അതിജീവനം
വലതുവശത്തു വലയിറക്കാത്തവര്‍

ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു.


കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ നേരിടാതെ, അപ്രസക്തമായ വിഷയങ്ങള്‍ക്കു മൂല്യശ്രേണിയില്‍ പ്രഥമ പരിഗണന നല്കി ഊര്‍ജം പാഴാക്കുന്നു. ഇത്തരം ഒരു മൂല്യശ്രേണിയെക്കുറിച്ച് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്ത്രത്തേക്കാള്‍ ശരീരവും ശരീരത്തേക്കാള്‍ ജീവനും പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ ശരീരത്തെ സംരക്ഷിക്കാന്‍ വസ്ത്രവും ജീവനെ സംരക്ഷിക്കാന്‍ ശരീരവും ഉപേക്ഷിക്കാനാണ് പുതിയ നിയമത്തിന്റെ ഓര്‍മപ്പെടുത്തല്‍. എന്നാല്‍ ജീവനേക്കാള്‍ ശരീരവും ശരീരത്തേക്കാള്‍ ഭക്ഷണവും വസ്ത്രവും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന വിധത്തിലാണ് വിവിധ സഭാസമൂഹങ്ങള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്.


പൊതുലക്ഷ്യത്തിന്റെ അഭാവം


ക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. ഈശോ മിശിഹാ പറയുന്നു: ”ആദ്യം നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍; ബാക്കിയുള്ളതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും.” ക്രൈസ്തവലക്ഷ്യങ്ങളില്‍ ‘ആദ്യ’മായിരിക്കേണ്ടത് എന്താണ് എന്ന പ്രസ്താവന നാം പാടേ അവഗണിക്കുന്നു. ചിലര്‍ യേശുവിന്റെ രണ്ടാംവരവിനെ പ്രതീക്ഷിച്ചിരിപ്പാണ്. മറ്റു ചിലര്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ബഹളത്തിലാണ്.

മൂന്നാമതൊരു കൂട്ടരാകട്ടെ, സ്‌കൂളുകളും ആശുപത്രികളും സ്ഥാപനങ്ങളും പണിയുന്ന തിരക്കിലാണ്. ഇടവകപള്ളിയുടെ നിര്‍മാണത്തിലും തിരുനാള്‍ ആഘോഷങ്ങളിലുമാണ് നാലാമത്തെ കൂട്ടരുടെ ശ്രദ്ധയത്രയും. പൊതുലക്ഷ്യത്തില്‍ നിന്ന് സഭാസമൂഹങ്ങളുടെ വ്യക്തിഗത ലക്ഷ്യത്തിലേക്കും, സഭാസമൂഹങ്ങളില്‍ നിന്ന് രൂപതകളുടെയും സ്ഥാപനങ്ങളുടെയും കോണ്‍ഗ്രിഗേഷനുകളുടെയും ലക്ഷ്യത്തിലേക്കും, അവസാനം ഓരോരുത്തരും സ്വന്തം ലക്ഷ്യത്തിലേക്കും ചുരുങ്ങിയിരിക്കുന്ന അവസ്ഥ. ”എല്ലാവരും അന്വേഷിക്കുന്നത് സ്വന്തം കാര്യമാണ്” (ഫിലി. 2:21).
മനഃശാസ്ത്രപരമായി ഇതൊരു രോഗമാണെന്നു തിരിച്ചറിയുക. ക്രൈസ്തവന്റെ പൊതുലക്ഷ്യം വളര്‍ത്താത്ത ഏതൊരു ഇടവകയും കോണ്‍ഗ്രിഗേഷനും രൂപതയും സ്ഥാപനങ്ങളും അല്മായസംഘങ്ങളും ധ്യാനകേന്ദ്രങ്ങളുമെല്ലാം പ്രാദേശിക സ്വയംകേന്ദ്രീകൃതത്വം (local narcissism) എന്ന മനോരോഗത്തിന്റെ അടിമത്തത്തിലാണ്. പൊതുനന്മ (common good) വര്‍ധിപ്പിക്കാനുതകാത്ത ഒരോ പ്രവൃത്തിയും ആത്മീയതയുടെ മൂടുപടമണിഞ്ഞ സ്വാര്‍ഥതയാണ്, വെള്ളമില്ലാത്ത മേഘങ്ങളാണ്.


കാഴ്ചപ്പാടുകളില്ലാത്ത ആത്മീയ നേതാക്കള്‍
ഭാരത ക്രൈസ്തവര്‍ ദൈവരാജ്യനിര്‍മിതി എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെല്ലാം കാര്യങ്ങള്‍ക്കു മുന്‍ഗണന നല്കണം എന്നൊരു പൊതുധാരണയുണ്ടോ?

