എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. “മോളേ, മുട്ടുകുത്തി എളിമപ്പെട്ട്, വേണ്ടപ്പോൾ ചോദിച്ചുവാങ്ങുന്നതിൽ അല്ലേ പുണ്യം. നമുക്കൊന്ന് എളിമപ്പെട്ടാലെന്താ?” ഇതായിരുന്നു എവുപ്രാസ്യാമ്മ.
ഈശോയുടെ മാത്രം സ്വന്തമാവാൻ വിശുദ്ധർക്ക് അവിവേകങ്ങൾ പോലും ചെയ്യേണ്ടിവന്നിട്ടുണ്ട്. കുടുംബത്തിലെ കാരണവന്മാർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പണ്ട് കാലത്ത് കന്യാമഠത്തിൽ ചേരാൻ, ഈശോയെ മനസ്സാ വരിച്ച കേരളത്തിലെ സാധു പെൺകിടാങ്ങൾ കടന്നുപോയ മാനസിക സംഘർഷങ്ങൾ… അൽഫോൻസാമ്മക്ക് അറ്റകൈക്ക് സ്വന്തം കാല് പൊള്ളിക്കേണ്ടി വന്നു. എവുപ്രാസ്സ്യമ്മ എന്ന റോസക്കോ?
നാല് മക്കൾ ജനിച്ചയുടൻ മരിച്ചതിനുശേഷം ഉണ്ടായ പൊന്നുമോളാണ്. 1877 ഒക്ടോബർ 17ന് ആയിരുന്നു അവളുടെ ജനനം. രണ്ട് മൂന്ന് തലമുറയിലെ പൊന്ന് കാത്തുവെച്ചിരിക്കുന്നു അവളെ വിവാഹത്തിന് അണിയിക്കാൻ. ഭക്തയായ അമ്മ കുഞ്ഞേത്തിയിൽ നിന്ന് വിശുദ്ധി പകർന്നുകിട്ടിയ റോസ, 9 വയസ്സുള്ളപ്പോൾ തന്നെ ഈശോക്ക് നിത്യകന്യാവ്രതം നേർന്ന് ആരുമറിയാതെ ഉപവസിച്ചും പ്രാർത്ഥിച്ചും വരികയായിരുന്നു. പോരെങ്കിൽ പരിശുദ്ധ അമ്മ, ‘മാലാഖമാരുടെ രാജസ്ത്രീ’ എന്നതിന്റെ അർത്ഥം അവൾക്ക് മനസ്സിലാക്കികൊടുക്കാൻ വന്നപ്പോൾ അവളോട് പറഞ്ഞിട്ടുണ്ട് മഠത്തിൽ ചേരണമെന്ന്. ആ ആഗ്രഹം വീട്ടിൽ ഒരു സ്ഫോടനം തന്നെ ഉണ്ടാക്കി. ഉഗ്രപ്രതാപിയായ അപ്പൻ അന്തോണി ഒരുവശത്ത്, അപ്പന്റെ നിശ്ചയദാർഢ്യം പകർന്നുകിട്ടിയിട്ടുള്ള റോസ ഒരുവശത്ത്.മഠത്തിൽ ചേരാതെ വിവാഹം കഴിക്കുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും വയ്യ.ഉപവാസവും പ്രായശ്ചിത്ത കൃത്യങ്ങളും അവൾ വർദ്ധിപ്പിച്ചു.
അവസാനം അപ്പന്റെ സന്ധിചെയ്യൽ ഇങ്ങനെയായിരുന്നു. ഇളയവൾ കൊച്ചുത്രേസ്സ്യയെ വേണമെങ്കിൽ വിടാം., ഇവളെ വിടില്ല. റോസക്ക് ഒട്ടും സ്വീകാര്യമല്ലാത്ത അഡ്ജസ്റ്റ്മെന്റ്. ആയിടക്കാണ് ഒരു സംഭവമുണ്ടായത്, കൂനമ്മാവിൽ നിന്ന് രണ്ട് കന്യാസ്ത്രീകൾ ദൈവവിളിയുള്ള പെൺകുട്ടികളെ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നു. അവർ തറവാട്ടിലേക്ക് വരുന്നെന്നു അറിഞ്ഞപ്പോൾ റോസ വെപ്രാളത്തോടെ അനിയത്തിയെ പത്തായത്തിൽ ഒളിപ്പിച്ചു. അവരിനി അവളെക്കണ്ട് അവളെ വിളിച്ചുകൊണ്ടുപോയാലോ. തന്റെ കാര്യം എന്താവും. അവർ പോയിട്ടേ അവളെ റോസ പുറത്തിറക്കിയുള്ളു.
