The Most Relevant Papal Visit

മൂന്നു ദിവസത്തെ ഇറാഖ് സന്ദർശനം കഴിഞ്ഞ്, മാർച്ച് 8 തിങ്കളാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ വിമാനം റോമിൽ എത്തിച്ചേർന്നതേയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കാത്തലിക് പ്രസിഡന്റായ ജോ ബൈഡന്റെ അഭിനന്ദനം പാപ്പായെ തേടി വന്നു – ‘അങ്ങയുടെ ആ യാത്ര ലോകത്തിനു മുഴുവൻ വലിയ പ്രതീക്ഷയുടെ അടയാളമാണ്!’

ബൈഡന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “പൗരാണികമായ മത കേന്ദ്രങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ യാത്ര- പ്രത്യേകിച്ച് ബൈബിൾ സാക്ഷ്യപ്പെടുത്തുന്ന അബ്രഹാമിന്റെ ജന്മസ്ഥല സന്ദർശനവും, നജഫിൽ നടന്ന അയത്തൊള്ളാ അലി അൽ- സിസ്റ്റാനിയുമായുള്ള കൂടിക്കാഴ്ചയും, ഏതാനും വർഷങ്ങൾക്കു മുമ്പു വരെ ISIS എന്ന ഭീകര സംഘടനയുടെ അസഹിഷ്ണുതയും ക്രൂരതയും നിലനിന്നിരുന്ന മൊസൂളിൽ നടത്തിയ പ്രാർത്ഥനയുമൊക്കെ മുഴുവൻ ലോകത്തിനും വലിയ പ്രതീക്ഷയുടെ അടയാളമാണ്.”

വളരെ കൃത്യവും പക്വമാർന്നതുമായ ഒരു നിരീക്ഷണമായിരുന്നു അത്. കോവിഡ് 19 സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഒരു സമയത്ത്, ബോംബു സ്ഫോടനങ്ങൾ ഉൾപ്പടെയുള്ള ആക്രമണ ഭീഷണികൾ ഇറാഖിൽ നിലനിൽക്കുന്ന ഒരു പശ്ചാത്തലത്തിൽ 84 വയസ്സു പ്രായമുള്ള ഒരു വൃദ്ധ പുരോഹിതൻ അങ്ങനെയൊരു സാഹസത്തിനു മുതിർന്നത് എന്തു ധൈര്യത്തിലാണ്!

അതിന് പാപ്പായ്ക്ക് കൃത്യമായ ഉത്തരമുണ്ട്. ഇറാഖിലെ പീഡയനുഭവിക്കുന്ന ക്രിസ്തീയ സമൂഹത്തെ ഹൃദയത്തിൽ ഓർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഇറാഖിലെ ജനത എത്രയോ കാലമായി നമ്മെ കാത്തിരിക്കുകയാണ്. പാപ്പാ ജോൺ പോൾ രണ്ടാമൻ അവരെ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാലും ഇറാഖിലെ രാഷ്ട്രീയാസ്ഥിരത കാരണവും അതിനു കഴിഞ്ഞില്ല. രണ്ടാമതൊരിക്കൽ കൂടി ആ ജനതയെ നിരാശരാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഇത്തവണ, അവരുടെ പാപ്പായെ അവരുടെ സ്വന്തം മണ്ണിൽ അവർ കണ്ടുമുട്ടും!”

പാറ പോലെ ഉറച്ച ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ തടസ്സങ്ങളും ആശങ്കകളുമെല്ലാം വഴിമാറിക്കൊടുത്തു. ചരിത്രവും സംസ്കാരവുമുറങ്ങുന്ന ഇറാഖിന്റെ മണ്ണിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പ ആദ്യമായി കാലുകുത്തി. ഇറാഖിലെ ഭരണകൂടം സസന്തോഷം പാപ്പായെ സ്വീകരിച്ചു.

പാപ്പാ എന്തിനാണ് ഇറാഖിലേക്കു പോയത്?

യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾക്കിടയിൽ രൂപപ്പെട്ട മെസപ്പൊട്ടേമിയൻ സംസ്കാരത്തിന്റേയും സുമേറിയൻ, അസ്സിറിയൻ, ബാബിലോണിയൻ തുടങ്ങിയ പ്രബല സാമ്രാജ്യങ്ങളുടേയും ഉദ്ഭവത്തിനും വികാസത്തിനും സാക്ഷ്യം വഹിച്ച ഒരിടമായിരുന്നു ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന ഭൂപ്രകൃതിയും പരിസരങ്ങളും. മതങ്ങളുടേയും സംസ്കാരങ്ങളുടേയും പിള്ളത്തൊട്ടിലാണെങ്കിലും കാലം ഇറാഖിന്റെ ചരിത്രത്തിൽ കരിനിഴൽ വീഴ്ത്തി. യുദ്ധങ്ങളും ഭീകരവാദവും മതപീഡനങ്ങളും ആ രാജ്യത്തെ പിൽക്കാലത്ത് സാമൂഹ്യമായും രാഷ്ട്രീയമായും അസ്ഥിരപ്പെടുത്തി. സമാധാനാന്തരീക്ഷം തകർന്നു. രാജ്യാന്തര തലത്തിലെ ഉപരോധങ്ങളും ഒറ്റപ്പെടുത്തലുകളും ഇറാഖിനെ വല്ലാതെ ഞെരുക്കി. അതിൽ നിന്നൊക്കെ പതിയെപ്പതിയെ കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് പാപ്പാ അവിടേക്കു ക്ഷണിക്കപ്പെട്ടത്!

സ്വന്തം ജനങ്ങളുടെ ജീവനും സ്വത്തിനും പോലും സംരക്ഷണം കൊടുക്കാൻ പെടാപ്പാടു പെടുന്ന ഒരു ഭരണകൂടം, സുരക്ഷയുടെ എല്ലാ വെല്ലുവിളികളും സധൈര്യം സ്വീകരിച്ച് പാപ്പായെ അവിടേക്കു ക്ഷണിച്ചത് തീർച്ചയായും അഭിനന്ദനാർഹമായ ഒരു മാറ്റത്തിന്റെ തുടക്കമാണ്. സമാധാനത്തിന്റെ പുലരികൾ പുലർന്നു കാണാനുള്ള ഒരു രാജ്യത്തിന്റെ ബോധപൂർവ്വമായ പരിശ്രമങ്ങളെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയാനുള്ള മുഖവും നാവും ഭാഷയുമായി മാറുകയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ!

ഇറാഖിലേക്കുള്ള യാത്രയ്ക്കിടയിൽ പാപ്പായും മനസ്സിൽ കരുതിയത് മറ്റൊന്നല്ല. മനുഷ്യർ തമ്മിൽ ബന്ധങ്ങളുണ്ടാവണം. അതു മതങ്ങൾക്കിടയിൽ വളരണം. ആശങ്കകളില്ലാതെ മതാന്തര സംവാദങ്ങൾക്ക് ഇടമുണ്ടാവണം. സഹവർത്തിത്വം പുലരണം. എന്നാൽ പ്രധാനപ്പെട്ടതും ലോകം ശ്രദ്ധിച്ചതുമായ മറ്റൊരു കാര്യം, ഇറാഖിലെ പീഡയനുഭവിക്കുന്ന മതന്യൂനപക്ഷമായ തന്റെ മക്കളെ പാപ്പാ എങ്ങനെ ആശ്വസിപ്പിക്കുന്നു എന്നതാണ്.

മുസ്ളീം ഭൂരിപക്ഷമുള്ള ഇറാഖിൽ ക്രിസ്ത്യാനികൾ ഒരു ന്യൂനപക്ഷമാണ്. അഞ്ചുവർഷങ്ങൾക്കു മുമ്പ് ഏതാണ് ഒന്നര മില്യനിലധികമുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഇന്ന് ഏതാനും ആയിരങ്ങളേയുള്ളൂ. ഭീകരവാദികളുടെ മതപീഡനം ഭയന്ന് മിക്കവരും മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു. അവരിൽ കുറെയേറെപ്പേർ പിറന്ന മണ്ണിൽ തന്നെ രക്തസാക്ഷികളായി. ക്രിസ്തീയ ദേവാലയങ്ങളും ഭവനങ്ങളും തകർക്കപ്പെട്ടു. പിന്നീട് സ്ഥിതി അൽപ്പം മെച്ചപ്പെട്ടെങ്കിലും ഓടിപ്പോയവർ അധികമൊന്നും തിരിച്ചു വന്നില്ല.

