ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം

ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15.ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്.കലാമിന്റെ മരണശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.വിദ്യാര്‍ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും.

എന്നും വിദ്യാർത്ഥികൾക്കൊപ്പം

ഐ.എസ്.ആർ.ഒ.യിൽ നിന്നും വിശ്രമ ജീവിതത്തിൽ പ്രവേശിച്ചപ്പോഴും വിദ്യാർഥികൾക്കൊപ്പം കൂടുതൽ സമയവും ചെലവഴിക്കാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടിരുന്നത്. 2020 ആകുമ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രങ്ങളിൽ ഒന്നാകണമെന്നായിരുന്നു സ്വപ്നം.വികസിത രാഷ്ട്രമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ വിദ്യാർത്ഥികൾക്ക് ആവേശം നൽകുമായിരുന്നു.അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഒരാൾ ഇന്ന് ഒരു യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസറാണ്.അദ്ദേഹമെഴുതുന്ന പുസ്തകങ്ങൾ യുവാക്കൾക്ക് ആവേശം നൽകുന്നതും ജീവിതത്തിൽ അനുഷ്ഠിക്കേണ്ടതായ സന്ദേശങ്ങളും
ഉദ്ധരണികളുമടങ്ങിയതായിരുന്നു.മില്യൻ കണക്കിന് ജനങ്ങൾ പുസ്തകങ്ങൾ വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അബ്ദുൾ കലാം ഈ ലോകത്ത് വെറുതേ ജീവിച്ച് പോയ ഒരു മനുഷ്യനായിരുന്നില്ല.ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു.അദ്ദേഹത്തിന്റെ ജീവിതം തന്നെ നമുക്ക് ഒരു പാഠപുസ്തകമാണ്.അസാധാരണമായ ഇച്ഛാശക്തിയും ഭാവാത്മകമായ സമീപനവും കൊണ്ട് ഒരു ജനതയ്ക്ക് മുഴുവൻ പ്രേരണയും അഭിമാനവുമായ വ്യക്തി.

അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വറ്റാത്ത നീരുറവകള്‍ പോലെയാണ്. കാലത്തിന് അതീതമായി അത് തലമുറകള്‍ കൈ മാറുക തന്നെ ചെയ്യും.ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകള്‍ ബാധിക്കാന്‍ കലാം അനുവദിച്ചില്ല.മനുഷ്യരുമായുള്ള എല്ലാ സംഗമങ്ങളില്‍നിന്നും താന്‍ പഠിക്കുകയാണ് എന്നദ്ദേഹം എഴുതി.അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.”വിദ്യാർത്ഥിയുടെ ഏറ്റവും വലിയ സവിശേഷത ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്.നമുക്ക് വിദ്യാർത്ഥികളെ ചോദിക്കാൻ അനുവദിക്കാം”.

പത്രക്കെട്ടുകളിൽ നിന്ന് മിസൈലുകളിലേക്ക്

ജനിച്ചു വീണ നാട്ടിൽ തെരുവുകളിലെ ഓർമ്മകളുമായി പമ്പൻ പാലത്തിന്റെ പതനവും ദർശിച്ച് പിതാവിന്റെ ബിസിനസും തകരുന്നത് കണ്ട് ദാരിദ്ര്യം എന്തെന്നനുഭവിച്ച അബ്ദുൾ കലാം എന്ന ബാലൻ ഉയരങ്ങൾ താണ്ടിക്കൊണ്ടു ഇന്ത്യയുടെ മിസൈൽമാനും ഭാരതത്തിന്റെ പ്രഥമ പൗരനെന്ന സ്ഥാനവും അലങ്കരിച്ചു.പത്രക്കെട്ടുകളുമായി തെരുവുകളിൽ നടന്ന ഈ ബാലൻ ഇന്ത്യയുടെ മിസൈലുകൾ നിർമ്മിക്കാൻ കൈകളേന്തിയതും അത്ഭുത പ്രതിഭാസമെന്നേ പറയാൻ സാധിക്കുകയുള്ളൂ.കാലം അതിനു ദൃക്‌സാക്ഷിയാകുകയും ചെയ്തു.

