ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയില്ലാതെ നിത്യരക്ഷയിലേക്കുള്ള മാർഗം അചന്തനീയമാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് ബിഷപ്പ് ഹിലാരിയോൺ അൽഫെയ്‌വ്. വിശുദ്ധ കൂദാര പരികർമം ചെയ്യുന്നത് വൈദികനോ ബിഷപ്പോ അല്ല മറിച്ച്, ക്രിസ്തുതന്നെയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ സമ്മേളിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പ്രഭാഷണം നടത്തുകയായിരുന്നു മോസ്‌ക്കോ പാത്രിയാർക്കേറ്റിലെ ‘ഡിപ്പാർട്ട്‌മെന്റ് ഫോർ എക്‌സ്റ്റേണൽ ചർച്ച് റിലേഷൻസ്’ അധ്യക്ഷനും വോളോകോലാംസ്‌കിലെ ബിഷപ്പുമായ അദ്ദേഹം.

കത്തോലിക്കാ, ഓർത്തഡോക്സ് സഭാംഗങ്ങൾ വിശുദ്ധ കുർബാനയിൽ ഒന്നിക്കുന്നില്ല. എങ്കിലും വിശുദ്ധ കുർബാനയിലെ ക്രിസ്തുസാന്നിധ്യത്തെ കുറിച്ചുള്ള വിശ്വാസം നമ്മെ ഐക്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാന അർപ്പണത്തിൽ സത്താപരമായ മാറ്റത്തിലൂടെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളായി മാറുന്നു. വിശുദ്ധ കുർബാന അർപ്പണം സർവോപരി സ്ഥലത്തെയും സമയത്തെയും മറികടക്കുന്ന ആരാധനയാണെന്ന് ഓർത്തഡോക്‌സ് സഭ ഉറച്ചുവിശ്വസിക്കുന്നു.

വിശുദ്ധ കുർബാനയിൽ അവിടുന്ന് സ്വർഗീയ മണ്ഡലത്തെ ഭൗമിക മണ്ഡലവുമായും, മരിച്ചവരെ ജീവിക്കുന്നവരുമായും, മാലാഖമാരെ മനുഷ്യരുമായും വിശുദ്ധരെ പാപികളുമായും ഐക്യപ്പെടുത്തുന്നു. വിശുദ്ധ കുർബാനയിലെ കൂദാശാ വചനങ്ങൾ ഉച്ചരിക്കുന്ന സമയത്ത് വൈദികർ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ക്രിസ്തു തന്നെയാണ് കൂദാശ പരികർമം ചെയ്യുന്നത്. വിശുദ്ധ കുർബാനയില്ലാതെ രക്ഷയിലേക്കുള്ള മാർഗം ചിന്തിക്കാനാവില്ല. സഭയില്ലാതെ രക്ഷയില്ല, വിശുദ്ധ കുർബാനയില്ലാത്ത സഭയെയും സങ്കൽപ്പിക്കാനാവില്ല. അതിനാൽ സഭ, വിശുദ്ധ കുർബാന, നിത്യരക്ഷ എന്നീ ആശയങ്ങൾ ദൈവശാസ്ത്രത്തിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ക്രൈസ്തവ വിഭാഗമാണ് ഓർത്തഡോക്‌സ് സഭ. കത്തോലിക്കാ ജനസംഖ്യ ഏതാണ്ട് 130 കോടിയാണ്. 22 കോടിയിൽപ്പരം വരും ഓർത്തഡോക്‌സ് വിശ്വാസികളുടെ എണ്ണം. ഇതിൽ 11 കോടിയോളം റഷ്യൻ ഓർത്തഡോക്‌സ് സഭാംഗങ്ങളാണ്. ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ നടത്തിയ പ്രസ്താവനകളിലൂടെയും ശ്രദ്ധേയനാണ് ബിഷപ്പ് ഹിലാരിയോൺ.