അന്ന് കുർബാന കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യാക്കോബേട്ടനെ വികാരിയച്ചൻ വിളിച്ചു:

“ഇന്ന് യാക്കോബ് ശ്ലീഹായുടെ തിരുനാളല്ലെ? ചേട്ടൻ്റെയും നാമഹേതുക തിരുനാൾ. അതു കൊണ്ട് എൻ്റെവക ഒരു ചെറിയ സമ്മാനം തരട്ടെ.”അതു കേട്ടപ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം.

ഒരു വികാരിയച്ചൻ സമ്മാനം തരികയോ?തനിക്ക് ലഭിച്ച സമ്മാനവുമായി അദ്ദേഹം വീട്ടിലെത്തി. തുറന്നു നോക്കിയപ്പോൾ നൂറു രൂപയുടെ കുറേ നോട്ടുകൾ!എന്തെന്നില്ലാത്ത ആനന്ദം കൊണ്ട് അദ്ദേഹത്തിൻ്റെ മിഴികൾ നിറഞ്ഞൊഴുകി.

മകനെ ഫോൺ വിളിച്ച് യാക്കോബേട്ടൻ പറഞ്ഞു:“മോനറിയുമോ, ഇന്ന് യാക്കോബ് ശ്ലീഹായുടെ തിരുനാളാണ്. പള്ളിയിൽ ചെന്നപ്പോൾ ഇക്കാര്യം ഓർമപ്പെടുത്തി, വികാരിയച്ചൻ ഒരു സമ്മാനം നൽകി. അച്ചൻ എന്നെ ശരിക്കും അതിശയിപ്പിച്ചു. നിനക്കറിയാലോ, പള്ളിപണി നടക്കുന്ന സമയമായിട്ടുപോലും അച്ചൻ അങ്ങനെ ചെയ്യണമെങ്കിൽ എന്തുമാത്രം നന്മ ആ മനസിൽ ഉണ്ടാകണം?”

അന്ന് ആ ഇടവകയിലെ വികാരി ബഹു. വർഗീസ് പാലത്തിങ്കൽ അച്ചനായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലെ മൂന്നുമുറി ഇടവകാംഗമായ യാക്കോബേട്ടൻ എൻ്റെ അപ്പനും!

ദൈവം ഈ ലോകത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു. പാലത്തിങ്കലച്ചൻ ചെയ്ത ചെറിയ പുണ്യത്തിലൂടെ എൻ്റെ അപ്പച്ചൻ കാരുണ്യത്തെ തിരിച്ചറിയുകയായിരുന്നു.

നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് സമ്മാനമായിത്തീരാനുള്ളതാണ്.സാന്നിധ്യം കൊണ്ടും വാക്കുകൾ കൊണ്ടും സദ്പ്രവർത്തികൾ കൊണ്ടും നമുക്കിടയിൽ ക്രിസ്തു വീണ്ടും ജനിക്കട്ടെ.

മാലാഖമാർ നൽകിയ ആ സന്ദേശം നമുക്ക് നെഞ്ചിലേറ്റാം: ”ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.”(ലൂക്കാ 2 : 11)

ഏവർക്കും ക്രിസ്തുമസ് ആശംസകൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

ഡിസംബർ,25-2020

നിങ്ങൾ വിട്ടുപോയത്