നവംബർ ഇരുപത്തിരണ്ടാം തീയതി
സംഗീതജ്ഞരുടെയും ദേവാലയ സംഗീതത്തിന്റെയും മധ്യസ്ഥയായ
വിശുദ്ധ സിസിലിയുടെ ഓർമ്മ സഭ കൊണ്ടാടുന്നു. മരണസമയത്തു പോലും ദൈവത്തെ പാടി സ്തുതിച്ചതുകൊണ്ടാണ് സിസിലിയ സംഗീതജ്ഞരുടെ മധ്യസ്ഥയായത്.
അവളുടെ വിവാഹവേളയിൽ സംഗീതജ്ഞർ പാടുമ്പോൾ സിസിലിയ ‘കർത്താവിന് സ്തുതി ഗീതകം ഹൃദയത്തിൽ പാടുകയായിരുന്നു ’ എന്നാണ് സഭാപാരമ്പര്യം. പരിശുദ്ധ കന്യകാമറിയം ഉൾപ്പെട എട്ടു സ്ത്രീകളെയാണ് ലത്തീൻ ആരാധനക്രമത്തിലെ വിശുദ്ധ കുർബാനയിൽ പേരുപറഞ്ഞ് അനുസ്മരിക്കുന്നത് അവരിൽ ഒരാളാണ് സിസിലിയാ.
സഭാപാരമ്പര്യമനുസരിച്ച് AD 230-ൽ അലക്സാണ്ടർ സെവേറസ് ചക്രവർത്തിയുടെ കാലത്ത്
ഭർത്താവ് വലേറിയൻ, ഭർതൃസഹോദരൻ ടിബുർട്ടിയസ്, മാക്സിമസ് എന്ന
റോമൻ പട്ടാളക്കാരൻ
എന്നിവർക്കൊപ്പം ക്രിസ്തുവിലുള്ള സത്യവിശ്വാസം സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിച്ച ഒരു കുലീന റോമൻ വനിതയായിരുന്നു. സിസിലിയ .
ക്രിസ്തുവിന്റെ പടയാളികളേ ഉണരുക, ഇരുട്ടിന്റെ പ്രവൃത്തികൾ വലിച്ചെറിഞ്ഞ് വെളിച്ചത്തിന്റെ കവചം ധരിക്കുക എന്നവൾ വിശ്വാസികളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.
റോം നഗരത്തിൽ ജീവിച്ചിരുന്ന സിസിലിയ എന്ന കന്യകയെ വലേറിയൻ എന്ന യുവാവിന് വിവാഹം ചെയ്തുകൊടുത്തു. താപസ ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്ന അവൾ ചാക്കുവസ്ത്രം ധരിച്ച് നിരന്തരം ഉപവസിച്ചിരുന്നു. വിശുദ്ധന്മാരെയും മാലാഖമാരെയും കന്യകമാരെയും മാധ്യസ്ഥം യാചിച്ച് തന്റെ കന്യകാത്വം കാത്തുസൂക്ഷിക്കാൻ അവരോട് സിസിലിയ പ്രാർത്ഥിച്ചിരുന്നു.
ഒരിക്കൽ അവൾ തന്റെ ഭർത്താവായ വലേരിയനോട് ഇപ്രകാരം പറഞ്ഞു: “അങ്ങ് ആരോടും പറയില്ലെന്ന് ശപഥം ചെയ്താൽ ഞാൻ ഒരു രഹസ്യം പറയാം.” അവൻ സത്യം ചെയ്തപ്പോൾ അവൾ കൂട്ടിച്ചേർത്തു: “എന്നെ സദാസമയവും സൂക്ഷിക്കുന്ന ഒരു മാലാഖയുണ്ട്, എന്നെ തൊടുന്നവരെ അവൻ എന്നിൽ നിന്ന് അകറ്റുന്നു.” ഇതു ശ്രവിച്ച വലേരിയൻ ” ഇത് സത്യമാണെങ്കിൽ എനിക്ക് ദൂതനെ കാണിച്ചു തരു” എന്നു പ്രത്യുത്തരിച്ചു.
“നിങ്ങൾ ഏക ദൈവത്തിൽ വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്താൽ മാത്രമേ അത് സാധ്യമാകൂ.” എന്നു സിസലിയ മറുപടി നൽകി.
