വിശുദ്ധ സന്ദർശനങ്ങൾ
സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ വഴികൾ അവനെ പച്ചയായ മനുഷ്യനാക്കിമാറ്റി എന്നാണു എനിക്ക് തോന്നിയത്. അവനെക്കുറിച്ച് പലതും കേട്ടെങ്കിലും ഒരിക്കലും അവൻ്റെ മുഖത്തുനോക്കി ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
ഒരവധിക്കാലത്ത് ജെറിനെ കാണാനായി ഉച്ചയോടെ ആശ്രമത്തിലേക്ക് ചെന്നു. സന്തോഷത്തോടെ സ്വീകരിച്ചു, എല്ലാ സഹോദരവൈദീകരെയും പരിചയപ്പെടുത്തി, ഞങ്ങൾ തമ്മിലുള്ള തീഷ്ണമായ സൗഹൃദത്തെക്കുറിച്ച് അവൻതന്നെ അവരോടു പറഞ്ഞു. സംസാരിച്ചു. പിരിയാനൊരുങ്ങുമ്പോൾ അന്ന് തിരികെ പോകരുതെന്നും പിറ്റേദിവസം രാവിലെ പോകാമെന്നും ഭയങ്കര നിർബന്ധം. ഞാനൊരു സരളഹൃദയനായതുകൊണ്ടു അതങ്ങ് സമ്മതിച്ചു.😊
കാപ്പി കുടിച്ചുകൊണ്ടിരിക്കെ അവൻ പറഞ്ഞു – ‘എനിക്കൊരു ഭവനസന്ദർശനമുണ്ട്. നമുക്ക് ഒരുമിച്ച് പോകാം’. വൈകാതെ അവൻ്റെ ബൈക്കിൻ്റെ പുറകിൽ സ്ഥാനം പിടിച്ചു. ബൈക്ക് നഗരത്തെ പ്രധാനപ്പെട്ട റോഡിലൂടെ കടന്നു വലിയൊരു ഫ്‌ളാറ്റിൻ്റെ മുന്പിലെത്തിനിന്നു. എന്നെയും കൂട്ടി ലിഫ്റ്റിൽ കയറിയപ്പോൾ അവൻ പറഞ്ഞു: “ഇതൊരു Holy Visit ആണ്. നാം പോകുന്ന വീട്ടിൽ ഒരു അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. അവർക്ക് ഇവരുടെ കാര്യത്തിൽ വലിയ ശ്രദ്ധയുമില്ല. ഞാൻ ആഴ്ചയിൽ ഒരിക്കൽ വരും. ഇവരുമായി സംസാരിക്കും. അപ്പച്ചനു കണ്ണൊന്നും കാര്യമായിട്ട് കാണാൻ വയ്യ. അമ്മച്ചിക്ക് കേൾവിയും കുറഞ്ഞുവരികയാണ്”.
കിട്ടിയ ഇൻട്രൊഡക്ഷനിൽ കാര്യമായ സസ്പെൻസ് ഇല്ലാതിരുന്നതുകൊണ്ട് വലിയ ആകാംക്ഷയൊന്നും തോന്നിയില്ല. മണിയടിച്ചിട്ട് വാതിൽ തുറക്കാൻ അഞ്ചുമിനിറ്റെടുത്തു. അമ്മച്ചിയാണ് വാതിൽ തുറന്നത്. വൈകാതെ അപ്പച്ചനുമെത്തി. ജെറിനച്ചൻ എന്നെ പരിചയപ്പെടുത്തി. അവർ സ്നേഹത്തോടെ വിശേഷങ്ങൾ എല്ലാം ചോദിച്ചു. ഞാനും അവരുടെ വിവരങ്ങൾ തിരക്കി. മക്കൾ വർഷത്തിലൊരിക്കൽ വന്നാലായി. വന്നാലും ഒരാഴ്ചയിൽ കൂടുതൽ ഉണ്ടാകാറില്ല. മക്കളെല്ലാവരും ഒരുമിച്ചു വരാറുമില്ല. ആ സങ്കടമെല്ലാം അവർ പറഞ്ഞു കേൾപ്പിച്ചു.
