⚡⚡മിന്നൽ…….”⚡⚡

ഏതെങ്കിലുമൊക്കെ മനുഷ്യരുടെ ജീവിതത്തിൽ സൂപ്പർ ഹീറോ ആവാൻ പറ്റുമോ നമുക്ക്….?”

രാവിലെ ഫേസ്ബുക്ക് തൊറന്നപ്പോ ആദ്യം കണ്ട ചോദ്യമാണ്.. മിന്നൽമുരളി കണ്ടതിന്റെ ഹാങ്ങോവറിൽ ഒരു സുഹൃത്ത് ഇട്ടേക്കുന്ന ചോദ്യം…

വിവാറോ എന്ന സ്ഥലത്താണ് ഇന്നലെ പാതിരാ കുർബാനക്ക് പോയത്. നോർത്ത് ഇറ്റലിയിലെ ഒരു കൊച്ചു ഗ്രാമം.ചെറിയൊരു പള്ളി. കൂടിപ്പോയാൽ അറുപതിനടുത്ത് ആളുകൾക്ക് നിൽക്കാൻ മാത്രം പറ്റുന്ന അത്ര ചെറിയ ഇടം….

പള്ളിയിലേക്ക് കയറി…

വലതു വശത്തായി ഒരു ക്രിസ്തുമസ് ട്രീ. കൊറച്ചു ഒണക്ക ചുള്ളിക്കമ്പുകൾ കെട്ടിവച്ചു ഉണ്ടാക്കിയ ഒരു സംഭവം. ഇതെന്തോന്ന് ട്രീ എന്നാണ് ആദ്യം മനസിലേക്ക് വന്നത്. അടുത്തേക്ക് ചെന്നു. പ്രത്യേകിച്ച് അലങ്കാരമൊന്നുമില്ല…

കുഞ്ഞികുഞ്ഞി സഞ്ചികൾ തൂക്കിയിട്ടുണ്ട്… അതിന്റെയൊപ്പം ചുരുട്ടി വച്ച ചെറിയൊരു കുഞ്ഞിക്കഷ്ണം കടലാസും..

. കൊറച്ചുപേര് ഒന്നോ രണ്ടോ കുഞ്ഞിസഞ്ചി പൊട്ടിച്ചെടുത്ത് അതിലെ പേരുകൾ നോക്കുന്നുണ്ട്..

. ഇനി ഇവിടെയൊക്കെ ക്രിസ്തുമസ്ട്രീയിലാണോ ക്രിസ്തുമസ്ഫ്രണ്ട് ചെയ്തേക്കുന്നത് എന്നായി സംശയം…

കാര്യമന്വേഷിച്ചു.. മുടി നരച്ചു തുടങ്ങിയൊരു ഇറ്റാലിയൻ അമ്മാമ്മ ചിരിച്ചു കൊണ്ട് മറുപടി തന്നു… “അതൊക്കെ ഓരോ കുടുംബങ്ങളുടെ പേരാണ്… “

” എവിടുത്തെ? ഈ ഇടവകയിലെയോ?” ന്റെ സംശയം പിന്നെയും തീർന്നില്ല.

“അല്ല. ആഫ്രിക്കയിലെ ഒരു ഉൾഗ്രാമത്തിലെ.. അവിടെയുള്ള ഒരു ഗ്രാമത്തെ ഈ ഇടവക ദത്തെടുത്തീട്ടുണ്ട്…

അവിടത്തെ കുടുംബങ്ങളുടെ പേര് ഈ ട്രീയിൽ തൂക്കിയിടും.. അടുത്തൊരു വർഷം നമ്മളാ കുടുംബത്തെ സഹായിക്കും. ആ വീട്ടിലെ കുഞ്ഞുങ്ങളെ പഠിപ്പിക്കും..

നമ്മളെക്കൊണ്ട് പറ്റുന്നതിനനുസരിച്ചു ഒന്നോ രണ്ടോ മൂന്നോ കുഞ്ഞിസഞ്ചികൾ ഈ ട്രീയിൽ നിന്ന് പറിച്ചെടുക്കാം…

ഇനിയിപ്പോ പറിച്ചെടുത്തില്ല എന്നുവെച്ചു ആരും അന്വേഷിക്കാൻ പോകുന്നില്ല… പക്ഷെ ഒറ്റ കൊല്ലവും ഇതിൽ ബാക്കി ഉണ്ടാവാറില്ല… ഞാൻ എല്ലാ കൊല്ലവും പറിച്ചെടുക്കാറുണ്ട്…”

അതുകേട്ടപ്പോ ഉള്ളിൽ എവിടെയോ ഒരു സന്തോഷം.. അപ്പോഴും ഒരു ചോദ്യം ബാക്കിയായി…

“ഇടക്ക് വച്ചെങ്ങാനും കൊടുക്കാൻ പറ്റാതെ വന്നാൽ?” അതിനും കിട്ടി ഉത്തരം … “കൊടുക്കാൻ ഉണ്ടായില്ലെങ്കിലോ എന്ന് ചിന്തിച്ചാൽ ഒരിക്കലും കൊടുക്കലുണ്ടാവില്ല.. കൊടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്തെങ്കിലും വഴി ഉണ്ടാവും..

. പറ്റുന്നത് ചെയ്യുക… പിന്നെ ചെയ്യാം എന്ന് കരുതിയാൽ ഒരിക്കലും നടക്കില്ല….

ഇനി എങ്ങാനും പറ്റാതെ വന്നാൽ ഇതിന്റെ കാര്യങ്ങൾ ചെയ്യുന്നവരെ അറിയിച്ചാൽ മതി..

എന്നാലും സാധാരണ അങ്ങനെ സംഭവിക്കാറില്ല… ആരുടെയെങ്കിലും ജീവിതത്തിനു നമ്മളൊരു സഹായമാവാൻ ദൈവം വിചാരിച്ചീട്ടുണ്ടെങ്കിൽ അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും…

നമ്മളൊന്ന് സമ്മതം മൂളിയാൽ മതി…”ഇതും പറഞ്ഞു ആ അമ്മാമ്മ പതിയെ ട്രീയുടെ അടുത്തേക്ക് നടന്നു..

ആഫ്രിക്കയിലെ ആ ഉൾഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ഈ ക്രിസ്തുമസ് രാവിൽ ആ പാവം മനുഷ്യർ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടാവും “ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ…”

സൂപ്പർഹീറോയാകാൻ മിന്നലടിച്ചു കിട്ടുന്ന ശക്തിയൊക്കെ അവിടെ നിൽക്കട്ടെ…

ഇവിടെയുമുണ്ട് ഒരു മിന്നലും അടിക്കാത്ത സാധാരണ സൂപ്പർ ഹീറോസ്… ആരുടെയൊക്കെയോ ജീവിതങ്ങൾക്ക് കൈത്താവുന്ന സൂപ്പർഹീറോകൾ…

സാധാരണ മനുഷ്യനെപ്പോലെയാവാൻ… അവന്റെ സങ്കടങ്ങൾക്ക് കൂട്ടിരിക്കാൻ…

അവനു വേണ്ടി സ്വന്തം ജീവിതം കൊടുക്കാൻ… സ്വർഗം വിട്ടിറങ്ങിയ ഒരു സൂപ്പർ ഹീറോയുടെ പിറന്നാളാണിന്ന്..

..ആ പിറന്നാളിന്റെ മംഗളങ്ങൾ…

ഹാപ്പി ക്രിസ്മസ്

റിന്റോ പയ്യപ്പിള്ളി ✍🏻

നിങ്ങൾ വിട്ടുപോയത്