കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു വേണ്ടി ജീവിച്ച നേതാവാണെന്നു കർദിനാൾ അനുസ്മരിച്ചു.
മുൻ കേന്ദ്രമന്ത്രിയെന്ന നിലയിലും, കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവെന്ന നിലയിലും ലോക്സഭയിലെയും രാജ്യസഭയിലെയും അംഗമെന്ന നിലയിലും പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ച വ്യക്തിയാണു ശ്രീ. ഓസ്കർ ഫെർണാണ്ടസ്. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിതഗുണമാണ്. പൊതുപ്രവർത്തകനായി വിവിധ മേഖലകളിൽ ഉന്നതിയിൽ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാസ്നേഹവും അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്നു.
ശ്രീ. ഓസ്കർ ഫെർണാണ്ടസിനെ പലതവണ നേരിൽ കാണാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകരുന്നവിധത്തിലായിരുന്നു. തന്റെ പ്രാർത്ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കർദിനാൾ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, മീഡിയ കമ്മീഷൻ