രോഗവും ആവലാതികളും കേട്ടുകഴിഞ്ഞപ്പോഴും എനിക്ക് കൂടുതലൊന്നും തോന്നിയില്ല. അപ്പച്ചൻ താടിയെല്ലാം നീണ്ടു ഷേവ് ചെയ്യാതെ അല്പം അനാകർഷകമായി എനിക്ക് തോന്നി. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ജെറിനച്ചൻ പറഞ്ഞു. ‘നീ പത്രം വായിക്കുകയോ, TV കാണുകയോ ചെയ്തോളൂ. എനിക്കല്പം പണിയുണ്ട്’. ഞാൻ എന്തുപണിയെന്നു ചോദിക്കുമ്പോഴേക്ക് അവൻ ബാഗ് തുറന്ന് കത്രികയും ചീപ്പും ട്രിമ്മറും ഷേവിങ്ങ് സെറ്റുമെല്ലാം എടുത്ത് റെഡി ആയി. അപ്പച്ചനെ പിടിച്ച് ഒരു കസേരയിലിരുത്തി. മുടി വെട്ടാനും ഷേവ് ചെയ്യാനും തുടങ്ങി. ഒരു കുഞ്ഞിനോടെന്നപോലെ അവൻ ആദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. തമാശകൾ പറയുന്നുണ്ട്. ചില താമാശകളിൽ അമ്മച്ചിയേയും ഉൾകൊള്ളിക്കുന്നുണ്ട്.
സ്വന്തം മകൻ പോലും ഇത്രയും സ്നേഹത്തോടെ കരുതലോടെ ഇതൊന്നും ചെയ്യുകയില്ലെന്നു തോന്നി. മനസ്സിന് എന്തോ വലിയൊരു ലാഘവത്വം അനുഭവപ്പെട്ടു. സംസാരത്തിൽനിന്ന് ഇത് ഇടയ്ക്കിടയ്ക്ക് ജെറിനച്ചൻ വന്നു ചെയ്തുകൊടുക്കുന്ന കാര്യങ്ങളാണെന്ന് എനിക്ക് മനസ്സിലായി. വൈകാതെ അപ്പച്ചനെ സുന്ദരനാക്കിയിട്ട് ഞങ്ങൾ അവിടെ നിന്ന് കുരിശും വരച്ച് തിരികെ പോന്നു. വൈകുന്നേരത്തെ പ്രാർത്ഥനാവേളയിലും ഭക്ഷണസമയതുമെല്ലാം ഞാൻ കൂട്ടുകാരനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ വളരെ ശാന്തനായി അവൻ കാണപ്പെട്ടു.
രാത്രി അത്താഴവും കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുമ്പോൾ എനിക്ക് കഴിഞ്ഞുപോയ സംഭവത്തെക്കുറിച്ച് ചോദിക്കാതിരിക്കാനായില്ല. കൊറോണ തുടങ്ങിയപ്പോൾ മുതൽ താൻ അവിടെ പോകുന്നുണ്ടെന്നും സഹായിക്കുന്നുണ്ടെന്നും അവനെന്നോട് പറഞ്ഞു. കൂടുതലൊന്നും പറയാതെ, ഒരു മന്ദഹാസം ഉള്ളിലൊളിപ്പിച്ച് അവൻ ഉറങ്ങാനായി പോയി.