പെട്ടെന്നുണ്ടായ ഒരു പകർച്ചപ്പനി അനിയത്തിയുടെ ജീവൻ തട്ടിയെടുത്തു. അന്തോണിക്ക് താങ്ങാവുന്നതിലുമപ്പുറം.താൻ നിർബന്ധം പിടിച്ചത് ദൈവത്തിന് ഇഷ്ടപ്പെട്ടില്ലായിരിക്കുമോ? ഇനി റോസക്ക് കൂടെ ഒന്നും വരണ്ടെന്നു വിചാരിച്ചു വിഷമത്തോടെ അവളുടെ ഇഷ്ടത്തിന് സങ്കടം മൂളി.
1866ൽ ഇന്ത്യയിലെ ആദ്യ സന്യാസിനിസഭ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭ എന്നപേരിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ശ്രമഫലമായി കൂനമ്മാവിൽ സ്ഥാപിതമായി. 1899ൽ ലത്തീൻ സഭയിലെ സിസ്റ്റേഴ്സ് Congregation of Teresian Carmelites ( CTC) ആയും സീറോ മലബാർ സഭയിലുള്ളവർ Congregation of Mother of Carmel ( CMC) ആയും വഴി പിരിഞ്ഞു. പതിനൊന്നാം വയസ്സിൽ കൂനമ്മാവിലെ ബോർഡിങ്ങിൽ ചേർന്ന റോസ 1897 മെയ് 10ന് ശിരോവസ്ത്രം സ്വീകരിച്ചു, ‘ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്സ്യ’ ആയി. പലപ്പോഴും രോഗം മൂർച്ഛിച്ചു മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശ വരെ സ്വീകരിച്ച റോസയുടെ അസുഖങ്ങൾ ദൈവാനുഗ്രഹത്താൽ സുഖമായിക്കൊണ്ടിരുന്നു . ഒരിക്കൽ തിരുക്കുടുംബദർശനത്തോടെയാണ് മരണത്തോടടുത്ത രോഗം സുഖപ്പെട്ടത്.1898 ജനുവരി 10 ന് ആയിരുന്നു സഭാവസ്ത്രസ്വീകരണം.
ഒല്ലൂരിലെ തീക്ഷ്‌ണമതികളായ ക്രൈസ്തവർ തങ്ങളുടെ നാട്ടിൽ ഒരു കന്യാമഠവും സ്‌കൂളുമൊക്കെ വേണമെന്നാഗ്രഹിച്ചു. അങ്ങനെ രണ്ടുവർഷങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ പണി തീർന്നു.പത്തുപതിനൊന്നു കാളവണ്ടികളിൽ എവുപ്രാസ്യമ്മയും കുറച്ചു സിസ്റ്റേഴ്സും കൂനമ്മാവിൽ നിന്ന് ഒല്ലൂരിലേക്ക് തിരിച്ചു. 1900 മെയ് 24 ന് സെന്റ് മേരിസ് മഠത്തിന്റെ ആശിർവ്വാദകർമ്മം നടന്നു. കൂടെ ഒൻപതുപേരുടെ സഭാവസ്ത്രദാനചടങ്ങും എഴുപേരുടെ നിത്യവ്രതാനുഷ്ഠാനകർമ്മവും.സിസ്റ്റർ എവുപ്രാസ്സ്യ തന്റെ സമർപ്പണം ഒന്നുകൂടെ ഉറപ്പിച്ചു.