അബ്ദുൾ കലാം,സീനിയർ ക്ലാസ്സിൽ പഠിക്കുന്ന സമയം അദ്ദേഹത്തിൻറെ കോളജ് ഡീൻ കലാമിന്റെ പഠന പുരോഗതിയിൽ തൃപ്തനായിരുന്നില്ല.മൂന്നു ദിവസത്തിനുള്ളിൽ ഒരു പ്രോജക്റ്റ് പൂർത്തിയാക്കിയില്ലെങ്കിൽ അദ്ദേഹത്തിൻറെ സ്കോളർഷിപ്പ് തടയുമെന്നും ഭീഷണിപ്പെടുത്തി.ഡീനിനെ തൃപ്തിപ്പെടുത്താൻ ആ വെല്ലുവിളി സ്വീകരിച്ചു.അദ്ദേഹം ഭംഗിയായി പ്രോജക്റ്റ് പൂർത്തിയാക്കി ഡീനിനു സമർപ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ ഡീൻ അതിൽ പ്രതികരിച്ചുകൊണ്ട് ‘കലാമിന്റെ കഴിവ് എത്രമാത്രമെന്നറിയാനായുള്ള ഒരു പരീക്ഷണമായിരുന്നുവെന്നും മനഃപൂർവം മനഃക്ലേശമുണ്ടാക്കിയതാണെന്നും’ അദ്ദേഹത്തോടു പറയുകയുണ്ടായി.

പഠനം പൂർത്തിയാക്കിയ ശേഷം പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തിൽ 1958 -ൽ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. എയർ ഫോഴ്സിൽ ഒരു പൈലറ്റാകാനുള്ള മോഹം നടന്നില്ല. എട്ടുപേരെ ആവശ്യമുള്ളി ടത്ത് അദ്ദേഹം ഒമ്പതാമനായിരുന്നു.പിന്നീട് ഐ.എസ്.ആർ.ഒ.യിൽ,1969-ൽ പ്രൊജക്റ്റ് ഡയറക്റ്ററായി ചുമതലയെടുത്തു.ആദ്യത്തെ സാറ്റലൈറ്റ് ആയ എസ്.എൽ.വി-1 ഇന്ത്യൻ മണ്ണിൽ തന്നെ നിർമ്മിക്കാനുള്ള ഡിസൈൻ ചെയ്തു.

1982-ൽ അദ്ദേഹം വീണ്ടും ഡി.ആർ.ഡി. ഓ യിൽ മടങ്ങി വന്നു.അവിടെനിന്നു കൂടുതൽ പരിഷ്കൃതങ്ങളായ മിസൈലിന്റെ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടർന്നുകൊണ്ടിരുന്നു. അവിടെ 1992 -ൽ പ്രതിരോധ വകുപ്പിൽ സീനിയർ സയന്റിഫിക് അഡ്വൈസർ ആയി ചാർജെടുത്തു.ശാസ്ത്രീയമായ നേട്ടങ്ങൾക്കായി ഇന്ത്യ ന്യൂക്ലീയർ ടെസ്റ്റ് നടത്തണമെന്ന പ്രചരണങ്ങളും ആരംഭിച്ചു.

1998 -ലെ പൊക്രാൻ-2 ന്യുക്ലിയർ വിസ്പോടനത്തിന്റെ പ്രധാന സൂത്രകാരനായിരുന്നു.അന്നേ ദിവസം അഞ്ചു ന്യുക്ലിയർ ഡിവൈസുകൾ തുടർച്ചയായി രാജസ്ഥാനിലെ മരുഭൂമിയിൽ പരീക്ഷിച്ചു.മറ്റുള്ള രാജ്യങ്ങൾ ഇന്ത്യയുടെമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെങ്കിലും അന്നുമുതൽ കലാമിനെ രാജ്യത്തിന്റെ ദേശീയ നേതാവായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയെന്ന അംഗീകാരത്തോടെ രാഷ്ട്രത്തിന്റെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.