ഞാൻ ഏതൊക്കെയോ മാസികകളുടെ താളുകളും മറച്ചുകൊണ്ട് അവിടെത്തന്നെ അൽപനേരം കൂടി ഇരുന്നു. ചെറിയ തണുപ്പുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ സുപ്പീരിയറച്ചൻ ഫ്‌ളാസ്‌ക്കിൽ വെള്ളമെടുക്കാനായി ഭക്ഷണമുറിയിലേക്ക് പോകുന്നതുകണ്ടു. എന്നെ കണ്ടതുകൊണ്ടാകാം അടുത്ത് വന്നു ക്ഷേമം അന്വേഷിച്ചു. വൈകീട്ട് നടത്തിയ ഭാവനസന്ദർശനത്തെക്കുറിച്ചും അതെന്നിൽ വരുത്തിയ പോസിറ്റീവ് എനർജിയെ കുറിച്ചുമെല്ലാം ഞാൻ വാതോരാതെ സംസാരിച്ചു. സുപ്പീരിയറച്ചൻ കസേര വലിച്ചിട്ടിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു. “ഇത് രണ്ടാം ഭാഗമാണ്. ഇതിനൊരു ഒന്നാം ഭാഗമുണ്ട്”. ഒന്നും മനസ്സിലാകാതെ ഞാൻ ഇരുന്നു. അച്ചൻ തുടർന്നു-:
ജെറിൻ അച്ചൻ്റെ രണ്ടാമത്തെ ട്രാൻസ്ഫർ എൻ്റെകൂടെ ………(സ്ഥലം) എന്ന സ്ഥലത്തായിരുന്നു. വളരെ ഉത്സാഹിയായ ജെറിനച്ചൻ ഒത്തിരി നല്ലകാര്യങ്ങൾ ചെയ്തിരുന്നു. ധാരാളം കോളേജുകളും സ്‌കൂളുകളും മറ്റും ഉണ്ടായിരുന്നതുകൊണ്ട് യുവജനങ്ങൾക്കിടയിൽ കാര്യമായി ന്മചെയ്യാൻ അച്ചനുസാധിച്ചു. ജീസസ് യൂത്തുമായി സഹകരിച്ച് പ്രാർത്ഥനാക്കൂട്ടായ്മകളും കോളേജുകളിൽ വി. കുർബ്ബാനയും കുമ്പസാരവും എല്ലാം സംഘടിപ്പിച്ചിരുന്നു. പല സന്നദ്ധ സംഘടനകൾ വഴിയായി പലതരത്തിലുള്ള സാമൂഹ്യപ്രവർത്തനങ്ങളും നടത്തിയിരുന്നു.
അങ്ങനെ പലർക്കും പഠിക്കാനും, ജോലി കണ്ടെത്താനും, കോളേജ് ഫീ അടക്കാനുമെല്ലാം അച്ചൻ കാര്യമായി പലതും ചെയ്തിരുന്നു. ആയിടെ ജെറിനച്ചനെ കാണാനായി ഒരു പെൺകുട്ടി ആശ്രമത്തിൽ വരാറുണ്ടായിരുന്നു, ജീന. അച്ചനെക്കാണാൻ അവിടെവന്നവരിൽ ഒരാൾ മാത്രമായിരുന്നു അവൾ.
വൈകാതെ അച്ചന് തങ്ങളുടെ മകളുമായി തെറ്റായ ബന്ധമാണെന്ന് ആരോപിച്ചുകൊണ്ട് ജീനയുടെ മാതാപിതാക്കൾ ആശ്രമത്തിലെത്തി. ഞാൻ ജെറിൻ അച്ചനെയും ജീനയുടെ മാതാപിതാക്കളെയും വിളിച്ച് സംസാരിച്ചു. അച്ചൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിരുവിട്ട യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും തീർത്തുപറഞ്ഞു. ജീനയുടെ മാതാപിതാക്കൾ ഭീഷണിയിലേക്കും ആക്രോശത്തിലേക്കും അവസാനം പോസ്റ്റർ പതിക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി. ആളുകൾ അറിഞ്ഞ് പ്രശ്നാമാകാൻ തുടങ്ങി. ജീനക്ക് നിശബ്ദത മാത്രമായിരുന്നു ഉത്തരം. സത്യാവസ്ഥ അറിയാനുള്ള എൻ്റെ പരിശ്രമങ്ങൾ എല്ലാം വൃഥാവിലായി. അവസാനം എനിക്ക് തന്നെ പ്രൊവിൻഷ്യാൾ അച്ചനെ വിളിച്ച് കാര്യങ്ങൾ പറയേണ്ടി വന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജെറിനച്ചനെ അവിടെ നിന്നും ട്രാൻസ്ഫർ നൽകി. ഭാരിച്ച മനസ്സോടെ, നിറഞ്ഞ കണ്ണുകളോടെ, എല്ലാവരുടെയും സംശയം നിറഞ്ഞ കണ്ണുകൾക്കുമുന്പിലൂടെ ജെറിനച്ചൻ യാത്ര പറയുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഒരുപരിധി വരെ ഞാനും സംശയിച്ചിരുന്നു.