പിറന്ന നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന ഇസ്രായേൽ ജനതയുടെ ദു:ഖം സങ്കീർത്തകൻ വിവരിക്കുന്നുണ്ട്: “ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. അവിടെയുള്ള അലരി വൃക്‌ഷങ്ങളില്‍ ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദ്ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്‌ തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും?” (സങ്കീര്‍ത്തനങ്ങള്‍ 137:1-4)

എന്നാൽ എല്ലാ പീഡനങ്ങളേയും അതിജീവിച്ച ഒരു ചെറിയ ന്യൂനപക്ഷം ക്രിസ്ത്യാനികൾ ഇറാഖിൽത്തന്നെ ഉണ്ടായിരുന്നു. അവരുടെ തേങ്ങലുകൾക്കു ഹൃദയം കൊടുക്കാനും അവരുടെ വിലാപങ്ങൾക്കു കാതു കൊടുക്കാനും അവരുടെ കരം പിടിച്ചമർത്തി, അവരെ ധൈര്യപ്പെടുത്താനും ആശ്വസിപ്പിക്കാനുമാണ് പാപ്പാ പോയത്. അതിന് അദ്ദേഹത്തേക്കാൾ യോഗ്യനായി മറ്റാരാണുള്ളത്! അവരെ കാണാനും കേൾക്കാനും ക്രിസ്തുവിന്റെ മഹാപുരോഹിതൻ കൂടിയായ പാപ്പാ പോകാതിരിക്കുന്നതെങ്ങനെ!

പാപ്പാ പോയത് അവരോടു സംസാരിക്കാൻ മാത്രമല്ല, അവർക്കു വേണ്ടി സംസാരിക്കാൻ കൂടിയാണ്. അവരോടു സംസാരിക്കുന്നതും അവർക്കു വേണ്ടി സംസാരിക്കുന്നതും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഒന്നാമത്തേത് താരതമ്യേന എളുപ്പമാണെങ്കിൽ രണ്ടാമത്തേത് വെല്ലുവിളികൾ നിറഞ്ഞതും ധീരതയും സ്നേഹവും ആവശ്യപ്പെടുന്നതുമാണ്. പാപ്പാ നിശ്ചയിച്ച പരിപാടികൾ ശ്രദ്ധിക്കുക. ഓരോ സന്ദർശനവും ഓരോ കൂടിക്കാഴ്ച്ചയും ഓരോ വാക്കും, തീർച്ചയായും ചില പുതിയ ആഹ്വാനങ്ങളും പ്രതീക്ഷകളുമാണ്.

ബോംബു വീണു തകർന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലൂടെ കരളുറപ്പിച്ച് പാപ്പാ നടന്നു. ദൈവജനം പലായനം ചെയ്ത വഴിത്താരകളിലൂടെ അദ്ദേഹം നടന്നപ്പോൾ രക്തസാക്ഷികളുടെ കണ്ണീരും രക്തവും വീണലിഞ്ഞ ആ മണ്ണു കോരിത്തരിച്ചിട്ടുണ്ടാവും. മൊസൂളിലെ തകർക്കപ്പെട്ട ദേവാലയ മുറ്റത്തു സ്ഥാപിച്ച തടിക്കുരിശിനു മുന്നിൽ നിന്നും അദ്ദേഹം പറത്തി വിട്ട സമാധാനത്തിന്റെ വെള്ളരി പ്രാവ് ലോകാതിർത്തികളോളം പോയി സകല മനുഷ്യ ഹൃദയങ്ങളേയും കീഴടക്കട്ടെ!

‘ചരിത്രപര’മെന്ന് പാപ്പായുടെ സന്ദർശനത്തെ വിശേഷിപ്പിക്കുന്ന ജോ ബൈഡൻ എടുത്തു പറയുന്ന പാപ്പായുടെ വാക്കുകൾ ഇങ്ങനെയാണ്: “സഹോദര സ്നേഹമാണ് സഹോദര ഹത്യയെക്കാൾ ശ്രേഷ്ഠം. പ്രത്യാശയാണ് മരണത്തേക്കാൾ ദൃഢമായത്. സമാധാനമാണ് യുദ്ധത്തേക്കാൾ ശക്തമായത്!”