ഭാരതത്തിന്റെ റോക്കറ്റു നിർമ്മാണത്തിനോടനുബന്ധിച്ചുള്ള ചുമതല അദ്ദേഹത്തിനായിരുന്നു.അതിന്റെ ആദ്യത്തെ ഡയറക്ടറുമായിരുന്നു. റോക്കറ്റ് ചരിത്ര പരമ്പരകളിലെ നേട്ടങ്ങളായിരുന്ന എസ്.എൽ.വി, രോഹിണി എന്നിവകൾ വിജയകരമായി വിക്ഷേപിക്കുന്നതിനുള്ള പ്രധാന പങ്കാളിത്തവും വഹിച്ചിരുന്നു. പൊക്രാൻ ന്യുക്‌ളീയർ ടെസ്റ്റുകളുടെ വിജയം ലോക രാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ ശക്തി തെളിയിക്കാനും യശസ് ഉയർത്താനും സാധിച്ചു.കൂടാതെ അദ്ദേഹത്തിൻറെ ശാസ്ത്രീയ വിജയങ്ങൾ ഭാരതത്തിലെ പട്ടാളത്തിനൊരു നേട്ടവുമായിരുന്നു.

സാധാരണക്കാരിലൊരുവൻ

ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.ഈദും ബക്രീദും പോലുള്ള ആഘോഷങ്ങളിൽ പങ്കുചേരാതെ തനിക്കു കിട്ടുന്ന ശമ്പളത്തിന്റെ വീതം ആ നാളുകളിൽ അനാഥാലയങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനായി കൊടുക്കുമായിരുന്നു. ഏകനായി ജീവിച്ചിരുന്ന അദ്ദേഹം ഒരിക്കലും വിവാഹിതനായിരുന്നില്ല.എല്ലാക്കാലവും സസ്യാഹാരമേ കഴിക്കുമായിരുന്നുള്ളൂ.

ഔദ്യോഗിക ജോലികളിൽ വിശ്രമമില്ലാതെ അദ്ദേഹം ജോലി ചെയ്യുമായിരുന്നു.ഒരു മിനിറ്റും പാഴാക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഉന്നത ഡിഗ്രികളുണ്ടായിട്ടും സാമ്പത്തികമായ മെച്ചപ്പെട്ട ജോലികൾ വിദേശത്തുനിന്നും വാഗ്ദാനങ്ങൾ വന്നിട്ടും പുറം രാജ്യങ്ങളിൽ ജോലി ചെയ്യാൻ ഒരിക്കലും അദ്ദേഹം താല്പര്യപ്പെട്ടില്ല.സ്വന്തം മാതൃരാജ്യത്തെ സേവിക്കുകയെന്നത് ജീവിത ലക്ഷ്യമായിരുന്നു.

അദ്ദേഹത്തിൻറെ ബന്ധുജനങ്ങൾ ഇന്നും സാധാരണ ജനങ്ങളാണ്.ഇതെല്ലാം ആ എളിയ ജീവിതത്തിന്റെ വിശ്വസ്തതയും ആത്മാർത്ഥതയും സത്യസന്ധതയുമാണ് വെളിവാക്കുന്നത്.ജീവിച്ചിരുന്ന നാളുകളിൽ അദ്ദേഹത്തിന് ലഭിച്ചിരുന്ന ശമ്പളത്തിന്റെ വീതം ബന്ധുജനങ്ങൾക്കും കൃത്യമായി അയച്ചുകൊടുക്കുമായിരുന്നു.സ്വന്തം വ്യക്തിപരമായ ചെലവുകൾക്കായി സർക്കാർ ഫണ്ടുകൾ ഒരിക്കലും വിനിയോഗിച്ചിട്ടില്ല.ഒരിക്കലും അദ്ദേഹം അവധി എടുക്കില്ലായിരുന്നു.പകരം വിശ്രമ വേളകളിൽ ഇന്ത്യൻ പട്ടാളത്തോടും വിദ്യാർഥികളോടൊപ്പവും സമയം ചെലവഴിച്ചിരുന്നു.