ആദ്യത്തെ കുറച്ചു വർഷങ്ങൾക്ക് ശേഷം നോവിസ് മിസ്ട്രസ്സ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ച എവുപ്രാസ്യമ്മ പിന്നീടുള്ള 36 വർഷങ്ങൾ, മരണം വരെ സാധാ സിസ്റ്റർ ആയി തുടർന്നു. തന്റെ സന്യാസജീവിതത്തിന്റെ തുടക്കം മുതലേ അഭിവന്ദ്യ മേനാച്ചേരി പിതാവിനെ ആത്മീയ പിതാവായി ലഭിക്കാൻ അമ്മക്ക് ഭാഗ്യം കിട്ടി. പിതാവിന്റെ നിർദ്ദേശപ്രകാരമാണ് എവുപ്രാസ്യാമ്മ തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എഴുത്തിൽ സൂചിപ്പിക്കാൻ തുടങ്ങിയത്. വായിച്ചതിനു ശേഷം കീറിക്കളയാൻ പറയാറുണ്ടെങ്കിലും ആ പിതാവിന്റെ ദീർഘവീക്ഷണം മൂലം എഴുത്തുകൾ ഭദ്രമായി അവശേഷിച്ചു.
ദിവ്യകാരുണ്യത്തിന്റെയും ജപമാലയുടെയും അപ്പസ്തോല എന്ന് വിളിക്കാൻ കഴിയും വിധം അത്രമേൽ അവളുടെ ജീവിതം ഒന്നുചേർന്നിരുന്നു. നവസന്യാസിനിമാർക്ക് എളിമ, ദാരിദ്ര്യം, പ്രായശ്ചിത്തം, അനുസരണം , പ്രാർത്ഥന ഇതൊക്കെ തന്റെ ജീവിതം കൊണ്ടാണ് മാതൃക കാണിച്ചു കൊടുത്തത്. അപ്പന്റെ മുൻകോപം കുറച്ചു കിട്ടിയിട്ടുള്ള എവുപ്രാസ്യാമ്മ കഠിനപ്രയത്നം കൊണ്ടാണ് എളിമയും ക്ഷമയും സ്വായത്തമാക്കിയത്. സംസാരത്തിൽ കൂടുതൽ സംയമനം പാലിക്കേണ്ട നാല് അവസരങ്ങൾ അമ്മ മറ്റ് സന്യാസിനിമാരോട് പറഞ്ഞത് ഇതൊക്കെയാണ്.
1, ഒരു മേലധികാരി സ്ഥലം മാറി വരുമ്പോൾ2, വേറൊരാളുടെ ഉദ്യോഗം നാം ഏറ്റെടുക്കുമ്പോൾ3, മറ്റ് മഠങ്ങളിലെ അംഗങ്ങൾ നമ്മുടെ മഠത്തിൽ വരുമ്പോഴും, നമ്മൾ മറ്റ് മഠങ്ങളിൽ പോകുമ്പോഴും4, മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോൾ.സദാ ഉരുവിട്ടുനടക്കാൻ സുകൃതജപങ്ങൾ നവസന്യാസിനിമാരെയും തന്നെ കാണാൻ വരുന്ന കുട്ടികൾക്കുമൊക്കെ പറഞ്ഞുകൊടുക്കുകയും അവരെ പിടിച്ചിരുത്തി തന്റെയൊപ്പം കൊന്ത ചൊല്ലിക്കുകയും ചെയ്തിരുന്നു.
