വികലാംഗരും സഭയും

ലോക വികലാംഗ ദിനം

വൈദികൻ ആയി ആദ്യമായി ഏറ്റെടുത്ത ശുശ്രൂഷ വികലാംഗർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതായിരുന്നു. എന്റെ ടെംപറമെന്റിനോ, അഭിരുചികൾക്കോ വഴങ്ങുന്ന പണിയല്ല അതെന്ന് ഏറ്റെടുത്ത എനിക്കും ഏൽപിച്ച അധികാരികൾക്കും അറിയാമായിരുന്നു. മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ സിദ്ധിവികസനം അവരുടെ കുടുംബങ്ങളുടെ ക്ഷേമപ്രവർത്തനം എന്നിവ ആയിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത്, അതിനുള്ള അറിവോ വൈഭവമോ ഇല്ലാതിരുന്നിട്ടു കൂടി. ഇരുപത് വർഷങ്ങൾക്ക് മേലെ ദൈർഘ്യമുള്ള എന്റെ വൈദിക ജീവിതത്തിലെ സുവർണ്ണ വർഷങ്ങളായിരുന്നു അവരോടൊപ്പം ചെലവിട്ട രണ്ടര വർഷക്കാലം. വൈദികൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഇന്ന് ഞാൻ എന്താണോ അതിന്റെ അടിത്തറ ആ രണ്ടര വര്ഷങ്ങളാണ്.

ഇവിടെ പഞ്ചാബിൽ ഞാൻ ആരംഭിച്ചിട്ടുള്ള സ്‌കൂൾ ഒരു ഇന്റഗ്രേറ്റഡ് സ്‌കൂൾ ആയി വളരണം എന്നതാണ് സ്വപനം. പരിസരത്തുള്ള ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അത്തരത്തിലുള്ള കുട്ടികൾ അവിടങ്ങളിൽ ഉണ്ടോ എന്നായിരിക്കും എന്റെ കണ്ണുകൾ ചിലപ്പോൾ അന്വേഷിക്കുന്നത്. എന്റെ ഒരു നിർധനനായ വിദ്യാർത്ഥിയുടെ സഹോദരൻ ഡൗണ് സിൻഡ്രം ബാധിതനാണ്. ഇപ്പോൾ മൂന്നര വയസുണ്ട്. സ്ഥല പരിമിതിയും, ഒരു സ്‌പെഷ്യൽ ടീച്ചറെ നിയമിക്കാനുള്ള ശേഷി ഇല്ലായ്മയുമാണ് അവർക്ക് വേണ്ടിയുള്ള ശുശ്രൂഷ വൈകിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.

