മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി. കോതമംഗലം രൂപതയിലെ വൈദികര്‍, സന്യസ്തര്‍ ഉള്‍പ്പെടെ വന്‍ വിശ്വാസിസമൂഹം പ്രഖ്യാപനത്തിനു സാക്ഷികളായി. ആരക്കുഴയുടെ പൈതൃക പെരുമയില്‍ അഭിമാനമുണ്ടെന്നും സഭ കൂടുതല്‍ ഉത്തരവാദിത്വം ആരക്കുഴ ഇടവകയ്ക്കു നല്‍കിയിരിക്കുകയാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സിലര്‍ ഫാ. വിന്‍സന്റ് ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ഫാ. ജോണ്‍ മുണ്ടയ്ക്കലിനെ ആര്‍ച്ച് പ്രീസ്റ്റായി ഉയര്‍ത്തിക്കൊണ്ടുള്ള കര്‍ദിനാളിന്റെ ഉത്തരവ് ഫാ. വിന്‍സന്റ് ചെറുവത്തൂര്‍ ചടങ്ങില്‍ വായിച്ചു. പൊതുസമ്മേളനം മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, സിസ്റ്റര്‍ നവ്യമരിയ സിഎംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.