പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു …
ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളിൽ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിൻ്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീ. ടോണി വട്ടക്കുഴി.
കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി 2014-ൽ പൂർത്തിയാക്കിയ ഓഡിയോ ബൈബിളിൽ ഉടനീളം ദൈവത്തിനു ശബ്ദം നല്കിയിരിക്കുന്നത് ശ്രീ. ടോണി വട്ടക്കുഴിയാണ്. ഏതാണ്ട് 27 വർഷങ്ങൾ നീണ്ട തപസ്യയാണ് അതിനു പിന്നിലുള്ളത്.
1997-ൽ പിഒസി ബൈബിളിൻ്റെ പുതിയ നിയമത്തിൻ്റെ ഓഡിയോ രൂപം പുറത്തിറക്കണമെന്ന് സ്വപ്നം കണ്ടത് പിടിയഞ്ചേരിൽ ശ്രീ. മാർട്ടിൻ ജോസാണ്. സിനിമാ സംവിധായകൻ ശ്രീ. ലിയോ തദ്ദേവൂസുമായുള്ള ചർച്ചയിലൂടെയാണ് ബൈബിളിലെ കഥാപാത്രങ്ങൾക്ക് ചേർന്ന വ്യത്യസ്ത സ്വരങ്ങൾ ചേർത്തിണക്കി നാടകീയരൂപത്തിലുള്ള ബൈബിൾ വായന എന്ന ചിന്തയിൽ എത്തിച്ചേർന്നത്. യോഹന്നാൻ്റെയും ലൂക്കായുടെയും സുവിശേഷങ്ങളുടെ ഓഡിയോ രൂപം സ്വന്തം പോക്കറ്റിൽ നിന്ന് തുക ചെലവാക്കി ശ്രീ. മാർട്ടിൻ ജോസ് പുറത്തിറക്കിയപ്പോൾ അതിൻ്റെ സാങ്കേതിക കാര്യങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ലിയോ തദ്ദേവൂസായിരുന്നു. പുതിയ നിയമത്തിലെ ബാക്കി പുസ്തകങ്ങളെല്ലാം അവർ ചെയ്തു തീർത്തത് ബ്ര. തോമസ് പോൾ കണ്ടെത്തിയ സാമ്പത്തിക സഹായത്തോടെയായിരുന്നു.
ദൈവത്തിൻ്റെ സ്വരത്തിനു പറ്റിയ ആളെത്തേടി, പ്രശസ്ത നാടകനടൻ കുയിലൻ്റേതുൾപ്പെടെ പത്തോളം ശബ്ദങ്ങളെ അവർ മാറി മാറി പരീക്ഷിച്ചു. ഒടുവിൽ അവർക്കു ബോധ്യപ്പെട്ട ശബ്ദം തൃശൂരിലെ കല്ലൂരുകാരനായ ടോണിയുടേതായിരുന്നു. “ഗാംഭീര്യം മാത്രമല്ല സ്വർഗീയമാധുര്യവും ഉച്ചാരണ ഭംഗിയും ആ ശബ്ദത്തിനുണ്ടായിരുന്നു” എന്ന് ശ്രീ. മാർട്ടിൻ ജോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. വലിയ ഫീസ് ഈടാക്കാതെ തന്നെയാണ്
ബൈബിളിനു വേണ്ടി അദ്ദേഹം ജോലി ചെയ്തത്രേ.
2011-ൽ പഴയനിയമത്തിൻ്റെ ഓഡിയോ ബൈബിൾ തയ്യാറാക്കാൻ കെസിബിസി ബൈബിൾ കമ്മീഷൻ തീരുമാനമെടുത്തപ്പോഴും, അതു തയ്യാറാക്കുന്നതിനു വേണ്ടി ജീവിതത്തിൻ്റെ ഒരു സുപ്രധാന കാലം ഔദാര്യത്തോടെ ഉഴിഞ്ഞു വച്ച ശ്രീ. മാർട്ടിൻ ജോസ് ദൈവസ്വരത്തിനായി സമീപിച്ചത് ശ്രീ. ടോണി വട്ടക്കുഴിയെയാണ്. തൊണ്ടയ്ക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞ അവസ്ഥയിൽ ആയിരുന്നിട്ടും അദ്ദേഹം അത് ഏറ്റെടുത്തു. വീട്ടിലിരുന്നു തന്നെ തൻ്റെ ശബ്ദം റിക്കാർഡുചെയ്ത് എഡിറ്റു ചെയ്ത് അയച്ചുതരുമായിരുന്നു.
ഇന്നലെ ആ സ്വർഗീയ ശബ്ദം നിലച്ചു; എങ്കിലും, അനേക ലക്ഷങ്ങളിലേക്ക് ദൈവത്തിൻ്റെ തിരുശബ്ദമായി ആ ഡിജിറ്റൽ ശബ്ദം എത്തിച്ചേരും. ഭൂമിയിൽ ആ സ്വരം അങ്ങനെ നിത്യമാകും! ഭാര്യ റീനയ്ക്കും കുടുംബത്തിനും അനുശോചനങ്ങൾ!
സ്വർഗത്തിൽ അദ്ദേഹം നിത്യ വിശ്രാന്തിയിലേക്ക് പ്രവേശിക്കട്ടെ!
കർത്താവേ, കരുണയായിരിക്കേണമേ!

ഫാ. ജോഷി മയ്യാറ്റിൽ