അദ്ദേഹം നെഞ്ചോട് ചേർത്ത സ്വപ്നങ്ങൾ മധുരങ്ങളായി ഭാരതത്തിലെ ഓരോ യുവാക്കളിലും പകർന്നു കഴിഞ്ഞു.ലോകം കണ്ടതിൽ വെച്ച് വലിയൊരു ശാസ്ത്ര പണ്ഡിതനായിരുന്നെങ്കിലും,ഇന്ത്യയുടെ രാഷ്ട്രപതിപദം അലങ്കരിച്ചിരുന്നെങ്കിലും,എന്നും സുന്ദരവും ലളിതവുമായ ഒരു ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.മഹാനായ, ജനകീയനായ അബ്ദുൾ കലാം വിട പറഞ്ഞിട്ടും ചരിത്രമെന്നും ആ സൗമ്യനായ മനുഷ്യനൊപ്പമുണ്ട്.ഉയരങ്ങൾ എത്തിപിടിക്കണമെന്ന മോഹങ്ങളുമായി കഴിയുന്ന ഭാരതത്തിലെ വിദ്യാർത്ഥികൾക്ക് ആ ധന്യജീവിതം എന്നും പ്രചോദനമരുളും.

ഭാരതീയ കലകളെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വം

ഖുറാനും ഇസ്‌ലാമിക വിശ്വാസങ്ങളും നെഞ്ചോടു ചേർത്തു വെച്ചിരുന്നെങ്കിലും ഭാരതത്തിന്റെ പൈതൃക മതമായ ഹൈന്ദവത്വത്തിൽ അദ്ദേഹത്തിനു അഗാധമായ പാണ്ഡ്യത്യവുമുണ്ടായിരുന്നു.ഭാരതീയ സംസ്കാരങ്ങളെ ഏറെ ബഹുമാനത്തോടെ അടുത്തറിഞ്ഞിരുന്നു.സംഗീതത്തിൽ അതീവ പ്രിയങ്കരനായിരുന്നു.സംസ്കൃതം പഠിക്കുകയും ഭഗവത് ഗീത സംസ്കൃതത്തിൽ വായിക്കുകയും ചെയ്യുമായിരുന്നു.മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷരങ്ങളെയും വാക്കുകളെയും അഗാധമായി സ്‌നേഹിച്ചു.

കര്‍ണാടക സംഗീതത്തിന്റെ സാന്ദ്രത ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നു.യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തിനെയും വീണവായനയെയുമാണ് ആശ്രയിച്ചിരുന്നത്.കലാകാരൻമാരെ രാഷ്ട്രപതിഭവനിലേക്ക് വിളിച്ച്‌ ആദരിച്ചിരുന്നു.എല്ലാ മതങ്ങളും ഒന്നായി ഇന്ത്യയുടെ ഒരേ ശബ്ദമായി,ഒരേ ആത്മാവിൽ പരിണമിക്കാനും അദ്ദേഹം ആഗ്രഹിച്ചു.ബൈബിളും,ഖുറാനും,ഗീതയും വായിക്കുകയെന്നത് അദ്ദേഹത്തിൻറെ ജീവിതനിഷ്ഠയിലുള്ളതായിരുന്നു.ഇസ്‌ലാമിക ചിന്തകളിലും ആചാരങ്ങളിലും ജീവിച്ചിരുന്നെങ്കിലും ഒരിക്കലും തീവ്ര മനോഭാവമോ യാഥാസ്ഥിതികത്വമോ പുലർത്തിയിരുന്നില്ല.

ജനകീയ പ്രസിഡണ്ട്

ഒരു രാഷ്ട്രപതിയെന്നുള്ളത് അലംകൃതമായ പദവിയാണെങ്കിലും അദ്ദേഹത്തെ ജനകീയ പ്രസിഡണ്ടായി ജനങ്ങൾ അവരുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു.രാജ്യത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനായ പ്രസിഡണ്ടും കൂടിയായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാരനല്ലാത്ത പ്രസിഡണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നില്ല.

