റോമൻ ആരാധനാക്രമത്തിൽ തപസുകാലത്തിൽ ദേവാലയത്തിലെ ക്രൂശിതരൂപവും വിശുദ്ധന്മാരുടെ രൂപങ്ങളും വയലറ്റ് നിറമുള്ള തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ട്. അതിനുപിറകിലെ കാരണങ്ങളും പശ്ചാത്തലവും നമുക്ക് മനസ്സിലാക്കാം.

കാലം

തപസുകാലത്തിലെ 5-ആം ഞായറിലാണ് ഇത്തരത്തിൽ രൂപങ്ങൾ മറയ്ക്കുക. അന്ന് മറയ്ക്കുന്ന ക്രൂശിതരൂപം ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകൾക്കിടയിൽ അനാവരണം ചെയ്യും. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്ററിന്റെ ജാഗരണത്തിന്റെ സമയത്താണ് അനാവൃതമാക്കുക. ചില ഇടങ്ങളിൽ ഓശാന ഞായറിലാണ് രൂപങ്ങൾ മറയ്ക്കുക.

ചരിത്രപരമായ വിശദീകരണങ്ങൾ

1. ക്രൂശിതരൂപങ്ങൾ മറയ്ക്കുന്ന പതിവിനു പുരാതനത്വം ഉണ്ടെങ്കിലും നിലവിൽ കണ്ടെത്താനാവുന്ന ചരിത്ര സന്ദർഭം ഒൻപതാം നൂറ്റാണ്ടിൽ ജർമനിയിൽ ഉണ്ടായിരുന്ന ഒരു ആചാരത്തിലാണ്. അക്കാലത്തു ദേവാലയങ്ങളിൽ ഒരു വലിയ തിരശീലകൊണ്ട് (Hunger Cloth) അൾത്താരയെ മുഴുവൻ വിശ്വാസികളിൽ നിന്നും മറച്ചിരുന്നു. പീഡാനുഭവ വായനയ്ക്കിടയിൽ “ദേവാലയത്തിലെ തിരശീല നടുവേ കീറി ” എന്ന ഭാഗം വായിച്ചതിനുശേഷമാണ് ക്രൂശിതരൂപം അനാവൃതമാക്കിയിരുന്നത്.

2 . തപസ്സുകാലം ആരംഭിക്കുന്ന സമയത് പാപപ്രായച്ഛിത്ത പ്രവൃത്തികൾ ചെയ്തിരുന്നവരെ അനുഷ്ഠാനത്തിന്റെ ഭാഗമായി ദേവാലയത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് അവരെ ദേവാലയത്തിൽ നിന്നും പുറത്താക്കുന്നതിനു പകരം തിരശീലകൊണ്ട് അൾത്താര മറയ്ക്കുന്ന പതിവ് പ്രചാരത്തിൽ ആയി. ഈ അനുഷ്ഠാനത്തിന്റെ അവശേഷിപ്പാണ് ഇന്ന് കാണുന്നത് എന്ന വിശദീകരണവും ഉണ്ട്.

3. ക്രൂശിതരൂപങ്ങൾ രത്നങ്ങളും മറ്റുംകൊണ്ട് അലങ്കരിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതിനാൽ തപസ്സുകാലത്ത് യേശുവിന്റെ സഹനങ്ങളെ ധ്യാനിക്കുന്നതിനാൽ അലങ്കരിക്കപ്പെട്ട ആ രൂപങ്ങൾ തുണികൾകൊണ്ട് മറച്ചിരുന്നുവത്രെ.

ദൈവശാസ്ത്രപരമായ വിശദീകരണങ്ങൾ:

1. 13-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Bishop William Durandus of Mende (Southern France) നൽകുന്ന വ്യാഖ്യാനമനുസരിച് യേശുവിന്റെ പീഡാനുഭവം എന്നത് അവിടുന്ന് സ്വന്തം ദൈവീകത മറച്ചുവച്ചതിന്റെ ഫലമാണ്. യേശുവിന്റെ ദൈവീകത മറയ്ക്കപ്പെട്ടത്തിന്റെ അടയാളമായാണ് ദൈവാലയത്തിലെ രൂപങ്ങൾ മറയ്ക്കുന്നത്.

2. Abbot Gueranger നൽകുന്ന വിശദീകരണം മറ്റൊന്നാണ്. യോഹന്നാൻ 8:59-ൽ യേശുവിനെ എറിയാനായി യഹൂദ പ്രമാണികൾ കല്ലുകൾ എടുക്കുമ്പോൾ “അവൻ അവരിൽ നിന്ന് മറഞ്ഞു ദൈവാലയത്തിനു പുറത്തേക്കുപോയി” എന്ന് നാം വായിക്കുന്നുണ്ട്. അവിടുത്തെ പീഡാനുഭവത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരുക്കമായി ലോകത്തിൽ നിന്നും മറഞ്ഞതിന്റെ ഓർമ്മക്കായാണ് രൂപങ്ങൾ മൂടുന്നത്.

