വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു …
… വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം കൂടി …. നിങ്ങൾക്കും അവ അറിയണമോ?
വിശുദ്ധ കൊച്ചുത്രേസ്യാ എനിക്കു ഇഷ്ടപ്പെട്ട വിശുദ്ധയാണ്, ചെറുപുഷ്പം മിഷൻ ലീഗിൽ (CML) അംഗമായ കാലം മുതലേ ആ വിശുദ്ധയോടുള്ള സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു, വർഷങ്ങൾ പിന്നിട്ടു നവ സന്യാസ ഭവനത്തിലെത്തിയപ്പോൾ ഈ കൊച്ചു വിശുദ്ധയെ കൂടുതൽ അറിഞ്ഞു. അങ്ങനെ എല്ലാ വർഷവും ഒക്ടോബർ ഒന്ന് ജീവിതത്തിന്റെ ഭാഗമായി. വിശുദ്ധ കൊച്ചുത്രേസ്യായുടെ രൂപമോ ഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും കാണുകയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥശക്തിൽ വിശ്വസിക്കുന്നു അവളെ സ്നേഹിക്കുന്ന.
വിശുദ്ധ കൊച്ചുത്രേസ്യായെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ സാധാരണക്കാർക്കും വിശുദ്ധ / വിശുദ്ധൻ ആകാം എന്ന ചിന്ത എന്നിലും രൂഢമൂലമായി
1. വിശുദ്ധ കൊച്ചുത്രേസ്യായ്ക്കു വിഷാദ രോഗത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
കൊച്ചുറാണി പലപ്പോഴും സംശയാലുവായിരുന്നു ഇതിനെ പലപ്പോഴും ഒരു ആത്മീയ OCD (Obsessive Compulsive Disorder)ആയി കണ്ടിരുന്നു. അതായത് അവളുടെ പാപങ്ങൾ ദൈവത്തെ ധിക്കരിച്ചു എന്നുള്ളതും അവൾ ചെയ്ത ഒരു മാരക പാപം അവളടെ ജീവിതത്തിൽ പല അവസരങ്ങളിലും ആപത്തു വരുത്തു എന്നുമുള്ള ഭയം അവൾക്കുണ്ടായിരുന്നു. അതിനു കാരണം അവളുടെ ബാല്യകാല അനുഭവങ്ങളായിരുന്നു: വളരെ ചെറുപ്പത്തിൽത്തന്നെയുള്ള അമ്മയുടെ മരണം. “രണ്ടാമത്തെ അമ്മയായ ” അവളുടെ സഹോദരി പൗളീനായുടെ കർമ്മലമഠ പ്രവേശനം, സ്കൂളിലെ വഴക്കാളി സ്വഭാവും, പെട്ടന്നു പ്രതികരിക്കുന്ന പ്രകൃതിയും കാണിക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കൊച്ചുത്രേസ്യായിൽ ഉണ്ടായിരുന്നു എന്നാണ്.
ജീവിതത്തിന്റെ അന്ത്യകാലളവിൽ ക്ഷയരോഗം മൂലം ഉണ്ടായ കഠിനമായ സഹനങ്ങൾ അവളെ പലപ്പോഴും നിരാശയുടെ പ്രലോഭനങ്ങളിലേക്കു തള്ളി നീക്കിയെങ്കിലും ക്രിസ്തുവിലേക്കു തിരിയുന്നതിൽ അവൾ ഒരിക്കലും മടി കാണിച്ചില്ല. ക്രിസ്തു മാർഗ്ഗത്തിൽ അവൾ സ്ഥിരതയോടെ നിന്നു. അവളുടെ മധ്യസ്ഥം എപ്പോഴും ശക്തവും ദ്രുതഗതിയിലുള്ളതുമാണ്.