അദ്ദേഹത്തിൻറെ അഞ്ചു വർഷ പ്രസിഡന്റ് ഭരണകാലയളവിൽ ലക്ഷക്കണക്കിന് യുവജനങ്ങളുമായി ഇടപഴുകുകയും അവരുടെ കാഴ്ചപ്പാടുകളെ ദർശിക്കുകയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.രാജ്യത്തിന്റെ ഭാവി,യുവജനങ്ങളിൽ അധിഷ്ഠിതമെന്നു വിശ്വസിച്ചിരുന്നു.2003-ലും 2006-ലും എം.ടി.വി.അദ്ദേഹത്തെ യുവജനങ്ങളുടെ ഐക്കണായി തെരഞ്ഞെടുത്തു.

സ്നേഹത്തോടെ ആരു സമ്മാനങ്ങൾ അദ്ദേഹത്തിനു നൽകിയാലും നിരസിക്കില്ലായിരുന്നു.സമ്മാനം കൊടുക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ലായിരുന്നു.ശേഖരിച്ചു വെച്ചിരിക്കുന്ന സമ്മാനങ്ങൾ മുഴുവൻ പിന്നീട് രാജ്യത്തിലെ മ്യൂസിയങ്ങൾക്ക് നൽകുമായിരുന്നു.ഒരിക്കൽ അദ്ദേഹം തന്റെ ബന്ധുജനങ്ങളിൽപ്പെട്ട അമ്പതുപേരെ രാഷ്ടപതി ഭവനിൽ ക്ഷണിക്കുകയും അവിടെ ഏതാനും ദിവസങ്ങൾ അവരോടൊപ്പം താമസിക്കുകയുമുണ്ടായി. അവർക്കുവേണ്ടി സർക്കാർ ചെലവാക്കിയ പണം അദ്ദേഹം സ്വന്തം ശമ്പളത്തിൽനിന്നും മടക്കിക്കൊടുക്കുകയാണുണ്ടായത്.അങ്ങനെ ചരിത്രത്തിൽ മറ്റൊരു പ്രസിഡണ്ടും ചെയ്തിട്ടില്ല.

കലാം കണ്ട സ്വപ്നങ്ങൾ

അബ്ദുൾ കലാം,2007-ൽ പ്രസിഡന്റ് പദവിയിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തിരുന്നു.2011-ൽ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഒരു സംഘടന രൂപീകരിച്ചു.2012-ൽ ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള ഹെൽത്ത് കെയറിനും ശ്രമിച്ചു കൊണ്ടിരുന്നു.ജനങ്ങളിൽ സൽഗുണങ്ങൾ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസം ,അർഹിക്കുന്ന ഒരു വിദ്യാർത്ഥിക്കുപോലും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പിക്കുകയും,സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവർക്കും പഠിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യേണ്ട നടപടികൾ കലാം സപ്നം കണ്ടു.

2020-ൽ ഇന്ത്യയെ ഒരു മഹാശക്തിയാക്കാനുള്ള പ്രവർത്തനമണ്ഡലങ്ങളെപ്പറ്റി അദ്ദേഹം അനേകതവണകൾ സൂചിപ്പിച്ചിരുന്നു.ഇന്ത്യയുടെ ന്യൂക്ലിയറായുധങ്ങളുടെ പദ്ധതികൾ വികസിപ്പികയെന്നതാണ് പോംവഴിയെന്നും എങ്കിലേ ശാക്തിക കച്ചേരികളിൽ നമുക്കു വന്നെത്താൻ സാധിക്കൂവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

കൃഷിയും ഭക്ഷ്യോപാദനവും വർദ്ധിപ്പിക്കുക, വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും മെച്ചപ്പെടുത്തുക, വിവര സാങ്കേതിക വിദ്യയും മറ്റു ടെക്നോളജികളും കാലത്തിനനുയോജ്യമായി വികസിപ്പിക്കുക,രാജ്യാന്തര ഘടനകളിൽ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളും വരുത്തുക,വൈദ്യുതി ശക്തി എല്ലാ ഗ്രാമങ്ങളിലും എത്തിക്കുക,നിർണ്ണായകമായ ടെക്‌നോളജിയിൽ മറ്റുള്ളവരെ ആശ്രയിക്കാതെയുള്ള നയങ്ങൾ തുടരുക മുതലായ വസ്തുതകൾ അദ്ദേഹം എന്നും ഊന്നിപ്പറയുമായിരുന്നു.അങ്ങനെയെങ്കിൽ ഭാരതം സാമ്പത്തികമായും ദേശീയ സുരക്ഷിത മേഖലകളിലും പരിപൂർണ്ണത നേടുമെന്നു കലാം വിശ്വസിച്ചിരുന്നു.

