സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ആൻറണി പടിയറ തീരുമേനിയുടെ ജന്മശതാബ്ദി ദിനത്തിൽ ആത്യാദരവോടെ അദ്ദേഹത്തെ സ്മരിക്കുകയാണ്.

ഊട്ടി രൂപതയിൽ ഒന്നര ദശാബ്ദക്കാലം വൈദികനായും രൂപതയുടെ പ്രഥമ മെത്രാനായും പ്രവർത്തിച്ചതിനു ശേഷമാണ് തൻ്റെ മാതൃ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയിൽ 1970 ലെ സ്വാതന്ത്രദിനത്തിൽ അദ്ദേഹം പുണ്യ ശ്ലോകനായ മാർ കാവുകാട്ട് മെത്രാപ്പോലിത്തായുടെ പിൻഗാമിയായി സ്ഥാനമേല്ക്കുന്നത്.

1985 ൽ കർദിനാൾ ജോസഫ് പാറേക്കാട്ടിലിനു ശേഷം എറണാകുളം-അങ്കമാലി അതിരൂപതാമെത്രാപ്പോലിത്തയായി തൻ്റെ ഇടയ ദൗത്യം തുടരവെ 1988 കർദ്ദിനാൾ സ്ഥാനത്തേയ്ക്കു നിയമിതനായി.

1992 ൽ സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കു ഉയർത്തപ്പെട്ടപ്പോൾ തൻ്റെ ഇടയ ദൗത്യത്തിൽ ദൈവസ്നേഹത്തിൻ്റെ മനോഹര പുഷ്പങ്ങൾ വിരിയിച്ച പിതാവ് പ്രഥമ മേജർ ആർച്ച് ബിഷപ്പായി. കേരള കതോലിക്കാ സഭയിലെ ചരിത്രത്തിൽ ആർക്കും നേടാനാവാത്ത അനുഭവത്തിൻ്റെയും അറിവിൻ്റെയും ആഴവും പരപ്പും നേടിയ ജീവിതമായിരുന്നു പിതാവിൻ്റേത്.തന്നിൽ ഏല്പിക്കപ്പെടുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ദൈവ നിയോഗമായി കണ്ട് പൂർത്തികരിക്കുന്നതിൽ സർവധാ വ്യാപൃതനായിരുന്ന പിതാവിനെ മഹത്തായ ചുമതലകൾ നല്കി മാർപാപ്പ ആദരിച്ചു. എങ്കിലും പരിമിതികളുടെ ആഴം മനസ്സിലാക്കി ഏളിമയോടെ തൻ്റെ ഇടയ ജീവിതം മുന്നോട്ടു കൊണ്ടുപോയ അദേഹത്തിൻ്റെ ഹൃദയവിശാലത ഏവരെയും ആകർഷിക്കത്തക്ക ഒന്നായിരുന്നു.

ദൈവമാതൃസ്ഥാനത്തേക്കുയർത്തപ്പെട്ട പരിശുദ്ധ കന്യാ മറിയത്തിൻ്റെ ജീവിതമാതൃക പിന്തുടർന്നു മറ്റുള്ളവരെ തന്നേക്കാൾ ശ്രഷ്ഠരായി കരുതി ബഹുമാനിക്കുന്നതിൽ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുത് എന്ന് അദ്ദേഹം സ്വയം ശഠിച്ചു.ഒരു മിഷണറിയാവണമെന്ന ആഗ്രഹത്തോടെയാണ് 1945 ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. തൻ്റെ പ്രേഷിത ജീവിതത്തിൻ്റെ പ്രതീകമായി അദ്ദേഹം താടി മീശ നീട്ടി വളർത്തിയിരുന്നു.

ലീഡർ കെ കരുണാകരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹവുമായി 1984 ൽ എം പി യായതു മുതൽ ഞാനും ഏറെ അടുത്തു. അന്നു മുതൽ നിരന്തരമായ ഒരു ബന്ധം നിലനിർത്താനും ജീവിതത്തിൻ്റെ നിർണ്ണായക ഘട്ടങ്ങളിലൊക്കെ പിതാവിൻ്റെ സ്നേഹോപദേശങ്ങളും വാത്സല്യവും അനുഭവിക്കാൻ എനിക്കായി.സ്വർഗ്ഗരാജ്യത്തിൽ നമുക്കേവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന പടിയറ പിതാവിൻ്റെ ധന്യവും വിശുദ്ധവുമായ സ്മരണയ്ക്കു മുന്നിൽ പ്രാർത്ഥനാഞ്ജലികൾ അർപ്പിക്കുന്നു.

മുൻ മന്ത്രി പ്രൊഫ കെ വി തോമസ്

നിങ്ങൾ വിട്ടുപോയത്