ഭാര്യയെ പിന്താങ്ങി ഭർത്താവ്
ഭർത്താവിനെ തുണച്ച് ഭാര്യ
വിവാഹത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.
ഭർത്താവാണ് ആദ്യം സംസാരിച്ചത്:
“എൻ്റെ ഭാര്യയായി ഇവളെ ലഭിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം.
കുടുംബ ബന്ധങ്ങളെ ചേർത്തു നിർത്തുന്നതിൽ എൻ്റെ ഭാര്യയ്ക്കുള്ള കഴിവ് വർണനാതീതമാണ്.
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെല്ലാം എന്തെങ്കിലും വാങ്ങിക്കൊടുക്കാനും ആവശ്യങ്ങളിൽz *സഹായിക്കാനുമെല്ലാം താത്പര്യം പ്രകടിപ്പിക്കുന്നവളാണ് എൻ്റെ ഭാര്യ.
വിവാഹത്തിനു മുമ്പ് ഇവൾ എനിക്കൊരു വാക്കു തന്നിരുന്നു: “ഞാൻ കാരണം നമ്മുടെ കുടുംബം തകരില്ല. അത് ഞാൻ ചേട്ടന് നൽകുന്ന ഉറപ്പാണ്….
ആ വാക്ക് ഇന്നുവരെ അവൾ പാലിച്ചിട്ടുണ്ട്.”
ഭർത്താവിൻ്റെ വിവരണം കേട്ടപ്പോൾ ഭാര്യയുടെ കണ്ണുകളും നിറഞ്ഞു. മിഴികൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു:
“ഇങ്ങനെയൊരു ജീവിതപങ്കാളിയെ കിട്ടിയതാണ് എൻ്റെയും അനുഗ്രഹം. ചെറിയ കലഹങ്ങൾ ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും അത്ര കാര്യമുള്ളതായിരുന്നില്ല.
എൻ്റെ മനസറിയുന്ന, നന്മയുടെ നിറകുടമാണ് എൻ്റെ ഭർത്താവ്… എല്ലാത്തിനും ഉപരിയായി അദ്ദേഹം പ്രാർത്ഥിക്കുന്ന അപ്പനാണ്! അതായിരുന്നു ഞാൻ ഏറ്റവും അധികം ആഗ്രഹിച്ചതും…”
ദമ്പതികളിൽ അപൂർവ്വം കാണുന്ന മനപ്പൊരുത്തത്തിന് ഉടമകളായ
അവരെ ഓർത്ത് എനിക്കഭിമാനം തോന്നി.
ഇന്നിത് എഴുതാൻ കാരണം സക്കറിയാസ് എലിസബത്ത് ദമ്പതികളെക്കുറിച്ചുള്ള വായനയാണ്.
വൃദ്ധരായ അവർക്ക് യോഹന്നാൻ എന്ന മകനെ നൽകി ദൈവം അനുഗ്രഹിച്ചത് നമ്മൾ വായിച്ചിട്ടുണ്ടല്ലോ?
ദൈവദൂതൻ്റെ വാക്കുകൾ അവിശ്വസിച്ചെന്ന പേരിൽ കുഞ്ഞ് ജനിക്കുന്നതുവരെ സക്കറിയാസ് ഊമനായിരുന്നു.
അതുകൊണ്ടാണ് കുഞ്ഞിൻ്റെ പേരിനായി ബന്ധുക്കൾ എലിസബത്തിനെ സമീപിക്കുന്നത്.
അവരുടെ തലമുറയിൽ ആർക്കുമില്ലാത്ത ‘യോഹന്നാൻ’
എന്ന പേര് അവൾ പറഞ്ഞെങ്കിലും ആരും അതത്ര അംഗീകരിച്ചില്ല.
മറ്റൊരു പേരിനായ് സംസാരശേഷി നഷ്ടമായ അപ്പനെ സമീപിച്ചപ്പോൾ എഴുത്തു പലകയിൽ അയാളും എഴുതി യോഹന്നാൻ!
(Ref 1:57 – 66).
എന്തൊരു പൊരുത്തമുള്ള ദമ്പതികൾ, അല്ലെ?
കലഹിച്ചു കഴിയുന്ന ദമ്പതികൾക്കും കുടുംബങ്ങൾക്കും വേണ്ടിയും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും വേണ്ടിയും ഇന്ന് പ്രാർത്ഥിക്കാൻ മറക്കരുത്.
വി. സ്നാപക യോഹന്നാൻ്റെ
ജനന തിരുനാൾ മംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്
ജൂൺ 24-2021.