ഡോക്ടർ കലാം 2015 ജൂലൈ ഇരുപത്തിയേഴാം തിയതി തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായി മരണമടഞ്ഞു. മരണസമയം പോലും അദ്ദേഹം ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.മരിക്കുമ്പോൾ എൺപത്തി മൂന്നു വയസു പ്രായമുണ്ടായിരുന്നു. അബ്ദുൾകലാമിന്റെ ഭൗതിക ശരീരം രാമേശ്വരത്തുള്ള പേയി കരിമ്പു മൈതാനത്തു പൂർണ്ണമായ രാഷ്ട്ര ബഹുമതികളോടെയും കര നാവിക വൈമാനിക സൈനിക അകമ്പടികളോടെയും സംസ്‌ക്കരിച്ചു.നാലു ലക്ഷം ജനങ്ങളോളം സംസ്ക്കാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു.

ലോകത്തിന്റെ അംഗീകാരങ്ങൾ

രാഷ്ട്രത്തിന്റെ അംഗീകാരമായി ബഹുവിധ ഉന്നത ബഹുമതികൾ ജീവിച്ചിരുന്ന നാളുകളിൽ നേടിയിട്ടുണ്ട്. നാൽപ്പതിൽപ്പരം യൂണിവേഴ്‌സിറ്റികളിൽ നിന്നും ഹോണററി ഡോക്ടറേറ്റ് നൽകി. 1981-ൽ പത്മഭൂഷണും 1990 -ൽ പത്മവിഭൂഷണും ലഭിച്ചു. 1997-ൽ ഏറ്റവും വലിയ അവാർഡായി ഭാരത രത്നയും നേടി. ഇന്ത്യയുടെ ആധുനിവൽക്കരിച്ച പ്രതിരോധ ടെക്കനോളജിയുടെ പിതാവെന്ന നിലയിൽ രാഷ്ട്രം അദ്ദേഹത്തെ ആദരിക്കുന്നു. അദ്ദേഹം അനേക ബുക്കുകളും എഴുതിയിട്ടുണ്ട്. 1999-ൽ വിങ്‌സ് ഓഫ് ഫയർ (Wings of fire) എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചു.

ഇന്ത്യയെ കണ്ട സമ്പൂർണ്ണനായ മഹാനും മാതൃകാപരമായി ജീവിച്ച ഒരു ഭാരതീയനും യുഗപുരുഷനുമായിരുന്നു കലാം.അദ്ദേഹം,അനേക മതങ്ങളില്‍നിന്നു വാസ്തവികതയെ ആരാഞ്ഞ, ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു അതുല്യ പ്രതിഭയുമായിരുന്നു.ഇന്ത്യയുടെ പൗരാണികവും പാരമ്പര്യവും ഹൃദയത്തിൽ അർപ്പിച്ചുകൊണ്ട് നാനാത്വത്തിൽ ഏകത്വം അദ്ദേഹം കണ്ടു.പ്രമുഖനായ ഒരു ഹൈന്ദവാചാര്യ സ്വാമിയുമായി പങ്കുചേർന്ന് കലാം ഒരു പുസ്തകം എഴുതിയിരുന്നു. മൈ സ്പിരിച്വൽ എക്സ്പീരിയൻസ് വിത്ത് പ്രമുഖ സ്വാമിയെന്ന (My Spiritual Experiences with Pramukh Swami) ഈ പുസ്തകം അദ്ദേഹം എത്രത്തോളം ഹൈന്ദവ ചിന്താഗതികളിലും അഗാധമായി ചിന്തിച്ചിരുന്നുവെന്നതിനു തെളിവുമാണ്.

