ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13)
പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്… തലയിൽ കൈ വച്ച് കനത്ത മുഖഭാവത്തോടെ എൻ്റെ പപ്പ… എന്തായാലും കിട്ടിയത് കൊണ്ട് ഞാനും ആശ്വസിച്ചു….
ഒരിക്കൽ നന്നായി വോളിബോൾ കളിക്കുമായിരുന്ന അപ്പന് ആദ്യം ഞാൻ സ്പോർട്സിൽ പങ്കെടുക്കുന്നതിനോട് എതിർപ്പ് ഉണ്ടായിരുന്നു. എങ്കിലും എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന അഗ്നിയെ കെടുത്താൻ ഒരു എതിർപ്പിനും സാധിച്ചില്ല.
എൻ്റെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ എന്നെ സ്പോർട്സ് ഫീൽഡിലേക്ക് പറഞ്ഞയച്ചു. സ്പോർട്സിന് ചേർന്ന് ആദ്യ വർഷം തന്നെ നല്ല പ്രകടനം കാഴ്ചവച്ച എന്നിൽ എൻ്റെ പപ്പയുംചില സ്വപ്നങ്ങൾ കണ്ടു തുടങ്ങി… പക്ഷെ ഏതാനും വർഷങ്ങൾക്ക് ശേഷം തൻ്റെ സ്വപ്നങ്ങൾ എല്ലാം തച്ചുടച്ച് മകൾ സന്യാസത്തിലേക്ക് തിരിഞ്ഞതിൻ്റെ കുറുമ്പും വേദനയുമായിരിക്കാം 13 വർഷങ്ങൾക്ക് മുമ്പ് പപ്പയുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്…
പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം… യാതൊരു യോഗ്യതയും ഇല്ലാത്ത എന്നെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കരുണയ്ക്കു മുൻപിൽ കൂപ്പുകൈകളോടെ…
സി. സോണിയ തെരേസ് ഡി. എസ്. ജെ