2. വിശുദ്ധ കൊച്ചുത്രേസ്യാ പെട്ടന്നു വികാരഭരിതയാകുന്ന കുട്ടി ( Hypersensitive Child) ആയിരുന്നു
വിശുദ്ധ കൊച്ചുത്രേസ്യാ ഒരു കുസൃതി കുടുക്ക ആയിരുന്നു. സ്കൂളിലെ പല കാര്യങ്ങളുമായി ഒത്തു പോകാൻ സാധിക്കാത്തതിനാൽ അവൾ പലപ്പോഴും അസംതൃപ്ത ആയിരുന്നു. പൊതുവേ സന്തോഷവതിയായി അവൾ കാണപ്പെട്ടുവെങ്കിലും അവളെ കുടുംബാംഗങ്ങൾ ഒരു വികൃതി പയ്യനെപ്പോലെയാണു അവളെ പരിഗണിച്ചിരുന്നത്. പെട്ടന്നു പ്രതികരിക്കുന്ന അവളുടെ പ്രകൃതം കുടുംബത്തിൽ പലപ്പോഴും ദു:ഖമുളവാക്കിയിരുന്നു. കൊച്ചുത്രേസ്യായുടെ ബാല്യകാല വികൃതികൾ വായിക്കുമ്പോൾ ഇന്നത്തെ പല കുട്ടികളിലും സ്വർഗ്ഗീയ പ്രതീക്ഷ നമ്മൾ കാണുന്നു. കൊച്ചുറാണി കുട്ടിത്വത്തിന്റെ എല്ലാ വിധ അപക്വതയിലൂടെയും കുസൃതിത്തരങ്ങളിലൂടെയും, പ്രതികരിക്കുന്ന സ്വഭാവത്തിലൂടെയും നടന്നാണ് വിശുദ്ധ പദവിയിലേക്കു ഉയർന്നത്.
3.പ്രതിസന്ധി ഘട്ടങ്ങളിൽ വിശുദ്ധ കൊച്ചുത്രേസ്യാ ശാന്തത നിലനിർത്തിയിരുന്നു.
കർമ്മലീത്താ മഠത്തിൽ പ്രവേശിച്ചതോടെ വി. കൊച്ചുത്രേസ്യായുടെ ജീവിതത്തിലും അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടായി. വൈകാരികമായി അവൾക്കു കുറച്ചു കൂടെ പക്വത കൈവരുകയും കർമ്മലാരാമത്തിലെ ആശ്രയിക്കാവുന്ന ഒരു കന്യാസ്ത്രീ എന്ന പദവിയിലേക്കു ഉയരുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ, കാൽച്ചുവട്ടിലെ മണ്ണ് ഉലിച്ചു പോകുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തയാകാൻ അവൾക്കു സാധിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിൽ അചഞ്ചലമായി അവൾ ജീവിതം അടിസ്ഥാനമിട്ടതുകൊണ്ടു മാത്രമാണ് ഇപ്രകാരം ചെയ്യാൻ അവൾക്കു സാധിച്ചത്.
4. കുടുംബത്തെ ഒന്നിച്ചു കൊണ്ടുവരാൻ കൊച്ചുത്രേസ്യാ ഇഷ്ടപ്പെടുന്നു
നമ്മുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ ഏറ്റവും ഉത്തമയായ വിശുദ്ധയാണ് വി. കൊച്ചുത്രേസ്യാ. കുടുംബത്തിലെ മുറിവുകൾ കൂടുംബത്തിനുള്ളിൽ വച്ചു തന്നെ സൗഖ്യപ്പെടുത്തുന്നതിന്റെ പ്രാധാന്യം നല്ലതുപോലെ അറിയാവുന്ന വിശുദ്ധയാണവൾ. അവളിൽ ദൈവവിശ്വാസത്തിന്റെ വിത്തുപാകിയതും പരിപോഷിപ്പിച്ചതും അവളുടെ കുടുംബത്തിലാണ്.
5.വിശുദ്ധ കൊച്ചുത്രേസ്യാ നർമ്മബോധമുള്ള വിശുദ്ധ ആയിരുന്നു.
