വത്തിക്കാൻ സിറ്റി: ആരോഗ്യപരമായ പ്രതിസന്ധിയെ തുടര്‍ന്നു മാര്‍പാപ്പ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാൻസിസ് പാപ്പ. രാജിയുടെ കാര്യം തന്റെ ചിന്തയിൽ ഉണ്ടായിട്ടില്ലെന്നും വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ നിലയിലാണെന്നും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് നടത്തുന്ന റേഡിയോ ശൃംഖലയായ ‘കോപ്പി’ന്റെ പ്രതിനിധിയ്ക്കു നല്കിയ അഭിമുഖത്തില്‍ പാപ്പ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു “ജൂലൈയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പാപ്പ, ഡിസംബറിൽ രാജിവെച്ചേക്കുമെന്ന” തരത്തില്‍ ഒരു ഇറ്റാലിയന്‍ മാധ്യമത്തില്‍ പ്രചരണം നടന്നിരിന്നു. ഇത് ഏറ്റുപിടിച്ച് മറ്റ് മാധ്യമങ്ങളും രംഗത്ത് വന്നു.
എന്നാല്‍ ഇത് നിഷേധിച്ച പാപ്പ, താന്‍ രാജിവയ്ക്കാൻ പോവുകയാണെന്ന വിവരം അവർക്ക് എവിടെ നിന്ന് കിട്ടിയെന്ന് തനിക്കറിയില്ലായെന്നും ഇക്കാര്യം തന്റെ മനസ്സിൽ പോലും വന്നിട്ടില്ലായെന്നും പറഞ്ഞു. താൻ ഇപ്പോഴും ഓപ്പറേഷനു ശേഷമുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും തന്റെ ദൌത്യനിര്‍വ്വഹണ മേഖലയിലേക്ക് ക്രമേണ തിരിച്ചെത്തി തുടങ്ങിയെന്നും തികച്ചും സാധാരണ ജീവിതം നയിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ സെപ്റ്റംബർ ഒന്നിന് 90 മിനിറ്റ് ദൈര്‍ഖ്യമുള്ള അഭിമുഖം പ്രക്ഷേപണം ചെയ്തതോടെയാണ് പാപ്പയുടെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.