റോം: വത്തിക്കാനിലെ സാൻ ഡമാസോയുടെ മുറ്റത്ത് എത്തിയ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പേപ്പൽ ഹൗസ് ഹോൾഡിന്റെ റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ മാർപാപ്പയുമായി സംഭാഷണം നടത്തി.
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യൻ സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ക്ഷണിച്ചു എന്നും (പ്രധാനമന്ത്രി തന്നെ തൻ്റെ Twitter ൽ എഴുതി) മാർപാപ്പ അനുകൂല മറുപടി നൽകിയെങ്കിലും പാപ്പായുടെ ഇന്ത്യൻ സന്ദർശനം എന്നാണെന്ന് വ്യക്തത വന്നിട്ടില്ല.
സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള വത്തിക്കാൻ പാലസിലെ മാർപ്പാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ ആയിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിനെയും പ്രധാനമന്ത്രി മോദി സന്ദർശിച്ചു. വിദേശകാര്യമന്ത്രി എസ് . ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോഡിയുടെ ഒപ്പമുണ്ടായിരുന്നു.
മാർപാപ്പയുമായ് അര മണിക്കൂറാണ് കൂടിക്കാഴ്ചയ്ക്കു മാറ്റിവച്ചിരുന്നതെങ്കിലും ഇരുവരും തമ്മിലുള്ള ആശയ വിനിമയം ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്തു. ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയ ആഗോള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഫ്രാൻസിസ് പാപ്പയ്ക്ക് പ്രധാനമന്ത്രി വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠമാണ് സമ്മാനമായി കൊടുത്തത്. പാപ്പ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് നൽകിയിരിക്കുന്നത്. ഒലിവില ബൈബിളിൽ പ്രതീക്ഷയുടെ അടയാളമാണ്. ഒലിവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ “മരുഭൂമി ഫലപുഷ്ടിയുള്ളതാകും”. എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്.
സി. സോണിയ തെരേസ് ഡി. എസ്. ജെ