“തിരുമുഖം കാണാൻ ആഗ്രഹിച്ചെങ്കിലെ നമുക്ക് ദൈവത്തെ കാണാൻ കഴിയൂ” എന്നുപറഞ്ഞു അവരെ പഠിപ്പിച്ച സുകൃതജപമാണ് ‘പരിശുദ്ധ ത്രിത്വമേ, സകല മോക്ഷവാസികളോട് കൂടെ നിത്യമായി അങ്ങയെ കണ്ടാനന്ദിക്കാൻ എന്റെ ആത്മാവ് സദാ ആഗ്രഹിച്ചു ദാഹിക്കുന്നു’ എന്നത്.” മോളേ, കുരിശിന്റെ വഴി ചൊല്ലുമ്പോൾ പത്താം സ്ഥലത്ത് മോഹപാപങ്ങളിൽ നിന്ന് രക്ഷിക്കണമേ എന്നും കർത്താവിന്റെ തിരുമുഖം കാണാൻ ഭാഗ്യം തരണമേ എന്നും പ്രാർത്ഥിച്ചോളോ “
ആർക്കും ചെയ്യാനിഷ്ടമില്ലാത്ത ജോലികൾ കൂടുതൽ ഇഷ്ടത്തോടെ ചെയ്തു. കക്കൂസ് കഴുകൽ, കോളറ പിടിച്ച സന്യാസിനിയുടെ അടുത്തു വരാതെ സ്വന്തം അമ്മ പോലും അകന്നു നിന്നപ്പോൾ അടുത്തു നിന്ന് മാറാതെ ശുശ്രൂഷിക്കൽ അങ്ങനെ. എളിമക്കടുത്ത ചെറിയ ജോലികൾ ധാരാളം ചെയ്യും. കറിക്കരിയൽ, മാങ്ങ ചെത്തൽ…ക്രമക്കേടുകൾ കണ്ടാൽ സന്യാസിനിമാരെ തിരുത്തും. കാർക്കശ്യം കൂടിപ്പോയെന്നു തോന്നിയാൽ, ‘മോളെ വിഷമിക്കണ്ടാട്ടോ. മോൾ നന്നാവാൻ പറഞ്ഞതല്ലേ’ എന്ന് പറഞ്ഞു വരും .നിസ്സാര കുറ്റങ്ങൾക്ക് പോലും നിലം മുത്തി മാപ്പ് ചോദിക്കും. അതിൽ പ്രായവ്യത്യാസമൊന്നും നോക്കില്ല.
കുത്തിപ്പിടിച്ചു നടക്കാൻ ഉപയോഗിച്ചിരുന്ന വടിയുടെ അടിയിൽ തുണി വെച്ചുകെട്ടിയാണ് ഉപയോഗിച്ചിരുന്നത്. മൗനത്തിനും നിശബ്ദപ്രാർത്ഥനക്കും ഏറെ പ്രാധാന്യം നൽകിയിരുന്ന എവുപ്രാസ്യാമ്മ, താൻ കാരണം ആരുടെയും പ്രാർത്ഥനക്ക് തടസ്സം വരാതിരിക്കാൻ ആയിരുന്നു അങ്ങനെ ചെയ്തത്. എപ്പോഴും ദൈവവുമായി ആശയവിനിമയം ചെയ്തുകൊണ്ടായിരുന്നു അമ്മയുടെ മൗനം.
പ്രാർത്ഥിക്കുന്ന അമ്മയായും സക്രാരിയുടെ കാവൽക്കാരിയായും ചലിക്കുന്ന സക്രാരിയുമായി ഒക്കെ അറിയപ്പെട്ടിരുന്ന ആ ‘ചേർപ്പുക്കാരന്റെ കന്യാസ്ത്രീ’ ( വീട്ടുപേര് അങ്ങനെയായതുകൊണ്ട് നാട്ടിൽ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) സക്രാരിയിലേക്കോ ഈശോയുടെ തിരുഹൃദയത്തിലേക്കോ പരിശുദ്ധ അമ്മയുടെ മുഖത്തേക്കോ മുഖം നട്ടെ ഇരുന്നിരുന്നുള്ളു. മിക്കപ്പോഴും കൈ കുരിശാകൃതിയിൽ പിടിച്ചിരിക്കും കൊന്തയോടൊപ്പം. ജീവനുള്ള അമ്മയെ കാണും പോലെയാണ് മുഖഭാവം. ഈ ലോകത്തിന്റേതല്ലെന്ന് തോന്നുന്ന ചിന്തകൾക്കൊപ്പം പുഞ്ചിരിയുമുണ്ടാകും. അമലോൽഭവമാതാവിന്റെ രൂപം പൊടിതട്ടാനായി കേറുന്ന സിസ്റ്റർ ഇറങ്ങുമ്പോൾ ആളെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിക്കും, ” മോളോട് മാതാവ് എന്താണ് പറഞ്ഞത്? മോളങ്ങോട്ടും എന്തോ പറയുന്ന കണ്ടല്ലോ. എന്താ മോളേ?” മാതാവും അമ്മയും തമ്മിൽ അമ്മ – മകൾ ബന്ധമാണ്. അവർ അന്യോന്യം സംസാരവും കാണലും ഒക്കെ ഉള്ളതുകൊണ്ട് എല്ലാരും അത് പോലെയാണെന്നാണ് ആളുടെ വിചാരം.