ഒരാൾക്ക് ഒരു ജീവിതത്തിനുള്ളിൽത്തന്നെ നേടാവുന്ന നേട്ടങ്ങൾ മുഴുവൻ കൊയ്‌തുകൊണ്ടാണ് മഹാനായ അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാം എന്ന പ്രതിഭ കാലത്തോട് വിടപറഞ്ഞത്.കർമ്മോന്മുഖമായ ജീവിത വെല്ലുവിളികളെ ധീരമായി തരണം ചെയ്തുകൊണ്ട് ലോകത്തിനു മാതൃക കാണിച്ച ഒരു മഹാനായിരുന്നു അദ്ദേഹം.ഇന്ത്യയെന്ന സ്വപനങ്ങളുടേതായ ലോകത്ത് യുവജനങ്ങൾക്ക് മാർഗ്ഗദീപമായി പ്രശോഭിച്ചു.

ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ കാരണവും ഈ മനുഷ്യനായിരുന്നു.ഏതാനും വർഷങ്ങൾക്കു മുമ്പ് ഇൻഡ്യയെന്ന രാജ്യം വെറും മൂന്നാംകിട രാഷ്ട്രങ്ങളിൽ ഒന്നായിട്ടായിരുന്നു കരുതിയിരുന്നത്. അതിനു മാറ്റം വരുത്തിയത് ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്ന അബ്ദുൾ കലാം തന്നെയായിരുന്നു.

രാഷ്ട്രത്തിനുവേണ്ടി കഠിനപ്രയത്നം ചെയ്തു ജീവിച്ച ആ മഹാൻ ഭാരതത്തിന്റെ തെക്കേ ദിക്കിൽ ജനിക്കുകയും വടക്കുനിന്നും ഭാരതത്തെ നയിക്കുകയും കിഴക്കുനിന്നും നമ്മിൽ നിന്നും വേർപിരിയുകയൂം ചെയ്തു.കാശ്മീർ മുതൽ കന്യാകുമാരിവരെ ഭാരതത്തിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളും മത രാഷ്ട്രീയ ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിൻറെ വേർപാടിൽ ദുഖിച്ചു.അബ്ദുൾ കലാമെന്ന ആ ശാസ്ത്ര ദീപം ഓരോരുത്തരുടെയും മനസുകളിൽ കുടികൊള്ളുന്ന ഒരു മാതൃകാ ഭാരതീയനായിരുന്നു.

രാഷ്ട്രത്തിന്റെ പ്രസിഡണ്ടായിരുന്ന കാലങ്ങളിലും അദ്ദേഹം രാജ്യം മുഴുവനുമുള്ള കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സുഹൃത്തായിരുന്നു.അദ്ദേഹം അവരോടായി പറയുമായിരുന്നു,”പ്രിയപ്പെട്ടവരേ സ്വപ്നങ്ങളിൽ സ്വപ്നങ്ങൾ നെയ്‌തെടുക്കൂ,സ്വപനങ്ങളെ ചിന്തകളായി മാറ്റപ്പെടണം,അവപ്രവർത്തന മണ്ഡലങ്ങളിലെത്തിക്കണം.നമ്മുടെ ലക്ഷ്യങ്ങൾ സ്വായത്തമാക്കാൻ കർമ്മോന്മുഖരാകൂ,കഠിനാധ്വാനമായിരിക്കണം നമ്മുടെ പ്രമാണം!”

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനായിരുന്നു കലാം. അദ്ദേഹത്തെപ്പോലെ ക്രാന്ത ദാർശനികനായി സമകാലിക ഇന്ത്യ കണ്ട മറ്റൊരു മഹാനില്ല.ഭാരതജനത ഒന്നടങ്കം ആ വലിയ മനുഷ്യന്റെ അഭാവം അറിയുന്നു.പവിത്രമായ അദ്ദേഹത്തിന്റെ ആത്മാവ് ലോകം മുഴുവനും പ്രചോദനമായി ചുറ്റി കറങ്ങുന്നുണ്ട്.പ്രിയ കലാം സർ, അങ്ങയുടെ അഭാവം ഞങ്ങൾ അറിയുന്നു.അങ്ങ് വിദ്യാർത്ഥികളെ നെഞ്ചോട് ചേർത്ത ഭാരതീയനാണെന്ന് അഭിമാനത്തോടെ കുറിക്കട്ടെ.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്