക്കാ സഭയിൽ പാപ്പയുടെ പ്രസംഗത്തോട് നീതിപുലർത്തുന്ന അനേകായിരം യുവജനങ്ങൾ നമുക്കിടയിലുണ്ട്. തങ്ങളുടെ ജീവിതസാക്ഷ്യങ്ങൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ, വിശുദ്ധരായി ജീവിക്കുന്നവർ…!!!
കാരുണ്യവും കരുതലുമായി ക്രിസ്തുസ്നേഹം വിളമ്പി നൽകുന്ന അത്തരം വിശുദ്ധ ജീവിതത്തിന്റെ ഉത്തമോദാഹരണമാണ്, മാനന്തവാടി രൂപതയിൽ സുപരിചിതനായ യുവജന പ്രവർത്തകൻ ശ്രീ. സന്തോഷ് ചെട്ടിശ്ശേരി.
സഭയോട് ചേർന്ന് നിന്നുകൊണ്ട് സമൂഹത്തിലെ വേദനിക്കുന്നവരുടെ ഇടയിലേക്ക് ദൈവദൂതനായി കടന്ന് ചെന്ന് അവരുടെ വേദനകളിൽ ആശ്വാസമാകുന്ന ഒരു ‘യൂത്ത് ഐക്കൺ’. രൂപതയിലെ, മണിമൂളി ഫൊറോനയിൽ, പാതിരിപ്പാടം ഇടവകയിൽ ഒരു നിർധന കുടുബത്തിലാണ് ഇദ്ദേഹത്തിൻ്റെ ജനനം. പ്രാർത്ഥനയും ദൈവീക ചിന്തയും മുഖമുദ്രയാക്കി, ചെറുപുഷ്പ മിഷൻലീഗിലൂടെ തൻ്റെ മിഷണറി ജീവിതമാരംഭിച്ച അദ്ദേഹം മതബോധന പരിശീലകനായും തൻ്റെ വിശ്വാസം ജീവിക്കുകയും അത് ജീവിക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കെ.സി.വൈ.എം യുവജനപ്രസ്ഥാനത്തിന്റെ മേഖല നേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്ന് വരവ് പ്രസ്ഥാനത്തിന് പുതിയ ഒരു മുഖവും, പുത്തനുണർവ്വും നല്കുന്നതായിരുന്നു.
സാമൂഹീക- രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ തന്റേതായ പങ്ക് വഹിച്ചിരുന്ന അദ്ദേഹം KCYM ലൂടെ യുവജനങ്ങൾക്ക് ഒരു മാർഗ്ഗദീപമാകുകയാണ്. മികച്ച സംഘാടകൻ എന്ന നിലയിൽ യുവജനങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് സമൂഹത്തിൽ വേദനിക്കുന്നവരുടെ, അശരണരുടെ അത്താണിയായി മാറാൻ അദ്ദേഹത്തിന് കഴിയുന്നു. സഭ നൽകുന്ന ബോധ്യങ്ങളും പഠനങ്ങളും; സഹോദരനിൽ ക്രിസ്തുവിനെ കാണാൻ അദ്ദേഹത്തെ സഹായിക്കുന്നു. യുവജനങ്ങളെ സന്മാർഗ്ഗത്തിൽ നയിക്കുന്നതിനും സഭയുടേയും സമൂഹത്തിന്റേയും നിർമ്മിതിയിൽ സഹകാരികളാക്കുന്നതിനും അദ്ദേഹം മുൻപിൽ നിന്ന് നയിക്കുന്നു. ക്രിസ്തുസ്നേഹത്തിൽ തൻ്റെ ഇല്ലായ്മകളെപ്പോലും പരിഗണിക്കാതെ, സാമൂഹീക – സഭാരംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം പ്രളയകാലത്തും കോവിഡ് പ്രതിസന്ധികളുടെ കാലത്തും നടത്തിയ – നടത്തുന്ന ഇടപെടലുകൾ സുത്യർഹമാണ്.
