ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രത്തിന് വളരെ ആഴമേറിയ അർത്ഥമുണ്ട്. ഈശോയ്ക്ക് മനുഷ്യ മക്കളോടുള്ള സ്നേഹത്തിന്റെ പ്രതീകമാണത്. തിരുഹൃദയത്തിൽ കാണുന്ന കാര്യങ്ങളായ മുൾമുടി, കുരിശ്, ജ്വലിക്കുന്ന അഗ്നി തുടങ്ങിയവയ്ക്കും ആഴമേറിയ അർഥങ്ങളുണ്ട്. സ്നേഹത്തിന്റെ ഇരിപ്പിടം ഹൃദയം ആണല്ലോ. കുരിശും മുൾമുടിയും ഹൃദയത്തിൽ കാണപ്പെടുന്നതിന്റെ അർത്ഥം മനുഷ്യമക്കളോടുള്ള അദമ്യമായ സ്നേഹത്താൽ ആണ് ഈശോ പീഡകൾ സഹിച്ച് മരിച്ചത് എന്ന് അറിയിക്കാൻ ആണ്. ഈ മുടിയും കുരിശും തന്റെ ഹൃദയത്തിൽ വച്ച് ഈശോ നമ്മോട് പറയുന്നു:” മകനെ, മകളെ, നിന്നോടുള്ള സ്നേഹത്താൽ ആണ് ഞാൻ ഇതെല്ലാം സഹിച്ചത് “എന്ന്.

തിരുഹൃദയത്തിന്റെ ഞെട്ടിൽ നിന്നും വലിയൊരു തീജ്വാല കുരിശിനെ വിഴുങ്ങാൻ തക്കവണ്ണം ആളുന്നതായി കാണാം. ഈ തീജ്വാല ജ്വലിച്ചെരിയ്യുന്ന സ്നേഹാഗ്നി ചൂളയാണ് തന്റെ ഹൃദയം എന്ന് ഈശോ സൂചിപ്പിക്കുന്നു. ഈ സ്നേഹാഗ്നി കുരിശിനെ വിഴുങ്ങിക്കളഞ്ഞപ്പോഴാണ് കുരിശുമരണം നിസാരമായി സ്വീകരിക്കാൻ തനിക്ക് സാധിച്ചത്.

തിരുഹൃദയ ഭക്തി പതിനൊന്നാം നൂറ്റാണ്ടോടെ ആണ് സഭയിൽ പ്രചാരത്തിലായത്. വിശുദ്ധ ബർണാഡ് ആണ് ഈ ഭക്തി തുടങ്ങിവച്ചത്. മനുഷ്യ മക്കളോടുള്ള സ്നേഹത്താൽ കുത്തിപ്പിളർക്കപെട്ട ആ ഹൃദയം വണങ്ങപ്പെടേണ്ടതാണെന്ന് അദ്ദേഹം വാദിച്ചു.

എന്നാൽ തിരുഹൃദയ ചിത്രം നാം ഇപ്പോൾ കാണുന്ന രീതിയിൽ പ്രചരിച്ചത് വിശുദ്ധ മാർഗരീത്ത മറിയത്തിന് യേശു നൽകിയ ദർശനത്തിൽ കണ്ട രൂപത്തിലാണ്. പതിനാലാം നൂറ്റാണ്ടിൽ ഇന്നസെന്റ് ആറാമൻ പാപ്പ ഔദ്യോഗികമായി ഈശോയുടെ തിരുഹൃദയം ആരാധിക്കണമെന്ന് കൽപ്പിച്ചു. പന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് 19 ദിവസങ്ങൾ കഴിഞ്ഞാണ് തിരുഹൃദയ തിരുനാൾ ആചരിക്കുന്നത്.

തിരുഹൃദയ രൂപം വച്ച് പ്രാർത്ഥിക്കുന്ന ഭവനങ്ങളെ താൻ ആശീർവദിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്ന് വിശുദ്ധ മാർഗരീത്ത മറിയത്തിന് നൽകിയ വാഗ്ദാനപ്രകാരം എല്ലാ ക്രിസ്തീയ ഭവനങ്ങളിലും തിരുഹൃദയ രൂപം വച്ച് വണങ്ങുന്നു. കൂടാതെ, ജൂൺ മാസം ഈശോയുടെ തിരുഹൃദയത്തിന്റെ പ്രത്യേക വണക്കത്തിനായി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ ജൂൺ മാസത്തിൽ നമുക്ക് പ്രാർത്ഥിക്കാം..’എന്റെ മേലുള്ള സ്നേഹത്താൽ ജ്വലിച്ചെരിയുന്ന ഈശോയുടെ തിരുഹൃദയമേ, അങ്ങേ മേലുള്ള സ്നേഹത്താൽ ജ്വലിച്ചെരിയാൻ എന്നെയും അനുഗ്രഹിക്കണമേ.’

നിങ്ങൾ വിട്ടുപോയത്