സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ സഭയുടെ ആത്മീയ അധ്യക്ഷന് സ്വീകരണം ഒരുക്കിയത്. ഓസ്ട്രേലിയയുടെ വളർച്ചയിൽ നിർണായക പങ്കു വഹിക്കുന്ന സിറോ മലബാർ വിശ്വാസികളോടുള്ള സംസ്ഥാനത്തിന്റെ ആദരവും പ്രതിബദ്ധതയും പ്രകടമാക്കുന്നതായിരുന്നു ചടങ്ങ്.കുടിയേറ്റക്കാർ പ്രത്യേകിച്ച് മലയാളി സമൂഹം നൽകിയ സംഭാവനകളെയും സാംസ്കാരിക സമ്പന്നതയെയും അംഗീകരിക്കാനും വിലമതിക്കാനുമുള്ള വിക്ടോറിയയുടെ വിശാലമായ പൈതൃകത്തെ കർദിനാൾ ചടങ്ങിൽ അഭിനന്ദിച്ചു.
പ്രമുഖ രാഷ്ട്രീയ നേതാവും സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയൺ എംപിയുമായ ലീ ടാർലാമിസ് ഒഎഎം, ക്രാൻബോൺ അംഗം പോളിൻ റിച്ചാർഡ്സ് എം.പി, സ്പീക്കർ എഡ്വേർഡ്സ്, ക്ലാരിൻഡ അംഗമായ മെങ് ഹെയാങ് തക് എം.പി എന്നിവർ ചേർന്ന് കർദിനാളിന് ആശംസകൾ അറിയിച്ചു.
മെൽബൺ സെന്റ് തോമസ് സിറോ മലബാർ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. സിജീഷ് പുല്ലങ്കുന്നേൽ, ഫാ. എബ്രഹാം കഴുന്നടിയിൽ, ഡോ. മൈക്കിൾ മഞ്ഞള്ളൂർ, രാഷ്ട്രദീപിക എം ഡി ഫാ.ബെന്നി മുണ്ടനാട്ട്,ജോർജി എ അഗസ്റ്റിൻ,ശ്രീ. വർഗ്ഗീസ് പൈനാടത്ത്, ശ്രീ തോമസ് ഉറുമ്പക്കൽ എന്നിവർ കർദിനാൾ ആലഞ്ചേരിക്കൊപ്പം ചടങ്ങിൽ സന്നിഹിതരായിരുന്നു.