കൊച്ചുത്രേസ്യാ ജീവിതത്തിലുടനീളം നർമ്മബോധം കാത്തു സൂക്ഷിച്ച വിശുദ്ധ ആയിരുന്നു. വിശുദ്ധയുടെ ചിത്രങ്ങൾ കാണുന്ന ആരും അതു നിഷേധിക്കുകയില്ല. ഒരു ആത്മാവിന്റെ കഥ എന്ന അവളുടെ ആത്മകഥ ആലങ്കാരികമായ ഭാഷക്കപ്പുറം അവളുടെ ജീവിത തനിമയുടെയും മകുടോദാഹരണമാണ് .ഈ പുസ്തകത്തിൽ പതിനഞ്ചാം വയസ്സിൽ കർമ്മല മഠത്തിൽ ചേരുന്നതിനുള്ള അനുവാദം തേടി അവൾ ലിയോ പതിമൂന്നാമൻ മാർപാപ്പയെ സമീപിച്ചതിനെപ്പറ്റി പ്രതിപാദിച്ചട്ടുണ്ട്. അതു നർമ്മം കലർത്തിയാണ്. അവൾ തന്റെ സഹോദരിക്കു നർമ്മബോധം കളയാതെ എഴുതി:“ മരിച്ചവനെപ്പോലെ തോന്നിപ്പിക്കുന്ന നല്ല പാപ്പ വളരെ വയസ്സനാണ് “
6. വിശുദ്ധ കൊച്ചുത്രേസ്യാ പ്രാർത്ഥന ചിലപ്പോൾ സമയങ്ങളിൽ ഉറങ്ങിയിരുന്നു.
വിശ്വാസ ജീവിതത്തിൽ സ്ഥിരതയിൽ നിൽക്കുവാൻ സാധിക്കാതെ നിരാശക്കു നമ്മുടെ ജീവിതം വഴിമാറുമ്പോൾ വിശുദ്ധ ചെറുപുഷ്പത്തിന്റെ രണ്ടു ഉദ്ധരണികൾ നമ്മെ സഹായിക്കുന്നു. ഒന്നാമത്തേത് ഉറക്കവുമായി ബന്ധപ്പെട്ടാണ്. അവൾ പറയുന്നു: ” പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കു വഴുതി വീഴുമ്പോൾ ഞാൻ അത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം .ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു നമ്മുടെ ചട്ടക്കൂട് അറിയാം, നമ്മൾ പൂഴി ആണന്നു അവൻ ഓർമ്മിക്കുന്നു.”
രണ്ടാമത്തെ ഉദ്ധരണി പരിശുദ്ധ മറിയത്തിന്റെ ജപമാലയുമായി ബന്ധപ്പെട്ടതാണ്. കന്യകാമറിയത്തോടു അളവറ്റ ഭയഭക്തി ബഹുമാനം ഉണ്ടായിരുന്നവളായിരുന്നു കൊച്ചുത്രേസ്യാ എങ്കിലും ചിലപ്പോൾ ജപമാല ചൊല്ലുമ്പോൾ പ്രതിസന്ധികൾ ഉണ്ടായിരുന്നു “ ഞാൻ ഒറ്റയ്ക്കു (ഇതു പറയാൻ ഞാൻ ലജ്ഞിക്കുന്നു) ജപമാല ചൊലുക തപശ്ചര്യക്കു മുള്ളരഞ്ഞാണം അണിയുന്നതിനേക്കാൾ ചിലപ്പോൾ ബുദ്ധിമുട്ടാണ്. ” നമുക്കെല്ലാം ഒരു ഓർമ്മ്മ്മപ്പെടുത്തലായി അവൾ പിന്നിട്ഇ പ്രകാരം കുറിച്ചു, “ ഇപ്പോൾ ഞാൻ കുറച്ചേ എകാന്തത അനുഭവിക്കുന്നുള്ളൂ, കാരണം സ്വർഗ്ഗ റാണി എന്റെ അമ്മ ആയതു കൊണ്ടു എന്റെ നല്ല ഉദ്ദേശ്യം അവൾ കാണുന്നു അതിൽ അമ്മ സംതൃപ്തയാണ് .” ദൈവതിിരുമുമ്പിൽ സത്യസന്ധതയോടെ നിലകൊണ്ട കൊച്ചുത്രേസ്യാ നമുക്കൊരു മാർഗ്ഗദീപമാണ്.
