ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ സ്റ്റീവ് മക്കറിയുടെ “ദി അഫ്ഗാൻ ഗേളിന്” ഇറ്റാലിയൻ ഗവൺമെൻ്റ് ഇറ്റലിയിൽ അഭയം നൽകി.
ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ എത്തി എന്ന സന്തോഷ വാർത്ത രാജ്യത്തെ അറിയിച്ചത്.
പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടിയുടെ ജീവിത കഥയിലേക്ക്:
റുസ്സോ-അഫ്ഗാൻ യുദ്ധത്തിൽ സ്വന്തം മാതാപിതാക്കളെ നഷ്ടമായഷർബത് ഗുല എന്ന 6 വയസ്സുള്ള പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി തൻ്റെ മുത്തശ്ശിയോടും സഹോദരനോടും അവളുടെ മറ്റ് മൂന്ന് സഹോദരിമാരോടും ഒപ്പം പെഷവാർ അഭയാർത്ഥി ക്യാമ്പിൽ എത്തപ്പെട്ടു. 1984-ൽ അവൾക്ക് 12 വയസ്സ് ഉള്ളപ്പോൾ നാഷണൽ ജിയോഗ്രാഫിക്ക് മാഗസിൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറിഅഫ്ഗാനിസ്ഥാനിൽ തൻ്റെ ജോലിക്കിടയിൽ പച്ച കണ്ണുകളുള്ള ആ ബാലികയെ ലക്ഷ്യമാക്കി തൻ്റെ ക്യാമറ ക്ലിക്ക് ചെയ്തു. നിരവധി അർത്ഥമുള്ള അവളുടെ ജ്വലിക്കുന്ന കണ്ണുകൾ 1985 ജൂണിലെ നാഷണൽ ജിയോഗ്രാഫിക്ക് മാഗസിന്റെ കവർ ചിത്രമായി പുറത്തിറങ്ങി. അവളുടെ പച്ച കണ്ണുകളിലെ ഭയം, കോപം, വീണ്ടെടുപ്പിനായുള്ള ആഗ്രഹം എന്നിവയുടെ സമ്മിശ്രമായ വികാരം മിഡിൽ ഈസ്റ്റിലെ എല്ലാ യുദ്ധങ്ങളുടെയും ഒരു പ്രതീകമായി മാറി. ഒപ്പം അഫ്ഗാൻ ജനതയുടെ അതിജീവനത്തിനായി പോരാടുന്ന യാതനയുടെ കഥയാണ് ആ ബാലികയുടെ കണ്ണിൽ ലോകം ദർശിച്ചത്.
2001-ൽ, ദശലക്ഷക്കണക്കിന് അഫ്ഗാനികൾ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങിയെങ്കിലും പലരും പാകിസ്ഥാനിൽ തന്നെ തുടർന്നു. ഷർബത് ഗുല ഒരു പാകിസ്ഥാനിയെ വിവാഹം ചെയ്ത് പാകിസ്ഥാനിൽ തന്നെ തുടർന്നു. അവൾ 3 മക്കളുമായി ശാന്തമായി ജീവിച്ചു വരുമ്പോൾ 2002- ൽ, പതിനേഴു വർഷങ്ങൾക്ക് ശേഷം, സ്റ്റീവ് മക്കറി വീണ്ടും ഷർബത് ഗുലയെ തേടി പാകിസ്ഥാനിലേക്ക് തിരിച്ചു. മാസങ്ങളുടെ തിരച്ചലിന് ഒടുവിൽ സ്റ്റീവ് പച്ച കണ്ണുകൾ ഉള്ള ആ പഴയ പെൺകുട്ടിയെ വീണ്ടും കണ്ടുമുട്ടി. യുദ്ധത്തിൻ്റെ നൊമ്പരം പേറുന്ന ഒരു ജനതയുടെ മുഴുവൻ പ്രതിനിധിയായി ഒരിക്കൽ താൻ മാറി എന്ന ആ വലിയ സത്യം ജ്വലിക്കുന്ന കണ്ണുകളുടെ ഉടമ അന്നാണ് തിരിച്ചറിഞ്ഞത്. 1985 ജൂണിൽ പുറത്തിറങ്ങിയ തൻ്റെ ഫോട്ടോയുള്ള നാഷണൽ ജിയോഗ്രഫിക്ക് മാസിക പിടിച്ച് നിൽക്കുന്ന ആ സ്ത്രീയുടെ ഫോട്ടോ എടുത്താണ് സ്റ്റീവ് മക്കറി മടങ്ങിയത്. 2002 ൽ വീണ്ടും നാഷണൽ ജിയോഗ്രാഫിക്ക് മാഗസിന്റെ കവർ ചിത്രമായി ഷർബത് ഗുലയുടെ പുതിയ ഫോട്ടോ ഇറങ്ങിയത് ചരിത്രം തിരുത്തിക്കുറിച്ചു (ഒരാളുടെ ഫോട്ടോ തന്നെ രണ്ട് പ്രാവശ്യം നാഷണൽ ജിയോഗ്രാഫിക്ക് മാഗസിന്റെ കവർ ചിത്രമായി ഇറങ്ങി എന്നത്).
2016 – ൽ പാകിസ്ഥാൻ തങ്ങളുടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുവാനും പുറത്താക്കാനും തുടങ്ങി. ഷർബത് ഗുല ഒരു പാകിസ്ഥാനിയെ ആണ് വിവാഹം കഴിച്ചതെങ്കിലും അവളുടെ തിരിച്ചറിയൽ കാർഡ് വ്യാജമായിരുന്നതിനാൽ പാകിസ്ഥാൻ ഗവൺമെൻ്റഅവളെ അറസ്റ്റ് ചെയ്ത് 14 വർഷത്തേക്ക് ജയിൽ ശിക്ഷയും വിധിച്ചു. ഈ വാർത്ത ലോകശ്രദ്ധ പിടിച്ചുപ്പറ്റിയപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ ചെല്ലുവാൻ അന്നത്തെ അഫ്ഗാൻ ഗവൺമെൻ്റ് അഭ്യർത്ഥിച്ചു.
2016 – ൽ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ ചെന്ന ഷർബത് ഗുലയ്ക്കും കുടുംബത്തിനും അന്നത്തെ അഫ്ഗാൻ ഗവൺമെൻ്റ് ഒരു വീട് സമ്മാനിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്നും അനേകായിരങ്ങൾ ഷർബത് ഗുലയെക്കുറിച്ച് അന്വേഷിക്കുകയും അവർ ജീവനോടെ ഉണ്ടോ എന്ന് ആകുലപ്പെടുകയും ചെയ്തു. താലിബാനെ ഭയന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഷർബത് ഗുലയെ ഇറ്റാലിയൻ ഗവൺമെൻ്റ് മുൻകൈ എടുത്ത് ഇന്നലെ റോമിൽ എത്തിച്ചു. സ്ത്രീകൾക്കെതിരെ ഉള്ള അക്രമരഹിത ദിനമായ ഇന്നലെ ഷർബത് ഗുല സ്വാതന്ത്ര്യത്തിൻ്റെ നാട്ടിലേക്ക് പറന്നിറങ്ങി എന്ന സന്തോഷ വാർത്ത ലോകം മുഴുവനും ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്.