ഏതെല്ലാം കാര്യങ്ങളാണ് സഭ പൊതുവായി ഏറ്റെടുക്കേണ്ടത് എന്ന ലക്ഷ്യബോധമുണ്ടോ? സഭാസമൂഹങ്ങളെ വേരോടെ പിഴുതുകളയുന്ന പ്രതിസന്ധികളും അവയില്‍ ഏറ്റവും പ്രാധാന്യത്തോടെ നേരിടേണ്ടവയും മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തിയ ഒരു പട്ടികയുണ്ടോ?


ദൈവത്തിന്റെ മരണം എന്ന പേരില്‍ ഫ്രഡറിക് നീഷേ എഴുതിയ ഗ്രന്ഥം ഇക്കാര്യത്തില്‍ വഴികാട്ടിയാണ്. ഈ ഗ്രന്ഥത്തില്‍ ദൈവത്തെ ഇല്ലാതാക്കാനുള്ള വഴികള്‍ ഓരോന്നായി അദേഹം മുന്നോട്ടുവെക്കുന്നു. യഥാര്‍ഥത്തില്‍ സഭയുടെ പ്രതിസന്ധികളുടെ അടിസ്ഥാന കാരണങ്ങളാണ് ഇതിലെ പ്രമേയങ്ങളെല്ലാം.

ദൈവത്തെ കൊല്ലാന്‍ നീഷേ ഉന്നയിക്കുന്ന മാര്‍ഗം അതിഭൗതികചിന്തയെ അഥവാ അതിഭൗതികശാസ്ത്രത്തെ (Meta Physics) കൊല്ലുക എന്നതാണ്. എല്ലാ ശാസ്ത്രങ്ങളിലെയും യുക്തിയില്‍നിന്നു പൊതുവായ യുക്തി രൂപപ്പെടുത്തിയതാണ് അതിഭൗതികശാസ്ത്രം. ഉദാഹരണമായി, എല്ലാ പ്രദേശങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോക ഭൂപടം.

ലോകഭൂപടം കൈവശമില്ലാതെ വ്യത്യസ്ത രാജ്യങ്ങളിലേക്കു സഞ്ചരിക്കാനാവില്ല.
ദെരീദ ദൈവത്തെ കൊല്ലാന്‍ മറ്റൊരു വഴി കണ്ടെത്തി. അതിഭൗതികശാസ്ത്രത്തെ ഇല്ലാതാക്കാന്‍ സൂക്ഷ്മചിന്തകള്‍ (micro narratives) മാത്രമാണ് സത്യം എന്ന് ഉന്നയിക്കാന്‍ അദേഹം നിര്‍ദേശിക്കുന്നു.

ഒരുകാലത്ത് സെമിനാരികളിലൂടെ ലോകത്തിനു പൊതുവായതെല്ലാം സംഭാവന ചെയ്തു. ഇന്നത്തെ വൈദികര്‍ തത്വശാസ്ത്രത്തെ വെറുക്കുകയാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ ചിന്തയും പ്രവൃത്തിയും തളച്ചിടുമ്പോള്‍ പൊതുവായ ലക്ഷ്യങ്ങളാണ് മറന്നുപോകുന്നത്. തത്വശാസ്ത്രത്തെ നിസാരവത്കരിക്കുന്നവര്‍ ദൈവത്തെ മാത്രമല്ല, സമൂഹത്തെയും ശിഥിലീകരിക്കുന്നു. അത്തരം നേതൃത്വം, ലോകഭൂപടത്തിന്റെ അഭാവത്തില്‍ ദിശ നഷ്ടപ്പെട്ട കപ്പിത്താനെപ്പോലെ അവനവന്റെ ലോകത്ത് പ്രധാനപ്പെട്ടവയെ അവഗണിച്ച് ചെറിയ കാര്യങ്ങളില്‍ മുഴുകി ദൈവത്തിന്റെ മരണത്തിന് വേഗം കൂട്ടുന്നു.


