ചങ്ങനാശ്ശേിരി: ബഹുഭാഷാ പണ്ഡിതൻ, സംസ്കൃത വൈയാകരണൻ, എഴുത്തുകാരൻ, ശാസ്ത്ര സാങ്കേതിക കാർഷിക രംഗങ്ങളിൽ ആധുനീകരണത്തിന് നേതൃത്വം വഹിച്ച ഉൽപതിഷ്ണു, സർവോപരി സ്ഥിരപ്രക്ണനായ സഭാസ്നേഹി, സമുദായ നേതാവ് എന്നീ നിലകളിൽ ചരിത്രപ്രതിഷ്ഠനായ ഷെവലിയാർ ഐ. സി. ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ അവാർഡ്, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ശ്രീ. ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. വിവരശേഖരത്തിന്റെ കലവറയും വിസ്മയം ജനിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമാണ് ജോൺ കച്ചിറമറ്റമെന്നും സാധാരണഗതിയിൽ സമൂഹം വിസ്മരിക്കുന്ന ചരിത്രയാഥാർഥ്യങ്ങൾ തൻ്റെ രചനാമികവിലൂടെ അവതരിപ്പിച്ച ആളാണ് അദ്ദേഹമെന്നും, സമുദായം അവഗണിക്കപ്പെട്ടപ്പോഴൊക്കെ തൂലികയിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമയോജിത ഇടപെടലുകൾ നടത്തിയ ബഹുമുഖപ്രതിഭയും അല്മായ നേതാവുമാണ് അദ്ദേഹമെന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
പുരസ്കാര ജേതാവിനെ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള കത്തോലിക്കാ സഭയുടെ അഭിമാന പുത്രനാണ് ജോൺ കച്ചിറമറ്റമെന്നും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ് അദ്ദേഹമെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു. അതിരൂപതാ വികാരി ജനറൽ റവ. ഡോ. തോമസ് പാടിയത്ത് ഷെവ.ഐ സി ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് ജോൺ കച്ചിറമറ്റം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡൻറ് റവ.ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, ഡയറക്ടർ ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് അഡ്വ. ജോർജ് വർഗ്ഗീസ്, റവ. ഫാ. ജോസഫ് പനക്കേഴം എന്നിവർ നേതൃത്വം നൽകി.
അടിക്കുറിപ്പ്: ഷെവ. ഐ. സി. ചാക്കോ പുരസ്കാരം മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ ജോൺ കച്ചിറമറ്റത്തിനു സമർപ്പിക്കുന്നു. ഫാ.ജോസഫ് പനക്കേഴം, അഡ്വ.വർഗീസ് കോടിക്കൽ, മോൺ. തോമസ് പാടിയത്ത്, മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ.ജോർജ് ഞാറക്കുന്നേൽ, , ഫാ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. കുരുവിള തുടിയംപ്ലാക്കൽ, അഡ്വ.ജോജി ചിറയിൽ, ഫാ.ജയിംസ് കൊക്കാവയലിൽ തുടങ്ങിയവർ സമീപം