ഇന്ന്, ജൂൺ മാസം ഇരുപത്തൊന്നാം തീയതി വി. അലോഷ്യസിന്റെ തിരുനാൾ ദിവസം, സെമിനാരിയിൽ വി. കുർബ്ബാന അർപ്പിക്കാനെത്തിയത് അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു.

‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’ എന്നതായിരുന്നു ഇന്നത്തെ സുവിശേഷം. അതിനെ അവലംബിച്ച് വൈദിക വിദ്യാർത്ഥികളോട് തിരുമേനി പറഞ്ഞ പ്രസക്തമായ ഒരു കാര്യമുണ്ട്:

“പൗരോഹിത്യമായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം; അവിടെയായിരിക്കട്ടെ നിങ്ങളുടെ ഹൃദയം!”

അതുകേട്ടപ്പോൾ അടുത്തിടെ കേൾക്കാനിടയായ മറ്റൊരു സംഭവത്തെക്കുറിച്ച് ഓർത്തു!

ബോസ്നിയയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാൻസിസ്കൻ സന്യാസിമാർ സ്ഥാപിച്ച ഒരു പള്ളിയും അതിനുള്ളിൽ രക്തസാക്ഷികളായ മുപ്പതോളം സന്യാസിമാരെ അടക്കം ചെയ്ത ഒരു കല്ലറയുമുണ്ട്.

അവിടെച്ചെന്നാൽ എപ്പോഴും പ്രാർത്ഥനാ നിരതരായിരിക്കുന്ന കുറെ മനുഷ്യരെ കാണാം. വന്നിരിക്കുന്നത് വൈദികരാണെറിയുമ്പോൾ അവരിൽ ചിലർ പ്രാർത്ഥിക്കാൻ അടുത്തുവരും. പിന്നെ ആ സ്ഥലത്തെക്കുറിച്ച് ഇടറിയ വാക്കുകളിൽ ചില കാര്യങ്ങൾ പറയും! ബോസ്നിയയിലുണ്ടായ, നൂറ്റാണ്ടുകൾ നീണ്ട ടർക്കിഷ് അധിനിവേശത്തിന്റെ കഥ! കമ്മ്യൂണിസ്റ്റ് കിരാതവാഴ്ചയുടെയും കൂട്ടക്കുരുതികളുടേയും കഥ!

അതു പറയുമ്പോൾ അവർ വികാരഭരിതരാകും. ഒരിക്കലെങ്കിലും കണ്ണീരണിയാതെ അവർക്കതു പൂർത്തിയാക്കാനാവില്ല!

പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച ടർക്കിഷ് അധിനിവേശത്തിന്റെ കെടുതികൾ തെല്ലടങ്ങിയപ്പോൾ 1846 ൽ ഫ്രാൻസിസ്കൻ സന്യാസിമാർ സിറോക്കിയിൽ ഒരു മൊണാസ്റ്ററിയും പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു പള്ളിയും സ്ഥാപിച്ചു. തികച്ചും പിന്നാക്കം നിന്ന ആ ഗ്രാമത്തിൽ അവർ റോഡുകളും പാലങ്ങളും നിർമ്മിച്ചു. ദേശത്തിന്റെ സർവ്വ പുരോഗതിക്കും നിദാനമായ ഒരു സ്കൂളും ആരംഭിച്ചു. വർഷങ്ങൾ കഴിയവേ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ബോസ്നിയ വീണ്ടും അശാന്തമായി. സ്വാർത്ഥ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിൽ വരുത്താൻ കത്തോലിക്കാ സഭ ഒരു വിഘാതമാണെന്ന് ഭരണകൂടത്തിനു മനസ്സിലായി.

1945 ഫെബ്രുവരി 7!

സിറോകിയിലെ ജനതയ്ക്ക് ഈ ദിവസം നടുക്കുന്ന ഒരോർമ്മയാണ്!

സിറോകിയിലെ ഫ്രാൻസിസ്കൻ മൊണാസ്റ്ററിയിലേക്ക് അന്നു പ്രഭാതത്തിൽ സായുധരായ ഒരു സംഘം കമ്മ്യൂണിസ്റ്റ് പട്ടാളക്കാർ ഇരച്ചുകയറി വന്നു. അവിടെയുണ്ടായിരുന്ന 30 സന്യാസിമാരെ തോക്കിൻ മുനയിൽ നിരത്തിനിർത്തി. കോപം കൊണ്ടു ചുവന്നു കലങ്ങിയ കണ്ണുകളോടെ പട്ടാളക്കാരിലൊരാൾ അലറിവിളിച്ചു:

“ദൈവമെന്നൊരാളില്ല! ദൈവം മരിച്ചു. മാർപാപ്പയില്ല. സഭയുമില്ല. ഇനി ഇവിടെ നിങ്ങളുടെ ആവശ്യവുമില്ല. ഇവിടം വിട്ടു പുറത്തുപോയി ജീവിക്കാൻ നോക്ക്!”

സന്യാസിമാരോട് അവരുടെ സഭാവസ്ത്രം ഊരിമാറ്റാൻ പട്ടാളക്കാർ ആവശ്യപ്പെട്ടു. അവർ അതിനു വഴങ്ങിയില്ല. കലിപൂണ്ട പട്ടാളക്കാരിലൊരാൾ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ക്രൂശിത രൂപം വലിച്ചു താഴെയിട്ടു. ജീവിക്കണമെന്നുണ്ടെങ്കിൽ അതിൽ ചവിട്ടി വിശ്വാസം ത്യജിക്കാൻ അവർ ആവശ്യപ്പെട്ടു.