വിശ്വാസവും കൂദാശകളും സഭാത്മകജീവിതവും ദൈവരാജ്യസൃഷ്ടിയും അസാധ്യമാകുന്ന വെല്ലുവിളികള്‍ ഏതൊക്കെയെന്നു സമഗ്രമായി അവതരിപ്പിക്കാന്‍ പോലും ഇന്നു കഴിയുന്നുണ്ടോ? വ്യക്തമായ ഉത്തരങ്ങളോ വിശദീകരങ്ങളോ നല്കാന്‍ കഴിയാത്ത ചില മേഖലകള്‍ ചൂണ്ടിക്കാട്ടാം:

  1. ആര്‍എസ്എസും തീവ്ര ഇസ്ലാമിസ്റ്റുകളും ഉന്നയിക്കുന്നത് ഇന്ത്യയെ ഒരു മതകേന്ദ്രീകൃത രാഷ്ട്രമാക്കണമെന്നാണ്. എന്താണ് ഇക്കാര്യത്തില്‍ സഭയുടെ കാഴ്ചപ്പാട്?
  2. ന്യൂനപക്ഷ അവകാശം ആവശ്യമില്ല, കോമണ്‍ സിവില്‍ കോഡ് മാത്രം മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. എന്താണ് അഭിപ്രായം?
  3. കുടുംബം എന്ന യാഥാര്‍ഥ്യം തന്നെ പ്രകൃതിവിരുദ്ധമാണ്. എങ്കില്‍ സ്വവര്‍ഗവിവാഹം എങ്ങനെ പ്രകൃതിവിരുദ്ധമാണെന്നു പറഞ്ഞ് എതിര്‍ക്കാന്‍ കഴിയും?
  4. ക്രൈസ്തവരുടെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങളിലെ നിയമനം എന്തുകൊണ്ട് പിഎസ്‌സിക്കു (PSC) വിട്ടുകൂടാ?
  5. ദേവസ്വം ബോര്‍ഡുപോലെ ക്രൈസ്തവരുടെ എല്ലാ ദേവാലയങ്ങളും ഒരു ചര്‍ച്ച് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റ്?
  6. കേരളത്തിലെ പരിസ്ഥിതി പ്രശ്‌നവും ഉരുള്‍പൊട്ടലുമൊക്കെ സംഭവിക്കുന്നത് കുടിയേറ്റം മൂലമല്ലേ. അതുകൊണ്ട് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമല്ലേ?
  7. മതങ്ങള്‍ പൊതുവേ വികസനത്തിന് എതിരല്ലേ? അതുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തിലെ ചില കഥകള്‍ സൃഷ്ടിക്കുന്ന അന്ധവിശ്വാസങ്ങള്‍ സമൂഹപുരോഗതിക്കും പ്രതിബന്ധമല്ലേ?
  8. പ്രാകൃതാവസ്ഥയിലുണ്ടായിരുന്ന ലോകത്തെയും ഇന്ത്യയെയും സാംസ്‌കാരികമായി വികസിപ്പിച്ചത് ഇസ്ലാംമതം മുന്നോട്ടുവച്ച നവോഥാനമൂല്യങ്ങളല്ലേ?
  9. ലിംഗസമത്വത്തെക്കുറിച്ചുള്ള ക്രൈസ്തവധാരണകള്‍ പഴഞ്ചനല്ലേ?
  10. സഭ മുന്നോട്ടുവെക്കുന്ന ലൈംഗിക ധാര്‍മികത എന്താണ്?
  11. വിവാഹസംബന്ധമായി ക്രൈസ്തവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പഴഞ്ചനല്ലേ? അതിനെ തിരുത്താന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവരുന്ന ക്രിസ്ത്യന്‍ വിവാഹനിയമ പരിഷ്‌കരണ ബില്‍ എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നത്?
  12. കേരള ക്രൈസ്തവരുടെ പരമ്പരാഗത വരുമാനസ്രോതസുകളായ കൃഷിയും മത്സ്യബന്ധനവും തകരുന്നു; സര്‍ക്കാര്‍ സര്‍വീസിലും രാഷ്ട്രീയനേതൃത്വത്തിലും ജനസംഖ്യാനുപാതികമായി പോലും പങ്കാളിത്തമില്ലാതെ വരുന്നു. ഈ അവസ്ഥയ്ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്ത്?
  13. ഭാരതത്തിന്റെ നിര്‍മിതിയില്‍ ക്രൈസ്തവര്‍ ചെയ്ത സംഭാവനകള്‍ ചരിത്രത്തില്‍ നിന്നും പാഠപുസ്തകങ്ങളില്‍ നിന്നും ബോധപൂര്‍വം മായിച്ചുകളയുന്നുണ്ടോ?
    അല്മായരെവിടെ?
    ഇത്തരം പ്രതിസന്ധികളില്‍ സഭയെ നയിക്കുന്ന നേതൃസ്ഥാനികളില്‍ ചില കുറവുകള്‍ കണ്ടെന്നുവരാം. അതു യാഥാര്‍ഥ്യമാണ്. എന്നാല്‍ ക്രൈസ്തവസഭ നേരിടുന്ന ഇത്തരം പ്രതിസന്ധികളുടെ വിശകലനവും പരിഹാരനിര്‍ദേശവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളും വൈദികരുടെ മാത്രം കടമയാണെന്നു കരുതുന്ന അല്മായസമൂഹം പൊറുക്കാനാവാത്ത അപരാധമാണു ചെയ്യുന്നത്. അവര്‍ക്കു വിശ്വാസികള്‍ എന്ന നാമധേയം പോലും അനുചിതമാണ്. ബിഷപ്പുമാര്‍ക്ക് അറിവും കഴിവുമില്ലെന്ന് ആക്ഷേപിക്കുന്ന വൈദികര്‍, വൈദികര്‍ക്കു കഴിവും അറിവുമില്ലെന്നു പഴിചാരുന്ന അല്മായര്‍, അപ്പനും അമ്മയ്ക്കും അറിവും കഴിവുമില്ലെന്നു വാദിക്കുന്ന മക്കള്‍. ഇത്തരത്തില്‍ പരസ്പരമുള്ള കുറ്റാരോപണങ്ങളില്‍ മത്സരിച്ചു മുഴുകി മുന്നോട്ടുപോകുന്നവരാണ് സഭയെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗം വരുത്തിവെക്കുന്നത്. സ്വയം കേന്ദ്രീകൃതത്വ സ്വഭാവത്തിന്റെ (Narcissism) മറുപുറമാണ് കുറ്റംവിധിക്കലും ആക്ഷേപവും.