വർഷങ്ങൾ 12 കഴിഞ്ഞു. ജീന വിവാഹം കഴിഞ്ഞു വിദേശത്തേക്ക് പോയി. ഞാൻ ഇങ്ങോട്ട് ട്രാൻസ്ഫർ ആയി വന്നത് കഴിഞ്ഞ വർഷമാണ്. ജെറിനച്ചനും പിന്നാലെ മാറ്റമായി ഇങ്ങോട്ടുവന്നു. കൊറോണയ്ക്ക് കുറച്ചുനാളുകൾ മുൻപാണ് ഇന്ന് നിങ്ങൾ പോയ വീട്ടിലെ ദമ്പതികൾ ഇവിടേക്ക് വിളിച്ചത്. അവരുടെ വീട്ടിൽ ചെല്ലണമെന്നും പ്രാർത്ഥിക്കണമെന്നും കുമ്പസാരിപ്പിക്കണമെന്നും ഒക്കെ ആവശ്യപ്പെട്ടപ്പോൾ ഞാൻ ജെറിൻ അച്ചനെ വിടുകയായിരുന്നു. ആ മാതാപിതാക്കൾ ജീനയുടെ മാതാപിതാക്കളാണെന്ന് എനിക്കറിയില്ലായിരുന്നു. അവർ നാട്ടിലെ വീട് മാറി ഇവിടെ സിറ്റിയിലെക്ക് വന്നു. വർഷങ്ങൾ 12 കടന്നുപോയതുകൊണ്ടും കണ്ണും ചെവിയും വേണ്ടവിധം തിരിയാത്തതുകൊണ്ടും അവർക്ക് ജെറിനച്ചനെ മനസ്സിലായില്ല. ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല എന്നാണു എനിക്ക് തോന്നുന്നത്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ജെറിനച്ചൻ അവിടെ പോകും. അവരെ ശുശ്രൂഷിക്കും. തമാശ പറയും. അവരുടെ മകനെപ്പോലെ അവരെ സ്നേഹിക്കും” – പറഞ്ഞു നിറുത്തിയിട്ട് എനിക്ക് ശുഭരാത്രിയും നേർന്ന് സുപ്പീരിയറച്ചൻ മടങ്ങി.
സന്തോഷകരമായ ദിവ്യരഹസ്യങ്ങളിൽ രണ്ടാമത്തേത് മറിയം ഏലീശ്വായെ സന്ദർശിക്കുന്നതാണ്. ഒഴിവാക്കാമായിരുന്ന ഒരു സന്ദർശനം. ഏലീശ്വായെക്കുറിച്ച് പറഞ്ഞ ഗബ്രിയേൽ ദൈവദൂതൻ മറിയത്തിനോട് അങ്ങോട്ട് പോകണമെന്നൊന്നും ആവശ്യപ്പെട്ടില്ല. അല്ലെങ്കിലും ദൈവപുത്രൻ ഉരുവായ ഈ വയറും വച്ചുകൊണ്ട് ആ മലഞ്ചെരിവിലൂടെ യാത്ര പോകേണ്ടതൊന്നുമില്ല. ഒഴിവാക്കാൻ എത്രയോ കാരണങ്ങളുണ്ട്. ഏലീശ്വാമ്മ മറിയത്തെ ഒന്നും അറിയിച്ചിട്ടില്ല. വരാനും ആവശ്യപ്പെട്ടിട്ടില്ല. ഒരു കുഞ്ഞിനെപ്പളും പ്രസവിക്കാത്ത, ഗർഭിണിയാകാത്ത മറിയം ഏലീശ്വാക്ക് എന്ത് സഹായം നൽകാനാണ്? ചിന്തിച്ചാൽ പോകാതിരിക്കാൻ കാരണങ്ങൾ നിരവധിയുണ്ട്.
