“ഒരു ഗ്ലാസ് പാൽ താങ്ങളുടെ ആശുപത്രി ബിൽ പൂർണ്ണമായും അടച്ചിരിക്കുന്നു.”

എല്ലാ വർഷവും നവംബർ പതിമൂന്നാം തീയതി ലോക ദയാ ദിനമായി (World Kindness Day) ആചരിക്കുന്നു. ലോക ദയാ ദിനം ആദ്യമായി സംഘടിപ്പിച്ചത് 1998-ൽ The Kindness Movement എന്ന സംഘടനയാണ്. സഹ മനുഷ്യരോട് സഹാനുഭൂതിയും അനുകമ്പയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക ദയാ ദിനത്തിൻ്റെ ലക്ഷ്യം നിരവധി ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോക ദയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വ്യക്തി സാമൂഹ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മഹത്തായ ഒരു പുണ്യമാണ് ദയ. ദയ എന്ന വികാരം മനുഷ്യ മനസ്സില്‍ നിന്ന് ഇല്ലാതാകയാല്‍ ലോകത്തിൻ്റെ താളക്രമത്തെത്തന്നെ അതു ബാധിക്കും.

ഡോ ഹോവാർഡ് കെല്ലി (1858-1943) ലോക പ്രശസ്തനായ ഒരു മെഡിക്കൽ ഡോക്ടറാണ്. അമേരിക്കയിലെ ആദ്യത്തെ മെഡിക്കൽ ഗവേഷണ സർവകലാശാലയായ ജോൺസ് ഹോപ്കിൻസിൻ്റെ നാല് സ്ഥാപക ഡോക്ടർമാരിൽ ഒരാളായിരുന്നു ഡോ. കെല്ലി . അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ലോക ദയാദിനത്തിൽ നമ്മളെയും കൂടുതൽ ദയയുള്ളവരാക്കാൻ സഹായിക്കും.

സ്‌കൂളിലെ ഫീസടയ്ക്കാനായി വീടുവീടാന്തരം കയറി ചെറിയ സാധനങ്ങൾ വിൽക്കുന്ന ഒരു ജോലിയായിരുന്നു ചെറുപ്പകാലത്ത് ഹോവാർഡ് ചെയ്തിരുന്നത്.

ഒരു ദിവസം അവൻ്റെ കൈയിൽ ഒരു പെന്നി മാത്രമേ ഉണ്ടായിരുന്നള്ളു. ഉച്ചഭക്ഷണത്തിന് അത് തികയുമായിരുന്നില്ല

വിശപ്പു സഹിക്കാനാവാതെ അടുത്ത വീട്ടിൽ ഭക്ഷണം ചോദിക്കാമെന്ന് അവൻ തീരുമാനിച്ചു.

കോളിംഗ്ബെൽ അടിച്ചപ്പോൾ സുന്ദരിയായ ഒരു യുവതി വാതിൽ തുറന്നപ്പോൾ ഭക്ഷണം ചോദിക്കാൻ അവൻ്റെ ആത്മാഭിമാനം അനുവദിച്ചില്ല.

ഭക്ഷണത്തിന് പകരം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടു.

അവൻ്റെ വിശപ്പ് മുഖത്തു നിന്നു വായിച്ചെടുത്ത ആ യുവതി ഒരു വലിയ ഗ്ലാസ് പാൽ കൊണ്ടുവന്നു അവനു കൊടുത്തു

അവൻ അത് പതുക്കെ കുടിച്ചിട്ട് ചോദിച്ചു, ഞാൻ താങ്ങളോട് എത്ര കടപ്പെട്ടിരിക്കുന്നു?

“നിങ്ങൾ എന്നോട് ഒന്നും കടപ്പെട്ടിട്ടില്ല, ”അവൾ മറുപടി പറഞ്ഞു.

” കാരുണ്യ പ്രവർത്തികൾക്ക് പ്രതിഫലം ഒരിക്കലും സ്വീകരിക്കരുതെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചുണ്ട്.” അവൾ കൂട്ടിച്ചേർത്തു.

“എങ്കിൽ എൻ്റെ ഹൃദയത്തിൽ അഗാധത്തിൽ നിന്ന് താങ്ങളോട് നന്ദി പറയുന്നു.” ഇത്രയും പറഞ്ഞ് ആ ബാലൻ നടന്നകന്നു.