1949 ലെ ഒരു ഉച്ചസമയം. ഒരു എങ്ങിക്കരച്ചിൽ കേട്ട് നോക്കിയ അമ്മ കണ്ടത് ഒരു പുതുകന്യാസ്ത്രീ ഓടിവരുന്നതാണ്. അസുഖം മാറാത്തതുകൊണ്ട് സഭയിൽ നിന്ന് പറഞ്ഞുവിടുകയാണ്. സഹോദരനും ചികിൽസിക്കുന്ന ഡോക്ടറും വന്നിട്ടുണ്ട്. “അമ്മേ സഹായിക്കണേ, എന്നെ പറഞ്ഞയക്കരുതേ “. അവൾ പിന്നെയും കരഞ്ഞുകൊണ്ടിരുന്നു. എവുപ്രാസ്യമ്മ അവളോട് പറഞ്ഞു, “മോളൊരു കാര്യം ചെയ്യൂ, അധികാരികളുടെ മുൻപിൽ ചെന്ന് മുട്ടുകുത്തി എളിമയോടെ പറയണം, ‘ അമ്മേ ഒരു ഒൻപത് ദിവസം കൂടി സഭയിൽ നിൽക്കാൻ എന്നെ അനുവദിക്കണേ, എന്നിട്ടും കുറവില്ലെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം ‘. അവൾക്ക് ധൈര്യം പോരാത്തതുകൊണ്ട് കുമ്പസാരക്കൂട്ടിൽ നിന്ന് അച്ചനേക്കൂടെ കൊണ്ടുപോയി അവരോട് കാര്യം പറഞ്ഞു.
വീണ്ടും എവുപ്രാസ്യമ്മയെ കണ്ടു. അമ്മ ഒരു ഒറ്റമൂലി കൊടുത്തു, മോളേ, ദിവസത്തിൽ 9 കൊന്ത വീതം 9 ദിവസം ചൊല്ലുക. അതിലൊന്ന് എന്നും ഞാനുമൊത്തു പള്ളിയിൽ ചൊല്ലാം. മുട്ടിപ്പായി മാതാവിനോട് അപേക്ഷിക്കുക, മോളുടെ രോഗം മാറും. നന്ദിയോടെ ദൈവത്തെ മഹത്വപ്പെടുത്തി മരണത്തോളം എറേനാൾ മോൾ സഭയിൽ ജീവിക്കും”. അന്നനാളം ശുഷ്‌കിച്ച് ഭക്ഷണമിറക്കാൻ കഴിയാതിരുന്ന സിസ്റ്റർ ഗാസ്പറിനു ദ്രാവകരൂപത്തിൽ മാത്രം വല്ലതും കഴിക്കാം. ചികിത്സ നടത്തി ഫലം കാണാഞ്ഞത് കൊണ്ടാണ് വീട്ടിൽ വിടാൻ തീരുമാനിച്ചത്. എവുപ്രാസ്യമ്മയുടെ ഒറ്റമൂലി പഥ്യത്തോടെ തുടർന്നപ്പോൾ പൂർണ്ണമായി സുഖപ്പെട്ടു അതോടെ, ജപമാല പ്രേഷിതയായ എവുപ്രാസ്യമ്മ വഴി 9*9 ഭക്തി പ്രചരിച്ചു. ഇന്നും കുറെ സിസ്റ്റേഴ്സ് അത് ചെയ്യാറുണ്ട്.