സന്ദർശിക്കാതിരിക്കാനല്ല, സന്ദർശിക്കാനാണ് മറിയം വഴികൾ തേടിയത്. അത് കണ്ടെത്താൻ അവൾക്ക് പ്രയാസമുണ്ടായിരുന്നില്ല. ജീവിതത്തിൽ ഉപേക്ഷിക്കാനും വേണ്ടെന്നു വയ്ക്കാനും നമുക്ക് ആയിരത്തിലധികം കാരണങ്ങൾ കണ്ടെത്താനായേക്കും. എന്നാൽ ചേർത്തുപിടിക്കാനും, സാരമില്ല എന്നുപറയാനും, പുതിയൊരു ആരംഭം കുറിക്കാനും കാരണങ്ങൾ തേടുമ്പോഴാണ് നാം മറിയമാകുന്നത്. നമ്മുടെ സന്ദർശനങ്ങൾ, മറിയത്തിൻ്റെതുപോലെ വിശുദ്ധമായ സന്ദർശനങ്ങൾ ആകുന്നത്. മറിയം എത്തിയമാത്രയിൽ ഏലീശ്വാമ്മയുടെ ഉള്ളിലെ ശിശു കുതിച്ചുചാടിയതും അതുകൊണ്ടാണ്.
ചില സ്ഥലങ്ങളും ആളുകളും ഭവനങ്ങളൂം ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം നമ്മെ അസ്വസ്‌ഥമാക്കുന്നില്ലേ? ചില മുഖങ്ങൾ ഇനിയൊരിക്കലും കാണാതിരുന്നെങ്കിൽ എന്ന് നാം ആശിക്കുന്നില്ലേ? ഇത് തീരുമാനങ്ങളിൽ മാറ്റം വരുത്തേണ്ട സമയമാണ്. ചില വഴികൾ മേലിൽ ഉപേക്ഷിക്കരുത്. ചില വാതിലുകളിൽ ഇനി മുട്ടിയെ മതിയാകൂ. ചില മുഖങ്ങൾ ഇനി അന്ന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.
നന്നായി പാടുകയും പ്രസംഗിക്കുകയും എഴുതുകയും വരയ്ക്കുകയും ഒക്കെ ചെയ്യുന്ന ജെറിനച്ചനോട് ജീനയ്ക്ക് ഒരു ആകർഷണം തോന്നിയിരുന്നു. അവളത് അച്ചനോട് സൂചിപ്പിച്ചപ്പോൾ മുതൽ അച്ചൻ അവളെ പരമാവധി ഒഴിവാക്കാൻ തുടങ്ങി. അതിൽ ദേഷ്യം തോന്നി ജീന എന്തൊക്കെയോ അവളുടെ മാതാപിതാക്കളെ ധരിപ്പിച്ചു. ആ വെറും വാക്കുകളാണ് ജെറിനച്ചനെ ഇന്നും പലരുടെയും മുന്നിൽ സംശയത്തോടെ നിൽക്കാൻ ഇടയാക്കുന്നത്.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് തല മരയ്ക്കുന്നതായി തോന്നി. ഞാൻ എഴുന്നേറ്റ് അവൻ്റെ മുറിയിലേക്ക് ചെന്നു. വാതിലടച്ചു അവൻ കിടന്നിരുന്നു. അടുത്തമുറിയിൽ ക്രിസ്തു ഉറങ്ങുന്നുണ്ടെന്ന ബോധ്യത്തിൽ ഞാൻ എൻ്റെ മുറിയിലേക്ക് നടന്നു.
.
🖋Fr Sijo Kannampuzha OM