ബെംഗളൂരു: മതപരിവർത്തനമെന്ന പേരിൽ കര്‍ണാടകയിലെ ക്രൈസ്തവ ദേവാലയങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുവാനുള്ള പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ തീരുമാനത്തിൽ വിമർശനവുമായി ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റർ മച്ചാഡോ. ഇത് പൂര്‍ണ്ണമായും അനാവശ്യമായ തീരുമാനമാണെന്നും, മതവിരുദ്ധ വികാരങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സര്‍വ്വേകള്‍ നടത്തുന്നത് അപകടകരമാണെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു. തങ്ങളുടെ വൈദികരെയും, സന്യസ്തരെയും തിരിച്ചറിയുവാനും, ആക്രമിക്കപ്പെടാനും ഈ സര്‍വ്വേ കാരണമാകുമെന്ന ആശങ്കയും മെത്രാപ്പോലീത്ത പ്രസ്താവനയിൽ പങ്കുവെക്കുന്നുണ്ട്.
ഉത്തരേന്ത്യയിലും, കര്‍ണാടകയിലും ഇത്തരം സംഭവങ്ങള്‍ തങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധനാലയങ്ങളേയും, സഭാ നേതാക്കളേയും കുറിച്ച് മാത്രം സര്‍വ്വേ നടത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച മെത്രാപ്പോലീത്ത വിശാലമനസ്കനായ വ്യക്തിയെന്ന് തങ്ങള്‍ വിചാരിച്ചിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വര്‍ഗ്ഗീയവാദികളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങിയതിലുള്ള ദുഃഖവും പ്രകടിപ്പിച്ചു.
ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളും കണക്കിലെടുത്താല്‍ തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ ക്രിസ്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെകുറിച്ച് ഏതാണ്ടൊരു ആശയം ലഭിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ എത്രപേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം ചെയ്യുന്നവരാണെങ്കില്‍ ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞുവരുന്നതിന്റെ കാരണമെന്തെന്നും മെത്രാപ്പോലീത്ത ചോദ്യമുയർത്തി.
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുവാന്‍ ഭരണഘടന അനുശാസിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട്, പിന്നൊരു മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ആവശ്യകതയുണ്ടോയെന്നും മെത്രാപ്പോലീത്ത ചോദിച്ചു. പള്ളിയില്‍ പോകുന്നത് കൊണ്ടോ ക്രിസ്ത്യന്‍ മതപ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടോ ഒരാള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പറയുവാന്‍ കഴിയില്ലെന്ന മദ്രാസ് ഹൈകോടതിയുടെ പരാമര്‍ശത്തേ ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രൈസ്തവ സമൂഹം ദേശസ്നേഹികളാണെന്നും, സര്‍ക്കാരിന്റെ പ്രോത്സാഹനവും, പിന്തുണയും ക്രിസ്ത്യന്‍ സമൂഹത്തിനും ആവശ്യമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്.
ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.