വിശേഷ വൈഭവമുള്ള (സ്പെഷ്യലി ടാലന്റഡ്, ഡിഫെറെന്റലി എബിൾഡ്) വ്യക്തികൾക്കായി കത്തോലിക്കാ സഭ നിരവധി സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. സഭയുടെ നിരവധി വൈദികരും, സന്യാസിനികളും, വിശ്വാസികളും അതുല്യമായ സേവനം നിശബ്ദമായും പ്രശസ്തി ആഗ്രഹിക്കാതെയും ആ മേഖലയിൽ ചെയ്യുന്നുണ്ട്. എന്നാലും മുഖ്യധാരാ വൈദിക നേതൃത്വം അവരുടെ യാഥാർഥ്യങ്ങളിൽ നിന്ന് തുലോം അകലെയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്താം. അതൊക്കെ നമ്മുടെ ആരാധനയിലും ആത്മീയതയിലും പ്രതിഫലിക്കുകയും ചെയ്യും. വിദേശത്ത് ഇപ്പോൾ തഴച്ചു വളർന്നു കൊണ്ടിരിക്കുന്ന ഒരു സീറോമലബാർ രൂപതയിൽ രണ്ടു പുതിയ പള്ളികൾ പണിയാനുള്ള മുനിസിപ്പൽ നടപടിക്രമങ്ങൾക്കായി പേപ്പർവർക്കുകൾ നടക്കുന്നു. വലിയ പള്ളിയുടെ കാര്യത്തിൽ, ഡിസൈൻ പ്രകാരം മദുബഹായിലേക്ക് കയറാൻ റാംപ് വേണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നു. ചെറിയ പള്ളിയുടെ കാര്യത്തിൽ അത് ഉണ്ടായില്ല (പടികളുടെ എണ്ണമോ, ഉയരമോ കുറവായിരുന്നിരിക്കും). ഉത്തരവാദപ്പെട്ട വൈദികൻ കമ്മറ്റിയോട് വിശദീകരിക്കുന്നു: “ദൈവകൃപയാൽ ചെറിയ പള്ളിയുടെ കാര്യത്തിൽ റാമ്പിന് സർക്കാർ ഒഴിവ് നൽകി”. ഇതിൽ ദൈവകൃപ എന്താണ് എന്ന് ആലോചിച്ചു നോക്കിയിട്ട് ഒന്നും പിടി കിട്ടുന്നില്ല. കമ്മിറ്റിയിൽ ഇരിക്കുന്ന ഒരു വിശ്വാസിയുടെ കുട്ടി മസ്കുലർ ഡിസ്ട്രഫി ബാധിച്ച ആളാണ്. മറ്റൊരു സജീവ അംഗത്തിന്റെ കുട്ടി ഓട്ടിസം ബാധിച്ച ആളാണ്. എനിക്കറിയാത്ത മറ്റു കേസുകളും ഉണ്ടാവും. നാം സൃഷ്ടിച്ചു വെച്ചിരിക്കുന്ന മദുബഹയുടെ ചിത്രത്തിലും, ആരാധനയുടെ ഘടനയിലും പൂർണ്ണാരോഗ്യവന്മാരും സുന്ദരികളുമായവർക്ക് മാത്രേ പ്രവേശനം ഉണ്ടാവൂ. ക്രിസ്തുവിന്റെ ആരാധനാ വേദി അന്ധരും, മുടന്തരും, ബധിരരും, രോഗികളും, ആയ ധാരാളം പേരാൽ നിറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, അവിടുത്തെ പക്കലണയാൻ (ആക്‌സസ് ടു ഹിം) തടസങ്ങളേതുമില്ല എന്നാണ് നാം മനസിലാക്കേണ്ടത്. ആരാധനയുടെ ദിശയുടെയും, നിലപാടുകളുടെയും പേരിൽ കലഹിക്കുന്നവർ ആദ്യം ചിന്തിക്കേണ്ടതും, തങ്ങളുടെ മനോഭാവങ്ങളും പ്രവർത്തികളും ആരെയെങ്കിലും ദൈവസന്നിധിയിലേക്ക് അണയുന്നതിന് തടസ്സപ്പെടുത്തുന്നുണ്ടോ എന്നു മാത്രമാണ്.

ഈ ആറാം തീയതി മുതൽ ആഗോള സഭ വൈകല്യമുള്ളവരുടേതും കൂടിയാണ് സഭ ‘I am Church’  എന്ന ഹാഷ്ടാഗിൽ വമ്പിച്ച കാര്യപരിപാടികൾ നടത്തുന്നുണ്ട്. നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടോ എന്നു ആലോചിക്കാം.

കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ, ഇന്ന് സഭ നിശ്ശബ്ദരാക്കപ്പെട്ട വിശ്വാസികളുടേത് കൂടിയാണ് എന്നു പറയാം. അംഗ പരിമിതർ അല്ലെങ്കിലും വലിയൊരു വിഭാഗം വിശ്വാസികളും സന്യാസികളും വൈദികരും നിശ്ശബ്ദരാക്കപ്പെട്ടവരാണ്. സംസാരിക്കാൻ ഇടവും അവസരവും ശേഷിയും ഇല്ലാത്തതിനാലോ, ന്യൂനപക്ഷങ്ങളായ സ്വാർത്ഥ വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന നുണകളാലും, അർദ്ധസത്യങ്ങളാലും വശംവദരാകുന്നതിനാലോ സഭയിൽ വെറും പ്രേക്ഷകനായോ ആർത്ഥികസംഭാവനകൾ വഴി ഈ വലിയ സൗധത്തെ താങ്ങി നിർത്താനുള്ളവനായോ ഒതുങ്ങിപോകുന്നവർ.

ഈ സഭയെ നമ്മുടേത് കൂടി ആകേണ്ടതുണ്ട് ഇനിയുള്ള കാലത്ത്

Jose Vallikatt

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം