വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത്‌ യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള തെറ്റായ ഒരു ചിന്താഗതിയാണ്. മിശിഹായിൽ പൂർത്തിയായ രക്ഷാകര സംഭവങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പുനരവതരിപ്പിക്കുകയാണ് സഭയുടെ ആരാധനാക്രമത്തിൽ ചെയ്യുന്നത്. ഉദാഹരണമായി, വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിക്കുന്ന ധൂപം, തിരുവസ്‌ത്രങ്ങള്‍, തിരികള്‍, ഗാനങ്ങള്‍ തുടങ്ങിയവ അര്‍ത്ഥവത്തായ രീതിയില്‍ വിശുദ്ധ ബലിയില്‍ സംബന്ധിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നവയാണ്‌.

ദേവാലയത്തിന്റെ പ്രതീകാത്മകതയും ഇതിനോടു ചേര്‍ന്നുപോകുന്നവയാണ്‌. മദ്‌ബഹാ സ്വര്‍ഗീയജറുസലെമായും വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലമായ ഹൈക്കല ഭൂമിയായും വചനവേദി അഥവാ ബേമ്മ ഭൗമികജറുസലെമായും ആണ്‌ കണക്കാക്കപ്പെടുന്നത്‌. അങ്ങനെ ആരാധകര്‍ ദേവാലയത്തില്‍ സ്വര്‍ഗത്തിന്റെ മുന്നാസ്വാദനം അനുഭവിക്കുന്നു. അതുപോലെ, ബലിപീഠവും കുരിശും കുരിശടയാളവും ശാരീരികാനുഷ്‌ഠാനങ്ങളും എല്ലാം വിശുദ്ധ കുർബാനയെ ചൈതന്യവത്തായി അവതരിപ്പിക്കുന്നവയാണ്‌.

ഇന്ന്‌ ദേവാലയത്തിന്റെയും ആരാധനക്രമത്തിന്റെയും പ്രതീകാത്മകത അവഗണിക്കപ്പെടുന്നതാണ് നാം കാണുന്നത്. പ്രതീകങ്ങളെക്കുറിച്ച്‌ നാം വെച്ചുപുലര്‍ത്തുന്ന മുന്‍വിധികളും അജ്ഞതയും സഭയുടെ യുക്തിക്കു പകരമായി സ്വന്തം യുക്തിയെ പ്രതിഷ്‌ഠിക്കുന്നതുമാണ് ഇതിനു കാരണം. തല്‍ഫലമായി അര്‍ത്ഥവത്തായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അന്ധവിശ്വാസമെന്നപോലെ പുറത്താക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി, മുന്‍വിധികളുടെ പേരില്‍ വചനവേദി എന്ന അര്‍ത്ഥവത്തായ പ്രതീകത്തെ തള്ളിക്കളയുന്ന പ്രവണത ഇന്ന് കാണുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ സഭാപ്രബോധനങ്ങള്‍ വചനവേദിയെക്കുറിച്ച്‌ എന്താണു പറയുന്നതെന്ന്‌ അന്വേഷിക്കുന്നത്‌ യുക്തമായിരിക്കും.

വചനവേദിയുടെ പ്രാധാന്യം!

Eglise Notre-Dame de Revel – Interior – Pulpit

ഗ്രീക്ക്- ലത്തീൻ ക്രൈസ്തവ പാരമ്പര്യത്തിൽ Ambo എന്ന് ഈ സംവിധാനത്തെ വിളിക്കുമ്പോൾ സുറിയാനി പാരമ്പര്യത്തിൽ ബേമ്മ(Bemma )എന്നാണ് വിളിക്കുന്നത്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വി. കുര്‍ബാനയില്‍ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ സ്‌പഷ്‌ടമായി പറയുന്നുണ്ട്‌. “വിശുദ്ധ കുര്‍ബാനയുടെ ആഘോഷം നൂറ്റാണ്ടുകളിലൂടെ നമ്മുടെ കാലഘട്ടം വരെ പരിരക്ഷിക്കപ്പെട്ട ഒരു മൗലികഘടനയനുസരിച്ചാണ്‌ വികസിച്ചു വന്നത്‌. മൗലികമായ ഐക്യമുള്ള രണ്ടു വലിയ ഭാഗങ്ങള്‍ അതായത്‌, വചനശുശ്രൂഷ, അനാഫൊറ എന്നിവ അതിനുണ്ട്‌. വചനശുശ്രൂഷയും അനാഫൊറയും ഒന്നിച്ച്‌ `ആരാധനയുടെ ഒറ്റപ്രവൃത്തി’ ആയി രൂപപ്പെടുന്നു. വിശുദ്ധ കുര്‍ബാനയില്‍ നമുക്കായി സജ്ജീകരിക്കപ്പെട്ട വിരുന്നുമേശ ദൈവവചനത്തിന്റെയും കര്‍ത്താവിന്റെ ശരീരത്തിന്റെയും വിരുന്നുമേശയാണ്‌” (സിസിസി, നമ്പര്‍ 1346). വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വേറൊരു ഭാഗത്തും മതബോധനഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്‌. “വചനശുശ്രൂഷയുടെ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ സന്ദേശം അറിയിക്കുവാന്‍ ഉചിതമായ ഒരു സ്ഥാനം ദേവാലയത്തില്‍ ഉണ്ടായിരിക്കണമെന്ന്‌ ദൈവവചനത്തിന്റെ മഹത്വം ആവശ്യപ്പെടുന്നു” (സിസിസി, നമ്പര്‍ 1184).

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖ ഇങ്ങനെ പഠിപ്പിക്കുന്നു. “ദിവ്യബലിയുടെ രണ്ട്‌ ഭാഗങ്ങളെന്നപോലെ സ്ഥിതി ചെയ്യുന്ന ദൈവവചനശുശ്രൂഷയും ബലിയര്‍പ്പണശുശ്രൂഷയും ഒരൊറ്റ ദൈവാരാധനയാകത്തക്കവിധം അത്ര ഗാഢമായി യോജിച്ചാണിരിക്കുന്നത്‌” (എസ്‌സി, 56). ക്രിസ്‌തുവിന്റെ ശരീരമാകുന്ന മേശയെക്കുറിച്ചും ദൈവവചനമാകുന്ന മേശയെക്കുറിച്ചും ദൈവാവിഷ്‌ക്കരണത്തെക്കുറിച്ചുള്ള പ്രമാണരേഖയും പറയുന്നുണ്ട്‌. “സംപൂജ്യമായ ആരാധനക്രമത്തില്‍, ജീവന്റെ അപ്പം മിശിഹായുടെ ശരീരമാകുന്ന മേശയില്‍ നിന്നെന്നപോലെ ദൈവവചനമാകുന്ന മേശയില്‍ നിന്നും സ്വീകരിച്ച്‌ വിശ്വാസികള്‍ക്ക്‌ വിതരണം ചെയ്യുന്ന വിശുദ്ധ പാരമ്പര്യങ്ങളോട്‌ ചേര്‍ന്ന്‌ വിശുദ്ധ ലിഖിതങ്ങളെയും വിശ്വാസത്തിന്റെ പരമമാനദണ്‌ഡമായി സഭ എന്നും കരുതിപ്പോന്നിട്ടുണ്ട്‌” (ഡിവി, 21).

പൗരസ്‌ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം 1996 ജനുവരി ആറാം തിയതി പുറപ്പെടുവിച്ച ലിറ്റര്‍ജിയും പൗരസ്‌ത്യ കാനന്‍സംഹിതയും’ എന്ന ഉദ്‌ബോധനത്തില്‍ വചനവേദിയെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഗ്രീക്ക്‌ ക്രൈസ്‌തവ പാരമ്പര്യമനുസരിച്ച്‌ ദേവാലയത്തിലെ ഹൈക്കലയില്‍ (വിശ്വാസികള്‍ നില്‍ക്കുന്ന സ്ഥലം) ശ്രദ്ധേയമായ രീതിയില്‍ തറയില്‍നിന്ന്‌ ഉയര്‍ന്നുനില്‍ക്കുന്ന ഒരു സ്ഥിരം സംവിധാനമാണ്‌ വചനവേദി. `ആംബോ’ എന്നാണ്‌ വചനവേദിക്കു പറയുന്ന പേര്‌. ആംബോയില്‍ നിന്ന്‌ സുവിശേഷം പ്രഘോഷിക്കപ്പെട്ടിരുന്നു. സുവിശേഷപ്രസംഗവും നടത്തിയിരുന്നു. ഇതിനു സമാനമായി സുറിയാനിപ്പള്ളികളില്‍ `ബേമ്മ’യാണുള്ളത്‌. പള്ളിയുടെ മധ്യത്തില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന ഈ സ്ഥലത്ത്‌ മെത്രാന്റെയും വൈദികന്റെയും ഇരിപ്പിടങ്ങള്‍, സ്ലീവ, സുവിശേഷഗ്രന്ഥം, മെഴുകുതിരികള്‍ എന്നിവയോടുകൂടിയ `ഗോല്‍ഗോഥാ’ എന്നറിയപ്പെടുന്ന ചെറിയ ബലിപീഠം എന്നിവ ഉണ്ട്‌” (നമ്പര്‍ 105).

ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ 2010 സെപ്‌റ്റംബര്‍ മുപ്പതിന്‌ പുറപ്പെടുവിച്ച ദൈവവചനത്തെക്കുറിച്ചുള്ള സിനഡനന്തര ശ്ലൈഹികാഹ്വാനമായ `കര്‍ത്താവിന്റെ വചനത്തില്‍’ വചനവേദിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. “ദൈവവചനം പ്രഘോഷിക്കുന്ന ആരാധനക്രമപരമായ ഇടം എന്ന നിലയില്‍ ഉയര്‍ന്ന പീഠത്തിന്‌ (ബേമ്മ) പ്രത്യേകശ്രദ്ധ നല്‍കേണ്ടതാണ്‌. വ്യക്തമായി കാണാവുന്ന ഒരു സ്ഥലത്തുവേണം അതു സ്ഥാപിക്കാന്‍. വചനശുശ്രൂഷയുടെ സമയത്ത്‌ വിശ്വാസികളുടെ ശ്രദ്ധ സ്വാഭാവികമായി അവിടെ പതിയണം. അള്‍ത്താരയുമായി സൗന്ദര്യശാസ്‌ത്രപരമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കണം അത്‌ അലങ്കരിക്കേണ്ടത്‌. വചനത്തിന്റെ മേശയുടെയും ദിവ്യകാരുണ്യത്തിന്റെ മേശയുടെയും ദൈവശാസ്‌ത്രപരമായ പ്രാധാന്യം ദൃശ്യമായി അവതരിപ്പിക്കാന്‍ വേണ്ടിയാണിത്‌” (കര്‍ത്താവിന്റെ വചനം, നമ്പര്‍ 68). സുവിശേഷപ്രദക്ഷിണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്‌. “പ്രാരംഭച്ചടങ്ങുകളുടെ സമയത്ത്‌ സുവിശേഷഗ്രന്ഥം പ്രദക്ഷിണമായി സംവഹിക്കുകയും പിന്നീട്‌ ഡീക്കനോ വൈദികനോ പ്രഘോഷണത്തിനുവേണ്ടി പീഠത്തിലേക്ക്‌ (ബേമ്മ) ആഘോഷപൂര്‍വം കൊണ്ടുവരണം, വചനശുശ്രൂഷയിലെ ഏറ്റവും പ്രധാനഭാഗം സുവിശേഷവായനയാണെന്ന്‌ മനസിലാക്കാന്‍ ദൈവജനത്തെ ഇതു സഹായിക്കും.” (നമ്പര്‍ 67).

പ്രതീകങ്ങളുടെ അര്‍ത്ഥം വീണ്ടെടുക്കണം.

വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളും പ്രതീകങ്ങളുമെല്ലാം ദൈവജനത്തെ സഹായിക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങളാണ്‌. സഭയുടെ പ്രതീകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നത്‌ സാര്‍വ്വത്രിക സഭയുടെ പ്രബോധനാധികാരത്തി ന്റെ ആഗ്രഹവും പ്രതീക്ഷയുമാണ്‌. ആഗോളതലത്തില്‍ സെക്കുലര്‍വത്‌ക്കരണം- അതായത്‌ മതപരമായ പ്രതീകങ്ങളെയും അടയാളങ്ങളെയും പൊതുസമൂഹത്തില്‍നിന്ന്‌ അകറ്റി നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി ആരാധനാക്രമപ്രതീകങ്ങളെ നശിപ്പിക്കാനായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌. വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥതലങ്ങളെയും പ്രതീകങ്ങളുടെ സമ്പന്നതയെയും സഭയുടെ പ്രബോധനാധികാരത്തോടും പാരമ്പര്യത്തോടും ചേര്‍ന്നുനിന്ന്‌ മനസിലാക്കുക എന്നതാണ്‌ ഇതിനുള്ള പ്രതിവിധി.

നിങ്ങൾ വിട്ടുപോയത്