തൽഫലമായി വലേരിയനെ മാമ്മോദീസാ മുക്കാനായി ഉർബൻ മാർപാപ്പയുടെ (223-230) അടുത്തേക്ക് സിസിലിയ അയച്ചു.
വലേരിയൻ ജ്ഞാനസ്നാനം സ്വീകരിച്ചു മടങ്ങിയെത്തിയപ്പോൾ, സിസിലിയ അവളുടെ മുറിയിൽ പ്രാർത്ഥിക്കുന്നതും അവളുടെ തലയിൽ വയ്ക്കാനായി റോസാപ്പൂക്കളുടെയും ലില്ലിപ്പൂക്കളുടെയും രണ്ട് കിരീടങ്ങൾ പിടിച്ച് ജ്വലിക്കുന്ന ചിറകുകളുള്ള ഒരു ദൂതനെയും അവൻ കണ്ടു, അധികം വൈകാതെ ദൂതൻ അപ്രത്യക്ഷനായി. താമസിയാതെ, വലേറിയൻ്റെ സഹോദരൻ ടിബെർട്ടിയസ് നടന്ന സംഭവം അറിഞ്ഞപ്പോൾ മാമ്മോദീസ സ്വീകരിക്കാൻ തീരുമാനിച്ചു.
ജ്ഞാനസ്നാനത്തിനുശേഷം, രണ്ട് സഹോദരന്മാരും റോമാ നഗരത്തിലെ പ്രിഫെക്റ്റായ ടർഷ്യസ് അൽമാച്ചിയസ് ദിവസേന വധിച്ചിരുന്ന രക്തസാക്ഷികളെ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. വിവരമറിഞ്ഞ പടയാളികൾ അവരെ അറസ്റ്റുചെയ്ത് പ്രിഫെക്റ്റിന്റെ മുമ്പാകെ ഹാജരാക്കി. സത്യ ദൈവത്തിനല്ലാതെ വിജാതിയ ദൈവങ്ങൾക്ക് ബലിയർപ്പിക്കാൻ വിസമ്മതിച്ചപ്പോൾ അവർ ഭരണാധികാരിയുടെ വാളിനിരയായി.
വിശുദ്ധ സിസിലിയുടെ ജീവിത സാക്ഷ്യത്തിലൂടെയും പ്രസംഗത്തിലൂടെ നിരവധി വ്യക്തികൾ മാനസാന്തരപ്പെടുകയും സ്നാനം സ്വീകരിക്കുകയും ചെയ്തു.
വിവരമറിഞ്ഞ അൽമാച്ചിയസ്
സിസിലിയയെ അറസ്റ്റ് ചെയ്യുകയും കുളിക്കടവിൽ ശ്വാസം മുട്ടിച്ച് കൊല്ലാൻ വിധിക്കുകയും ചെയ്തു. അവളെ ഒരു രാത്രിയും പകലും അടച്ചിട്ടിരുന്നു, തീയിൽ ദഹിപ്പിക്കാൻ വിട്ടുനൽകിയിട്ടും സിസിലിയ ചൂടിൽ വിയർത്തു പോലുംമില്ല. അവസാനം അൽമാച്ചിയസ് കുളിക്കിടയിൽ അവളുടെ തല വെട്ടിമാറ്റാൻ ഒരു ആരാച്ചാരെ അയച്ചു. മൂന്നു തവണ അടിച്ചട്ടും ശരീരത്തിൽ നിന്ന് തല വേർപെടുത്താൻ കഴിഞ്ഞില്ല. വധശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും രക്തസ്രാവം നിലച്ചിരുന്നില്ല, സിസിലിയ മൂന്നു ദിവസം കൂടി ജീവിച്ചു. ഇതിനിടയിൽ ജനക്കൂട്ടം അവളുടെ അടുക്കൽ വന്നു, അവൾ അവരോട് പ്രസംഗിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തു. അവസാനം മരണത്തിനു കീഴടങ്ങിയ സിസിലിയെ ഉർബൻ മാർപാപ്പയും ഡീക്കന്മാരും ചേർന്നാണ് അടക്കം ചെയ്തത്.
ഫാ. ജയ്സൺ കുന്നേൽ mcbs