വീടുവിട്ടിറങ്ങുമ്പോൾ അവനു ശാരീരികമായി കൂടുതൽ ശക്തിയും ഉന്മേഷവും തോന്നി, ദൈവത്തിലും മനുഷ്യരീലുമുള്ള അവൻ്റെ വിശ്വാസം ശക്തമായിരുന്നു.

ഇതിനിടയിൽ ആ ബാലൻ പഠിച്ചു വളർന്ന് ഡോക്ടറായി. നഗരത്തിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ ഒരു ചീഫ് ഫിസീഷ്യൻ ആയി

വർഷങ്ങൾ പിന്നെയും കടന്നു, ഡോ. കെല്ലിക്കു ഒരു ഗ്ലാസ്സു പാൽ നൽകിയ ആ യുവതി ഇന്നു ഗുരുതരമായ ഒരുരോഗാവസ്ഥയിലായി.

ഗ്രാമത്തിലെ ഡോക്ടർമാർ പരിശോധിച്ചെങ്കിലും രോഗകാരണം കണ്ടെത്തിയില്ല. അവസാനം അവർ അവളെ നഗരത്തിലേ സൂപ്പർ സെപ്ഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു. അവൾ എത്തിയത് ഡോ. ഹോവാർഡ് കെല്ലിയുടെ ആശുപത്രിയിലായിരുന്നു.

കൺസൾട്ടേഷനായി ഡോ. ഹോവാർഡ് ആ യുവതിയെ വിളിച്ചു. അവൾ വന്ന ഗ്രാമത്തിൻ്റെ പേര് കേട്ടപ്പോൾ അവൻ്റെ കണ്ണുകളിൽ തിളക്കമുള്ള ഒരു പ്രകാശം പരക്കുന്നുണ്ടായിരുന്നു

പരിശോധനക്കായി അവളെ മുറിയിലേക്ക് മാറ്റി.

ഡോക്ടറുടെ ഗൗൺ ധരിച്ച് അയാൾ അവളെ കാണാൻ അകത്തേക്ക് പോയി.

അവൻ അവളെ പെട്ടെന്ന് തിരിച്ചറിഞ്ഞു.

അവളുടെ ജീവൻ രക്ഷിക്കാൻ തന്നാലാവുന്നത് ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെ ഡോ. കെല്ലി കൺസൾട്ടേഷൻ റൂമിലേക്ക് മടങ്ങി.

അന്നുമുതൽ ഡോ. കെല്ലി അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.

ഒരു നീണ്ട ചികത്സയ്ക്കു ശേഷം, ആ സ്ത്രീ രോഗ വിമുക്തയായി.

ഡിസ്ചാർജിനുള്ള തിയതിയായി

ഡോ. കെല്ലി RRO യെ വിളിച്ചു, ആ രോഗിയുടെ ഹോസ്പിറ്റൽ ബിൽ ആവശ്യപ്പെട്ടു. ബിൽ അടച്ചശേഷം അവൻ അതിൽ ഒരു കുറിപ്പെഴുതി അവളുടെ പക്കലേക്കു കൊടുത്തുവിട്ടു

ജീവിതസമ്പാദ്യം മുഴുവൻ നൽകിയാലും ആശുപത്രിബിൽ അടയ്ക്കാൻ സാധിക്കില്ലന്നു മനസ്സിലാക്കിയ അവൾ അത് തുറക്കാൻ ഭയപ്പെട്ടു,

മനസ്സില്ലാമനസ്സോടെ ബിൽ കവർ തുറന്ന അവളെ കത്തിരുന്നത് ഒരു കുറിപ്പായിരുന്നു

“ഒരു ഗ്ലാസ് പാൽ താങ്ങളുടെ ആശുപത്രി ബിൽ പൂർണമായും അടച്ചിരിക്കുന്നു.”

(ഒപ്പ്) ഡോ ഹോവാർഡ് കെല്ലി”

സന്തോഷത്താൽ അവളുടെ ഹൃദയത്തിൽ നിന്നു വന്ന പ്രാർത്ഥന ഉരുവിടുമ്പോൾ ആ കണ്ണുകളിൽ ആനന്ദാശ്രുക്കൾ കാണാമായിരുന്നു : “ദൈവമേ, നിൻ്റെ സ്നേഹം മനുഷ്യഹൃദയങ്ങളിലൂടെയും കൈകളിലൂടെയും വ്യാപിച്ചതിന് നന്ദി.”

ഫാ . ജെയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്