
ഉപചാര വാക്കുകളോ, വാഴ്ത്തിപ്പാടലുകളോ ഇല്ല. ആഘോഷമായ സദ്യവട്ടങ്ങളോ, പ്രൗഢ ഗംഭീരമായ സദസ്സോ, വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യമോ ഒരു പത്രക്കാരൻ പോലുമോ ഇല്ല. തിരുവനന്തപുരം അതിരൂപതാ വൈദികരുടെ കൂട്ടായ്മയിൽ വച്ച് രണ്ട് ദിവസം മുന്നേ ലളിതമായ ഒരു കേക്ക് മുറിക്കൽ, അത്രമാത്രം. 30 കൊല്ലക്കാലം തിരുവനന്തപുരം അതിരൂപതയെ മുന്നിൽ നിന്നു തന്നെ നയിക്കുകയായിരുന്ന സൂസപാക്യം പിതാവിന്റെ ജീവിതത്തിലെ ഇത്രയേറെ പ്രാധാന്യമേറിയ-ആഘോഷിക്കേപ്പെടേണ്ട മുഹൂർത്തം യാതോരാഘോഷവുമില്ലാത്ത മറ്റൊരു സാധാരണ ദിവസമായി മാറുമ്പോൾ ഇക്കാര്യം രൂപതയിലെ ആരെയും അത്ഭുതപ്പെടുത്തുന്നതേയില്ല എന്നതാണ് സത്യം. സുദീർഘമായ ഈ കാലഘട്ടത്തിൽ അദ്ദേഹം പുലർത്തിയ വ്യക്തിപരമായ ലാളിത്യവും നിലപാടുകളിലെ സ്ഥിരതയും വൈദികർക്ക് സുപരിചിതമാണെന്നതാണ് കാരണം.

തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1946 മാർച്ച് 11 നായിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1958-ിൽ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്കു ശേഷം 1990 -ിൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു. തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തപ്പെട്ടതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും മാറി. മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ടു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആധ്യാത്മിക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും, സുവിശേഷ തീക്ഷ്ണതയും, ലാളിത്യവുമൊക്കെത്തന്നെയായിരുന്നു
പൊതു ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തിരുവനന്തപുരത്തിന്റെ തീരദേശ ഇടവകകളിൽ സാമൂഹിക ഉന്നമനത്തിനും മാറ്റത്തിനുമായി നിശബ്ദമായി-നിരന്തരമായി പോരാടിയ വ്യക്തി എന്നായിരിക്കും. മാറ്റമുണ്ടാവുന്നത് ഉയർന്ന ശബ്ദം കൊണ്ടോ തുടർച്ചയായ അഭിപ്രായപ്രകടനങ്ങൾ കൊണ്ടോ അല്ലെന്നും നിരന്തരമായ പ്രാർഥനയിലൂടെയും, വ്യക്തിപരമായ തിരുത്തലുകളിലൂടെയും, മുൻപേ നടക്കുന്ന മാതൃകയിലൂടെയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മദ്യം ഇന്നത്തെ മലയാളി സമൂഹത്തിനൊരു സ്റ്റേറ്റസ് സിമ്പലും, സോഷ്യലൈസേഷൻ ഉപാധിയും, പുതിയ നോർമലും ആണെങ്കിൽ. വെറും 20 വർഷങ്ങൾക്ക്മുമ്പ് വരെ മാത്രം അത് ഒരു സമൂഹത്തെയും തലമുറയെത്തന്നെയും ദാരിദ്ര്യത്തിലേക്കും അബോധത്തിലേക്കും നാശത്തിലേക്കും വലിച്ചിഴച്ച ശാപമായിരുന്നു. അത് തിരിച്ചറിയുമ്പോൾ മാത്രമേ ലവലേശം വിട്ടുവീഴ്ചയില്ലാത്ത മദ്യത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടിൻറ നൈതികതയും കാലികപ്രസക്തിയും മനസ്സിലാക്കാനാവു. മദ്യം മാത്രമല്ല സാമ്പത്തിക ദുർവ്യയവും, സമ്പാദ്യശീലമില്ലായ്മയും, ആഡംബരവും, ധൂർത്തും കൊടികുത്തിവാണിരുന്ന ഒരു സമൂഹത്തിനു മുന്നിൽ നിന്നു കൊണ്ടാണ് ആദ്യം പള്ളി തിരുനാളുകൾ തന്നെ ചെലവ് കുറച്ച് നടത്തി മാതൃക കാണിക്കുവാനുള്ള നിർദ്ദേശം നൽകിയത്. (കലാ പരിപാടികളും വെടിക്കെട്ടും നടത്തി കൊടുക്കാത്തതിനാൽ സ്വന്തം വൈദികരെ പോലും പിൻവലിക്കേണ്ടിവന്നിട്ടും നിലപാടിൽ മാറ്റമൊന്നും ഉണ്ടായില്ല!) അതേ സാമ്പത്തിക അച്ചടക്കം സ്വന്തം സഹപ്രവർത്തകർക്കിടയിൽ മുറുമുറിപ്പിന് കാരണമാകുമ്പോഴും അതൊന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് തടസ്സമാകുന്നില്ല.

കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രവർത്തനങ്ങളും, നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ പ്രക്ഷോഭവും, പാരിസ്ഥിതിക ഇടപെടലുകളും സുനാമിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും, ഓഖി അവസരത്തിലെ ഇടപെടലുകളുമെന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ പറയാനാകുമെങ്കിലും, 2017 -ിൽ ഓഖി ദുരന്തം സംഭവിച്ചപ്പോൾ ക്യാമറയുടെയോ പത്രപ്രവർത്തകന്റെയോ അകമ്പടിയില്ലാതെ എല്ലാ മരണവീട്ടിലും നടന്നെത്തിയതും മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചതും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതും, അദ്ദേഹം രോഗാവസ്ഥയിലായിരുന്നപ്പോൾ അതേ വിശ്വാസി സമൂഹം അദ്ദേഹത്തിന് വേണ്ടി തിരികെ പ്രാർഥിച്ചതും മറക്കാനാകില്ല.

വാൽക്കഷണം: അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കും അവ നടപ്പിലാക്കുന്നതിനും നിലപാടുകൾക്കും പിന്നിൽ തീർച്ചയായും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടം പേരുണ്ട് എന്നത് തീർച്ചയാണെങ്കിലും ഇന്ന് സൂസപാക്യം പിതാവിനെയോർത്ത് ദൈവത്തിന് നന്ദി പറയാം. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കാം.