നാലുമക്കളും ഭാര്യയും അമ്മയുമടങ്ങുന്ന സാധാരണയിൽ സാധാരണമായ കുടുംബത്തിന്റെ നാഥൻ കൂടിയാണ് അദ്ദേഹം. ആയുർവ്വേദ വകുപ്പിലെ ഒരു ചെറിയ ജോലിയും അതിൽ നിന്ന് ലഭിക്കുന്ന വരുമാനവുമാണ് അദ്ദേഹത്തിൻ്റെ ഉപജീവനമാർഗ്ഗം. പലപ്പോഴും തൻ്റെ ആവശ്യങ്ങൾക്ക് പോലും മതിയാകുന്നതല്ല അതെങ്കിലും അതിൽ നിന്നുപോലും ഒരംശം താൻ കൂടി നേതൃത്വം നൽകുന്ന, മണിമൂളി മേഖലയിലെ യുവജനങ്ങളുടെ ചാരിറ്റി ഗ്രൂപ്പായ ‘സമരിറ്റിൻ’ വഴി അശരണരായ മനുഷ്യർക്ക് എത്തിച്ച് നൽകുവാൻ അദ്ദേഹം ശ്രദ്ധാലുവാണ്. ആധുനീകത പോയിട്ട്, അടിയന്തരമായവപോലും എത്തി നോക്കിയിട്ടില്ലാത്ത ഒരു വീട്ടിലാണ് അദ്ദേഹമെങ്കിലും, നാൾ വഴികളിൽ അദ്ദേഹം നേതൃത്വം നൽകി നിർമ്മിച്ച് നൽകിയ വീടുകൾ ഏതാണ്ട് അഞ്ചിൽ അധികമാണ്. പണം സ്വരൂപിച്ച് നൽകി വീട് നിർമ്മിതി നടത്തുന്ന ശൈലികളിൽ നിന്ന് വ്യത്യസ്തമായി, സുഹൃത്തുക്കളേയും സഹായിക്കാൻ ഉതകുന്ന മനസ്സുകളേയും കൂട്ടി ചേർത്ത് പണം സ്വരൂപിച്ചും, ആ നിർമ്മിതിക്ക് വേണ്ടി കായികാദ്ധ്വാനം ചെയ്തും ആദ്യാവസാനം വരെ കൂടെ നിൽക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.
അശരണരായ മനുഷ്യർക്ക് ജീവിതോപാധികൾ ഒരുക്കികൊടുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ട്. ‘സമരിറ്റിൻ’ ഗ്രൂപ്പ് വഴി നിർധന കുടുംബങ്ങൾക്ക് നൽകിയിട്ടുള്ള ആട് വിതരണം, പഠനോപകരണങ്ങളുടെ വിതരണം, തയ്യൽ മെഷീൻ വിതരണം എന്നിവ അവയിൽ ചിലത് മാത്രമാണ്.ഈ നിസ്വാർത്ഥ സേവനങ്ങൾക്ക് KCYM, രൂപതയിലെ മികച്ച യുവജനപ്രവർത്തകനുള്ള അവാർഡ് നൽകി 2014 അദ്ദേഹത്തെ ആദരിച്ചിരുന്നു.സഹോദരനെ സ്നേഹിക്കുവാൻ, അവന് വേണ്ടി ജീവൻ ത്യജിക്കുവാൻ പഠിപ്പിച്ച മിശിഹായുടെ വഴിയേ നടക്കുകയും അനേകരെ ആ വഴിയേ നടക്കുവാൻ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഈ യുവജനപ്രവർത്തകൻ, സമൂഹത്തിനും സഭയ്ക്കും ഒരു മുതൽക്കൂട്ടാണ്, അനേകങ്ങൾക്ക് മാതൃകയാണ്….
ഇത്തരം മനുഷ്യർ, വിശുദ്ധർ നമുക്കിടയിൽ നിന്ന് ഇനിയുമുണ്ടാകട്ടെ….ജീവിച്ചിരിക്കുന്ന വിശുദ്ധ ജീവിതങ്ങളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം. അനുകരണീയമായ ഉത്തമ മാതൃകളെ പകർത്താൻ പരിശ്രമിക്കയും ചെയ്യാം.പാപ്പ പറഞ്ഞതുപോലെ ‘നമുക്കാവശ്യമുണ്ട്, ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ സിനിമ കാണുന്ന, പാട്ട് പാടുന്ന, ഇന്റർനെറ്റ് സെർച്ച് ചെയ്യുന്ന, നന്നായി പ്രാർത്ഥിക്കുന്ന, ചാരിത്ര്യ ശുദ്ധിയോടെ പ്രണയത്തിലായിരിക്കുന്ന, 21-ാം നൂറ്റാണ്ടിന് ചേർന്ന ആത്മീയതയുള്ള, ദരിദ്രരെ സഹായിക്കുന്ന, ദിവ്യകാരുണ്യത്തെ സ്നേഹിക്കുന്ന, മറ്റുള്ളവരെ പരിഗണിക്കുന്ന, കൂട്ട് കൂടുന്ന, സന്തുഷ്ടരായ, ലോകത്തിന്റെ നന്മകളെ ആസ്വദിക്കാനറിയുന്ന വിശുദ്ധരെ’….
ഈ യുവജന ദിനത്തിൻ്റെ ഏറ്റവും മനോഹരമായ സന്ദേശം ഇത്തരം യുവജന പ്രവർത്തകരെ അറിയുക എന്നതുതന്നെയാണ്. സന്തോഷിൻ്റെ ജീവിതം ഒരു ക്രിസ്തു സന്ദേശമാണ്. ഇത്തരം മനുഷ്യർ നമ്മുടെ ജീവിതത്തിലെ വിളക്കുമരമായി എന്നും ഉയർന്ന് നിൽകട്ടെ.ഏവർക്കും യുവജന ദിനാശംസകൾ.
സ്നേഹപൂർവ്വം
Augustine Chirakkathottathil