എത്ര ആഴമുള്ള വാക്കുകളാണ് പാപ്പായുടേത്! ബൈഡൻ അമേരിക്കയുടെ പ്രസിഡന്റായതു കൊണ്ടു മാത്രമല്ല ആ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നത്. അയാളുടെ ജീവിത പുസ്തകം പരിശോധിച്ചാൽ ജീവിതത്തിന്റെ ചില സഹന കാലങ്ങൾ കൂടിയാണ് അയാളിലെ പക്വതയുള്ള ലോക നേതാവിനെ വാർത്തെടുത്തത് എന്നു കാണാൻ കഴിയും. അയാൾക്കു പാപ്പാ ഫ്രാൻസിസിനെ നല്ലവണ്ണം മനസ്സിലാവും. രണ്ടുവട്ടം ആലോചിക്കാതെ അയാൾ ഒന്നും പറയാറില്ല!

‘The Most Relevant Papal Visit’ എന്ന് ലോക മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന, പാപ്പായുടെ ഈ സന്ദർശനത്തെയോർത്ത് അഭിമാനവും സന്തോഷവുമുണ്ട്. ലോകം കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്ന് പാപ്പായ്ക്കൊപ്പം ആശിക്കുന്നു.

NB: കഴിഞ്ഞ ഞായറാഴ്ച ലോകത്തു നടന്ന ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന് ഇറാഖിലായിരുന്നു. അബ്ദുള്ള കുർദ്ദി എന്നു പേരുള്ള ഒരു കുർദിഷ് മനുഷ്യനെ ഫ്രാൻസിസ് മാർപ്പാപ്പ ആശ്വസിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്. 2015 ൽ അബ്ദുള്ളയുടെ ഭാര്യയും രണ്ടു മക്കളും ഇറാഖിൽ നിന്നു പലായനം ചെയ്യുന്നതിനിടയിൽ ബോട്ടു തകർന്ന് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ചു. മണിക്കൂറുകൾക്കു ശേഷം കടപ്പുറത്തെ മണൽപ്പരപ്പിൽ, ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, ഒരു പാവക്കുട്ടിയെക്കണക്ക് ചേതനയറ്റു കിടന്ന, ഓമനത്വമുള്ള അലൻ കുർദ്ദിയെന്ന മൂന്നു വയസ്സുകാരൻ അബ്ദുള്ളയുടെ ഇളയ മകനായിരുന്നു! ചുവന്ന മേലുടുപ്പും കടും നീല ഷോർട്സുമിട്ട്, മണൽപ്പുറത്ത് തിരമാലകളുടെ ചുംബനങ്ങളേറ്റു വാങ്ങി, ഉറക്കമുണരാതെ, തണുത്തു മരവിച്ചു കിടന്ന അലൻ കുർദ്ദിയുടെ ചിത്രം അന്ന് ലോകത്തെ മുഴുവൻ കരയിപ്പിച്ചുകളഞ്ഞു. ലോകം മുഴുവൻ ആ കുഞ്ഞിനെയോർത്ത് അത്ര സങ്കടപ്പെട്ടെങ്കിൽ ഭാര്യയേയും രണ്ടു മക്കളേയും ഒരുമിച്ചു നഷ്ടപ്പെട്ടു പോയ ആ മനുഷ്യന്റെ ചങ്ക് എത്ര കീറിമുറിക്കപ്പെട്ടിട്ടുണ്ടാവും!

ആ മുറിപ്പാടുകളെയാണ് പാപ്പാ അഭിമുഖീകരിച്ചത്. ഒന്നല്ല, അങ്ങനെയുള്ള ഒരായിരം മുറിവുകൾക്കു മുന്നിലേക്കാണ് ആ ജ്ഞാനവൃദ്ധൻ ക്രിസ്തുവിന്റെ മേലങ്കിയിട്ടു നടന്നടുത്തത്!

ഒരാഗ്രഹം ബാക്കിയുണ്ട്! ഞാൻ പിറന്നു വീണ ഈ മണ്ണിൽ വച്ച്, ഇനിയെന്നാണ് എന്റെ പാപ്പായെ, എനിക്കൊന്നു കാണാനാവുക?പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ച് 13 ന് എട്ടു വർഷങ്ങൾ പൂർത്തിയാക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ!

Fr. Sheen Palakkuzhy