7.റോസാപ്പൂക്കൾ വർഷിക്കുന്ന വാഗ്ദാനം ഇന്നും കാത്തു സൂക്ഷിക്കുന്ന ചെറുപുഷ്പം.
ചെറുപുഷ്പത്തിന്റെ ഈ വാക്കുകൾ എനിക്കു മറക്കാൻ കഴിയുന്നില്ല: “ എന്റെ മരണ ശേഷം സ്വർഗ്ഗത്തിൽ നിന്നു ഞാൻ റോസാ പൂക്കൾ വർഷിക്കും. ഭൂമിയിൽ നന്മ ചെയ്യുന്നതിൽ സ്വർഗ്ഗത്തിലെ സമയം ഞാൻ ചെലവഴിക്കും. സ്വർഗ്ഗത്തിൽ കുഞ്ഞു വിശുദ്ധന്മാരുടെ ഒരു സൈന്യം ഞാൻ നിർമ്മിക്കും. ദൈവം എല്ലാവരാലും സ്നേഹിക്കപ്പെടണം അതാണ് എന്റെ ദൗത്യം .” സ്വർഗ്ഗത്തിൽ ഇരുന്നു കൊണ്ടു ഭൂമിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശുദ്ധ ഇങ്ങനെ ഒരു പുണ്യവതി വാഗ്ദാനം നൽകിയിട്ടുണ്ടങ്കിൽ അവളോടു മാധ്യസ്ഥ്യം യാചിക്കാൻ നാം ശങ്കിക്കേണ്ടതില്ല. നമ്മൾ എല്ലാവരും യഥാർത്ഥ പരിശുദ്ധി സ്വന്തമാക്കണമെന്നാണ് അവളുടെ ആഗ്രഹം അതിനാൽ നമ്മുടെ അപേക്ഷകൾക്കു നേരേ അവൾ മുഖം തിരിക്കില്ല.
8. അവളുടെ ടെ കുറുക്കു വഴി ലളിതമാണ്
സ്നേഹവും വിശ്വസ്തതയും അവസാനമായി കൊച്ചുത്രേസ്യായുടെ കുറുക്കുവഴി സ്വർഗ്ഗം നേടാൻ കൂടുതൽ ഫലവത്താണ്. സ്നേഹിക്കുന്ന പിതാവായ ദൈവത്തോടുള്ള സ്നേഹവും അതിലുള്ള അന്ധമായ വിശ്വാസവും ആണ്. ഇവ രണ്ടും സ്വർഗ്ഗത്തിലേക്കു നമ്മെ നയിക്കും. ജിവിതത്തിൽ എന്തു സംഭവിച്ചാലും ദൈവത്തിന്റെ കരങ്ങളിൽ അഭയം തേടുന്ന, എന്തു തെറ്റുകൾ സംഭവിച്ചാലും നമ്മളെ മനസ്സിലാക്കി മാറോടണക്കുന്ന ദൈവ സ്നേഹത്തിലുള്ള വിശ്വാസം നമുക്കും സ്വർഗ്ഗം നേടിത്തരട്ടെ. വിശുദ്ധ കൊച്ചുത്രേസ്യാ ആദ്യം കൂട്ടി വായിക്കാൻ പഠിച്ച വാക്ക് “സ്വർഗ്ഗം” ആണങ്കിൽ നമ്മളും മറക്കാതെ മനസ്സിൽ സൂക്ഷിക്കേണ്ട വാക്കും ലക്ഷ്യവും ” സ്വർഗ്ഗം “ ആയിരിക്കണം.
ഫാ. ജയ്സൺ കുന്നേൽ mcbs