December 3, 2021
യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്
ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്.
അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ടുകളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കും.
പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവർത്തകർ സേവനം നൽകുക. ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ, വയോജനങ്ങൾ, ഇവരുമായി വരുന്ന കുടുംബാംഗങ്ങൾ എന്നിവർക്ക് പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്. തിരുവനന്തപുരം എയർപോർട്ടിലെ സജ്ജീകരണങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി.
പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലൻസിൻ പ്രത്യേക വാർഡുകളിൽ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവർക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. യാത്രക്കാർ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മിൽ നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാർട്ടീഷൻ ചെയ്യണം. ഡ്രൈവർ മാസ്‌കും ഫേസ് ഷീൽഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയിൽ നിർത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണം.
ക്വാറന്റീനിലുള്ളവർ വീട്ടിൽ പ്രത്യേകമായി ടോയിലറ്റ് സൗകര്യമുള്ള മുറിയിൽ തന്നെ കഴിയണം. വായൂ സഞ്ചാരം കടക്കുന്ന മുറിയായിരിക്കണം. ക്വാറന്റീനിലുള്ള കാലയളവിൽ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകരുത്. ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പരിശോധന നടത്തേണ്ടതാണ്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ പോസിറ്റീവായാൽ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കുന്നതാണ്.
നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷിക്കണം. സ്വയം നിരീക്ഷണ സമയത്ത് ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്. വീട്ടിലും പുറത്തും ശരിയായ വിധം മാസ്‌ക് ധരിക്കണം. എല്ലാവരും ജാഗ്രത പാലിച്ചാൽ ഒമിക്രോണെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.