ചങ്കു പൊടിയുന്ന വേദനയോടെ സന്യാസിമാർ ഓരോരുത്തരായി വന്ന് ക്രൂശിതരൂപത്തെ വാരിയെടുത്തു മാറോടണച്ചു ചുംബിച്ചു. പിന്നെ ഇങ്ങനെ മന്ത്രിച്ചു: “ഈശോയേ അങ്ങു മാത്രമാണ് എന്റെ ദൈവം; എന്റെ എല്ലാമെല്ലാം.”

പറഞ്ഞുതീരും മുമ്പ് അവരുടെ തലച്ചോറിലേക്ക് ബുള്ളറ്റുകൾ പറഞ്ഞുകയറി. ഒന്നിനു പിറകെ ഒന്നായി മുപ്പതു സന്യാസിമാരുടെ ചുടു രക്തത്തിൽ ആ മണ്ണു ചുവന്നു. ചെഞ്ചോരക്കളമായ സിറോക്കിയുടെ മണ്ണിൽ ചവിട്ടിനിന്ന് പട്ടാളക്കാർ ആർത്തട്ടഹസിച്ചു. എന്നിട്ടും കലിയടങ്ങാതെ മൃതശരീരങ്ങൾ കൂട്ടിയിട്ട് എണ്ണയൊഴിച്ച് കത്തിച്ചു. ആശ്രമവും പള്ളിയുമെല്ലാം അഗ്നിക്കിരയാക്കി.

ക്രിസ്തുവിനെ അവർക്ക് അത്രമേൽ ഭയമായിരുന്നു എന്നു വേണം കരുതാൻ!

വർഷങ്ങൾക്കു ശേഷം ആ ഭയാനക ദിവസത്തെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പട്ടാളക്കാരൻ ഇങ്ങനെ ഏറ്റുപറഞ്ഞു:

“ചെറുപ്പത്തിൽ എന്റെയമ്മ ദൈവത്തെക്കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു. ദൈവമുണ്ടെന്ന് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ലെനിനും സ്റ്റാലിനും ഉൾപ്പടെയുള്ള നേതാക്കൻമാർ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ദൈവമില്ലെന്നാണ്. എന്നാൽ ഈ സന്യാസിമാർ തങ്ങളെ കൊല്ലാനെത്തിയവരെ അനുഗ്രഹിച്ചുകൊണ്ടും അവരോടു ക്ഷമിച്ചുകൊണ്ടും ധീരരായി ജീവനർപ്പിക്കുന്നതു കണ്ടപ്പോൾ അമ്മ പറഞ്ഞത് ഞാനോർത്തു. അവർ പറഞ്ഞതു ശരിയായിരുന്നുവെന്ന് എനിക്കു ബോധ്യമായി! ദൈവമുണ്ട്; ആ ദൈവം ജീവിക്കുന്ന ദൈവമാണ്.”

അയാൾ മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിച്ചു. കത്തോലിക്കാ സഭാംഗമായി. മക്കളെ ക്രിസ്തീയ വിശ്വാസത്തിൽ വളർത്തി. ആ മക്കളിൽ ഒരാൾ വൈദികനും മറ്റൊരാൾ പിന്നീട് സന്യാസിനിയുമായി.

ദൈവാലയത്തിലെ കല്ലറയ്ക്കു മുന്നിൽ എല്ലാം പറഞ്ഞു കൊണ്ടിരുന്ന സ്ത്രീ അപ്പോഴും കരയുകയായിരുന്നു. ഓർമകൾ പെരുമഴപോലെ പെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ യാത്രപറയാൻ നേരത്ത് കരങ്ങൾ കൂപ്പിക്കൊണ്ട് അവസാനമായി അവരിങ്ങനെ പറഞ്ഞു:

“ഞങ്ങൾക്കു വേണ്ടി പുരോഹിതരായതിന് നിങ്ങൾക്കു നന്ദി… ഒരുപാടു നന്ദി!”

ഹൃദയത്തെ വല്ലാതെ മഥിച്ചത് ഈ അവസാനത്തെ വാചകമാണ്! പൗരോഹിത്യത്തെ വിലമതിക്കാൻ ഒരു കാരണമെങ്കിലും മനസ്സിൽ സൂക്ഷിക്കുന്നവർ ഇപ്പോഴുമുണ്ടെന്നുള്ളത് ശിഷ്ടായുസ്സിനെ കുറെക്കൂടി പ്രകാശിതവും ഉത്തരവാദിത്വപൂർണവുമാക്കുന്നു.

ചിത്രത്തിൽ ബാവാ തിരുമേനിക്കൊപ്പം നിൽക്കുന്നത് തിരുവനന്തപുരം മേജർ അതിരൂപതയിലെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലെ കുഞ്ഞുങ്ങളാണ്. ഇനി ഏതാനും നാളുകൾ അവർക്കൊപ്പമായിരിക്കാനുള്ള സഭയുടെ നിയോഗം ഏറ്റെടുക്കുമ്പോൾ അവരോടു പറയാനുള്ള ആദ്യത്തെ കാര്യമിതാണ്:

“പുരോഹിതരാകാൻ ആഗ്രഹിച്ച് അടുത്തു വന്നതിന് നന്ദി! പൗരോഹിത്യമായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം; അവിടെയായിരിക്കട്ടെ നിങ്ങളുടെ ഹൃദയം!”

ഫാ. ഷീൻ പാലക്കുഴി

നിങ്ങൾ വിട്ടുപോയത്