പരഹൃദയജ്ഞാനമുള്ള അമ്മ എത്രയോ പേരുടെ ഹൃദയഗതങ്ങൾ അറിഞ്ഞു അവരെ നേർവഴിക്കു നടത്തിയിരിക്കുന്നു. എത്രയോ പേരുടെ മരണസമയങ്ങൾ അറിഞ്ഞു അവർക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. കാണാൻ വരുന്ന എത്രയോ ശുദ്ധീകരണത്മാക്കൾക്ക് സഹായമേകിയിരിക്കുന്നു. സഭക്കായും പുരോഹിതർക്കായും രൂപതയിലെ പ്രശ്നങ്ങൾക്കായുമൊക്കെ എത്ര മാധ്യസ്ഥം വഹിച്ചിരിക്കുന്നു. എത്രയോ രോഗശാന്തികളും പൈശാചികആക്രമണത്തിൽ നിന്നുള്ള രക്ഷയും നേടിക്കൊടുത്തിരിക്കുന്നു. ഈശോ വന്നു കുർബാന ചൊല്ലാനും നാവിൽ കുർബ്ബാനക്ക് കൊടുക്കാനും മോതിരമിടീക്കാനും ഈശോയും മാതാവും എണ്ണമറ്റ ദർശനങ്ങൾ കൊടുക്കാനുമൊക്കെ ഭാഗ്യം സിദ്ധിച്ച അമ്മ !
അതുപോലെ പൈശാചിക ആക്രമണങ്ങളും വിമർശനങ്ങളും വീരോചിതമായി എത്ര സഹിച്ചു. ഒരിക്കൽ എവുപ്രാസ്യമ്മ മേനാച്ചേരി പിതാവിനെഴുതി. “പിതാവേ, ഞാൻ ലോകത്തിൽ സർവ്വർക്കും ഒരു മഹാവെറുപ്പിന്റെയും പകയുടെയും ഒരു സാധനമായി തീരുന്നതിന് എനിക്ക് ആഗ്രഹവും അപേക്ഷയും ഉണ്ട്. എനിക്ക് ലോകത്തിൽ സന്തോഷവും ആശ്വാസവും വേണ്ടാ പിതാവേ നിന്ദയും ആക്ഷേപവും വെറുപ്പും മറ്റും കിട്ടിയാൽ മതി. എന്റെ നല്ല അമ്മ ഈ ചുരുങ്ങിയ ദിവസങ്ങളിൽ അതിന്റെ രുചിയും കടശ്ശിയുള്ള ഫലവും എന്റെ പാവപ്പെട്ട ഹൃദയത്തിൽ മനസ്സിലാക്കിത്തന്നു”.
1952 ഓഗസ്റ്റ് 26ന് കുമ്പസാരിക്കുമ്പോഴാണ് എവുപ്രാസ്യമ്മയുടെ ബോധത്തിന് കുറച്ചു തകരാറുണ്ടെന്ന് നോവിസ് മാസ്റ്ററായ ളൂവീസച്ചന് മനസ്സിലായത്. ദീനക്കാരുടെ മുറിയിലേക്ക് കൊണ്ടുപോയപ്പോഴേക്ക് ശരീരത്തിന്റെ ഒരു വശം തളർന്നു. സംസാരശക്തി നിലച്ചു. പിറ്റേന്ന് കാലത്ത് കാണാൻ വന്ന സഹോദരിയോട് അമ്മ പറഞ്ഞത് ആൾക്ക് മനസ്സിലാവാതെ പിന്നീട് എഴുതിക്കാണിച്ചു. തനിക്ക് അന്ത്യകൂദാശ വേണമെന്നായിരുന്നു അത്. അതനുസരിച്ചു രോഗീലേപനം നൽകി. ജപമാലമണികൾ അപ്പോഴും കൈകളിലൂടെ ഉരുണ്ടു നീങ്ങി. എല്ലാവരെയും ദൈവസാന്നിധ്യത്തിലേക്കുയർത്തുന്ന ഒരു പ്രകാശം ആ മുഖത്തുണ്ടായിരുന്നു.