3. യോഹന്നാൻ 8:59-ൽ യേശുവിനുണ്ടായ അപമാനത്തിന്റെ സ്മരണയാണ് രൂപം മറയ്ക്കുന്നതിലൂടെ വിശ്വാസികളിൽ ഉണർത്തുന്നത് എന്ന വിശദീകരണവും നല്കപ്പെട്ടിട്ടുണ്ട്. കുരിശിൽ യേശുവിന്റെ ദൈവീകത മാത്രമല്ല മാനുഷികത കൂടി എടുത്തുമാറ്റപ്പെടുകയായിരുന്നു. മനുഷ്യരൂപമല്ലാത്തതുപോലെ അവിടുത്തെ ശരീരം വികൃതമാക്കപ്പെട്ടു. സങ്കീർത്തകൻ 22;6 -ൽ നടത്തുന്ന പ്രവചനം ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: “ഞാൻ മനുഷ്യനല്ല കൃമിയാത്രെ. മനുഷ്യർക്കു നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും”. അതിനാൽ യേശിവിന്റെ ദൈവീകതയും മാനുഷികതയും അപമാനിക്കപ്പെട്ടതിന്റെയും “ഇല്ലാതാക്കപ്പെട്ടതിന്റെയും” അടയാളമായാണ് ക്രൂശിതരൂപം മറയ്ക്കപ്പെടുന്നത്.

പ്രായോഗിക വിശദീകരങ്ങൾ

1. ഇക്കാലം ഒരു സാധാരണകാലമല്ലെന്നു ഓര്മപ്പെടുത്തുന്നതിനായി രൂപം മറയ്ക്കുന്നു.

2. പീഡാനുഭവസ്മരണ ഉണർത്തുന്നതാണെങ്കിലും ദൈവാലയത്തിൽ രൂപങ്ങൾ സുന്ദരമായ കാഴ്ചകളാണ്. വിശുദ്ധവാരത്തിൽ കാതിനിമ്പമുള്ള മണിനാദത്തിനു പകരം മരമണി മുഴക്കുന്നതുപോലെ കണ്ണിനിമ്പമുള്ള കാഴ്ചകൾ ഉപേക്ഷിക്കുന്നതിനായി തിരുസ്വരൂപങ്ങൾ മറയ്ക്കുന്നു.

3. യാഥാർഥ്യബോധത്തോടെ യേശുവിന്റെ പീഡാനുഭവധ്യാനത്തിലേക്ക് പ്രവേശിക്കാൻ മറയ്ക്കപ്പെട്ട ക്രൂശിതരൂപം നമ്മെ സഹായിക്കുന്നു. ക്രൂശിത രൂപങ്ങളെല്ലാം മറയ്ക്കപ്പെട്ട സാഹചര്യത്തിൽ ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിക്കുശേഷം ദൈവാലയത്തിലെത്തി നടത്തുന്ന ശുശ്രൂഷയ്ക്കിടയിൽ മറയ്ക്കപ്പെട്ട ക്രൂശിതരൂപം ഉയർത്തി “ഇതാ ഇതാ കുരിശുമരം, ഇതിലാണ് ലോകൈകരക്ഷകൻ മരിച്ചത്” എന്ന് പാടി രൂപാം അനാച്ഛാദനം ചെയ്യുമ്പോൾ യേശുവിന്റെ പീഡാസഹനമരത്തിൽ കൂടുതൽ യാഥാർഥ്യ ബോധത്തോടെ വിശ്വാസിക്ക് പങ്കു ചേരാനാകും. അതിനുശേഷം മൃതരൂപവുമായി നാഗരികാണിക്കലിന് പോകുമ്പോൾ യാഥാർത്ഥമരണത്തിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. അതിനാൽ ഇത്തരത്തിലുള്ള ആചാരണങ്ങൾ ആരാധനാക്രമത്തെ കൂടുതൽ ജീവിതഗന്ധിയാക്കിതീർക്കുന്നു എന്ന് പറയാം. അതുതന്നെയാണ് റോമൻ ആരാധനക്രമത്തിന്റെ സൗന്ദര്യവും.

എന്തുകൊണ്ട് വിശുദ്ധരുടെ രൂപങ്ങൾ മറയ്ക്കുന്നു?

യജമാനന്റെ ഓർമയുടെ അടയാളങ്ങൾ മറയ്ക്കപ്പെടുമ്പോൾ ദാസരുടെ സ്മരണയ്ക്ക് പ്രസക്തിയില്ലല്ലോ. അക്കാരണത്താലാണ് പിൽക്കാലത്തു കുരിശു രൂപത്തോടൊപ്പം വിശുദ്ധരുടെ രൂപങ്ങളും മറയ്ക്കുവാൻ തുടങ്ങിയത്. മാത്രമല്ല യേശുവിന്റെ രക്ഷാകരമായ മരണവും ഉത്ഥനവും യാഥാർഥ്യമാകാതെ വിശുദ്ധർക്ക് പ്രസക്തി ഉണ്ടാവുന്നില്ലല്ലോ.

എങ്ങനെയാണ് രൂപം മറയ്ക്കുന്നത്?

തപസുകാലത്തിൽ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന നിറം വയലറ്റാണല്ലോ. അതിനാൽ വയലറ്റ് നിറമുള്ള തുണി കൊണ്ടാണ് രൂപങ്ങൾ മറയ്‌ക്കേണ്ടത്. കുരിശിന്റെ വഴിയുടെ ചിത്രങ്ങളോ സ്‌റ്റൈൻ ഗ്ളാസുകളോ മറയ്‌ക്കേണ്ടതില്ല. ക്രൂശിതരൂപം ദുഖവെളിയാഴ്ച ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷം അനാവരണം ചെയ്യാം. എന്നാൽ വിശുദ്ധരുടെ രൂപങ്ങൾ ഈസ്റ്റർ ജാഗരണത്തിനു മുൻപ് മാത്രമേ അനാവരണം ചെയ്യാവൂ.

Ave Maria Vachanabhishekam

നിങ്ങൾ വിട്ടുപോയത്