  14. വിമര്‍ശനം ആവശ്യമാണോ?

  15. ആര്‍ക്കും തെറ്റു ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ ശരികള്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നവര്‍ വിരളമാണ്. ഈശോയുടെ ഒരു പ്രബോധനം ശ്രദ്ധിക്കാം: ”നിങ്ങള്‍ തിന്മയെ എതിര്‍ക്കരുത്; തിന്മയെ നന്മ കൊണ്ടു നേരിടുക.” ഇതിലെ ആദ്യഭാഗം മാത്രം തിരഞ്ഞെടുത്ത് ക്രൈസ്തവരെ വിമര്‍ശിക്കുന്നരുണ്ട്. എന്നാല്‍ ഈശോ ഇവിടെ ക്രിയാത്മക വിമര്‍ശനം (positive criticism) എന്നാല്‍ എന്ത് എന്നു വ്യക്തമാക്കുകയാണ്. പുതിയ ദര്‍ശനങ്ങളും പുതിയ സ്വപ്നങ്ങളും പുതിയ സംവിധാനങ്ങളും മുന്നോട്ടുവെക്കാന്‍ കഴിയണം. പരീക്ഷയില്‍ തോറ്റവനെ ജയിപ്പിക്കാന്‍ നല്കുന്ന മാര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് (grace). എന്നാല്‍ പരീക്ഷയെഴുതി തോല്ക്കാത്തവന് എങ്ങനെ ഗ്രേസ് മാര്‍ക്കു നല്കും. അതുപോലെ പരാജയപ്പെടുന്ന സ്വപ്നങ്ങള്‍ക്കും പദ്ധതികള്‍ക്കും വിജയിക്കാന്‍ ദൈവം നല്കുന്ന മാര്‍ക്കാണ് ഗ്രേസ് അഥവാ കൃപാവരം (Grace). പ്രവൃത്തിയില്ലാത്ത വിശ്വാസികള്‍ക്ക് എങ്ങനെ ഗ്രേസ് മാര്‍ക്കു നല്കും. നമുക്കു സ്വപ്നം കാണാം, പുതിയ വഴികള്‍ തേടാം, പരാജയപ്പെടാം. പൊതുവായ ലക്ഷ്യവും പൊതുവായ മാര്‍ഗവും പൊതുവായ പരിപാടികളും ആസൂത്രണം ചെയ്യാനും മുന്നോട്ടുവെക്കാനും സഭാനേതൃത്വത്തിനും പരിശുദ്ധാത്മ പ്രചോദിതമായി അല്മായര്‍ക്കും കഴിയട്ടെ.

ഡോ. കെ.എം ഫ്രാന്‍സിസ്


(ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി, കെസിബിസി)

കുടുംബജ്യോതി 2023 ജനുവരി പുസ്തകം 41 ലക്കം 01 പേജ് 14

നിങ്ങൾ വിട്ടുപോയത്