മൂന്ന് ദിവസം ദീനക്കിടക്കയിൽ. കുരിശുരൂപവും ജപമാലയും മുറുക്കിപ്പിടിച്ചിരുന്നു. ഓഗസ്റ് 29 രാത്രി 8.40. ആ ജപമാലയുടെ അനക്കം നിന്നു. ഈശോയുടെ പ്രിയമണവാട്ടിയെ കൊണ്ടുപോകാൻ തിരുക്കുടുംബം എത്തിയിരിക്കുമെന്നുറപ്പാണ്.
അതേസമയം ചെറളയം മഠത്തിൽ കൂട്ടമണിയുടെ ശബ്ദം ഉയർന്നു.സിസ്റ്റർമാർ പരസ്പരം നോക്കി. ആരും തന്നെ മണി അടിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. പിറ്റേദിവസമാണ് അവർ എവുപ്രാസ്യമ്മ മരിച്ചെന്നും മണിയടി ശബ്ദം കേട്ട അതേ സമയത്തുമായിരുന്നു അതെന്നും അത്ഭുതത്തോടെ മനസ്സിലാക്കിയത്. ആ മഠം സ്ഥാപിക്കപ്പെട്ട സമയത്തും അത് കഴിഞ്ഞും, അതിന്റെ നല്ല നടത്തിപ്പിന് വേണ്ടിയും ആ പ്രദേശത്തുള്ളവർ കത്തോലിക്കാവിശ്വാസത്തിലേക്ക് വരാനുമായി അമ്മ അത്രക്ക് പ്രാർത്ഥിച്ചിരുന്നു.തിരുസഭയോട് ഏറെ സ്നേഹമുള്ള മകൾ.
‘ചേർപ്പുക്കാരന്റെ കന്യാസ്ത്രീ’ മരിച്ച വിവരം നാടോടുക്ക് അറിഞ്ഞു.കേട്ടവർ കേട്ടവർ ഓടിവന്നു. അമ്മയുടെ ശവമഞ്ചത്തിൽ വെച്ച ഒരു പൂവ് പോലും അവശേഷിച്ചില്ല. ഉപയോഗിച്ചിരുന്ന സാധനങ്ങളും തിരുശേഷിപ്പായി ആൾക്കാർ എടുത്തുകൊണ്ടുപോയിരുന്നു. അത്ഭുതങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു പിന്നീടങ്ങോട്ട്.
2006 ഡിസംബർ 3 ന് ഒല്ലൂർ ഫോറോന ദേവാലയാങ്കണം അണിഞ്ഞൊരുങ്ങി. ‘എവുപ്രാസ്യനഗർ ‘ലെ മനോഹരപന്തലിൽ വെച്ച് ആയിരക്കണക്കിന് ദൈവജനത്തെ സാക്ഷിയാക്കി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ അപ്പസ്തോലിക ലേഖനം വായിച്ച് ധന്യയായ എവുപ്രാസ്യമ്മയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി പിന്നീട് 2014 നവംബർ 23ന് ഫ്രാൻസിസ് പാപ്പ വിശുദ്ധവണക്കത്തിലേക്കും.
കത്തോലിക്കാ സഭയുടെ, കർമ്മലീത്ത സന്യാസസമൂഹത്തിലെ അംഗവും തൃശ്ശൂർ അതിരൂപതയുടെ അരുമസന്താനവുമായ, മരിച്ചാലും മറക്കാത്ത അമ്മ വചനോപാസനത്താൽ പുണ്യജീവിതം കഴിച്ച് നമ്മുടെ മധ്യസ്ഥയായി നിലകൊള്ളുന്നു. വിലയേറിയ രത്നം കണ്ടെത്തിയ അവൾ തനിക്കുള്ളതെല്ലാം വിറ്റ് അതുള്ള വയൽ വാങ്ങി.
വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകൾ ഒരിക്കൽക്കൂടി…
ജിൽസ ജോയ്