കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ..
..തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്…
1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം കേരളചരിത്രത്തിലെ ഒരു കറുത്ത ഏടാണ്…. മേൽ – കീഴ്ജാതിയെന്ന വേർതിരിവ് വാണിരുന്ന കാലത്ത് വസൂരി വന്നാൽ ദൈവകോപമാണെന്നു കരുതി പായിൽ ചുറ്റി കിണറ്റിലും കാട്ടിലും തള്ളിയിരുന്ന ഈ കേരളമണ്ണിൽ തുറക്കപ്പെട്ട ആതുരാലയത്തിൽ (ജനറൽ ആശുപത്രി, തിരുവനന്തപുരം) മികച്ച രീതിയിൽ ആതുരശ്രുശ്രൂഷ ലഭിക്കണമെന്ന കാഴ്ചപ്പാടിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ അതിനായി സമീപിച്ചത് തന്റെ സുഹൃത്തായ കൊല്ലം ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറിനെയായിരുന്നു…..
ജാതി – മത ഭേദമേന്യ അയിത്തവും തൊടലും തീണ്ടലും ഇല്ലാതെ എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ട്, അവരെ സ്നേഹത്തോടെ ചേർത്തു പിടിച്ച് ശുശ്രൂഷിക്കുന്നവരെ തേടി അഭിവന്ദ്യ പിതാവ് കടന്നു ചെന്നത് സ്വദേശമായ സ്വിറ്റ്സർലൻഡിൽ തന്നെ ആയിരുന്നു…
സ്വിറ്റ്സർലൻഡിലെ മെൻസിങ്ങൻ എന്ന സ്ഥലത്ത് 1844 ൽ ഫാ. തിയോഡോഷ്യസ് ഫ്ളോറന്റീനിയെന്ന കപ്പൂച്ചിൻ വൈദികനാൽ തുടക്കം കുറിക്കപ്പെട്ട ഹോളിക്രോസ് സന്യാസസമൂഹത്തിന്റെ മദർ ജനറലായിരുന്ന മദർ പൗളാബക്കിനോട് 1906 -ൽ ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ കത്തു മുഖേന അടിയന്തരമായി നഴ്സുമാരായ 12 കന്യാസ്ത്രീകളെ മിഷണറിമാരായി വിട്ടു തരണമെന്ന് എഴുതി.
തുടർന്ന് ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ തന്റെ സഹോദരൻ ഓസ്റ്റിനോടൊപ്പം ഹോളിക്രോസ് സഭയുടെ ആസ്ഥാനത്ത് എത്തി മദർ ജനറലുമായി ചർച്ച നടത്തി. അന്ന് വെറും നഴ്സുമാരെയല്ല മറിച്ച് നഴ്സിംഗ് പഠിപ്പിച്ചു നൽകാൻ കഴിവുള്ളവരെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്…
..അങ്ങനെ 1906 നവംബർ 4 ന് ഒരു വലിയ ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകൾ കപ്പലിലും ട്രെയിനിലുമായി ദേശാന്തരങ്ങൾ പിന്നിട്ട് 21 ദിവസത്തെ യാത്രയ്ക്കു ശേഷം കൊല്ലത്ത് എത്തി ചേർന്നു. മദർ പൗളാബക്കിന്റെ നേതൃത്വത്തിൽ ലെയോണി, സിസേറിയ, സലോമി, റീന എന്നിവരായിരുന്നു ആ അഞ്ചു പേർ….
കൊല്ലത്തു നിന്ന് ഒരു പകലും രാത്രിയും യാത്ര ചെയ്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി അവർ സേവനം ചെയ്യാൻ തുടങ്ങി. പതിയെ അവിടെയൊരു നഴ്സിംഗ് സ്കൂളിന് തുടക്കവും കുറിച്ചു…. കേരളത്തിലെ നഴ്സിംഗ് പഠനത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു…പിന്നീട് അവർ കൊല്ലത്തെ ആശുപത്രിയിലും തുടർന്ന് 1907, 1910, 1912 ലും 1921 ലും മറ്റ് 29 കന്യാസ്ത്രീകൾ കൂടി സ്വിറ്റ്സർലൻഡിൽ നിന്നും കേരളത്തിൽ എത്തി ചേർന്നു…
ആലപ്പുഴയിലും മാവേലിക്കരയിലും തിരുവല്ലയിലും നാഗർകോവിലിലും നൂറനാട്ടെ കുഷ്ഠരോഗ ആശുപത്രിയിലും ഈ വിദേശ കന്യാസ്ത്രീകൾ സേവനനിരതരായി… തിരുവനന്തപുരത്തെ ജനറലാശുപത്രിയുടെ ഉള്ളിൽ നഴ്സിംഗ് ക്വാർട്ടേഴ്സും കന്യാസ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ ഒരു ചാപ്പലും മഹാരാജാവ് ആ സന്യാസ സമുഹത്തിന് അനുവദിച്ചു… സ്വദേശീയരായ യുവതികളെ മികച്ച രീതിയിൽ നേഴ്സിംഗ് പഠിപ്പിക്കാൻ സ്വിസ് കന്യാസ്ത്രീമാർ കഠിനപ്രയത്നം നടത്തി.
ഇന്നും തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലേയ്ക്ക് കടന്ന് ചെല്ലുമ്പോൾ സേവനനിരതരായി ഓടി നടക്കുന്ന ഹോളിക്രോസ് സിസ്റ്റേഴ്സിനെ കാണാനാകും…. കൊട്ടിയത്തെ ഹോളിക്രോസ് ആശുപത്രിയും നഴ്സിംഗ് സ്കൂളും കൊല്ലത്തിന് അവർ നൽകിയ മികച്ച സംഭാവനകളാണ്…. ഓരോ നേഴ്സസ് ദിനത്തിലും കേരളത്തിന്റെ നഴ്സിംഗ് ചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട മഹനീയ വ്യക്തിത്വങ്ങളാണ് ദൈവദാസനായ ആർച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബൻസിഗറും സ്വിസ് മണ്ണിൽ നിന്നും കേരളക്കരയിൽ വന്നു ചേർന്ന അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകളും… അതെ ഇവർ കേരളത്തിന്റെ നഴ്സിംഗ് ചരിത്രത്തിലെ മണിമുത്തുകൾ ആണ്…
അപരനു വേണ്ടി സകലതും സമർപ്പിച്ച് അവനെ ജീവനിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ആതുരസേവന രംഗത്ത് കഠിന പരിശ്രമം നടത്തുന്ന ചിറകില്ലാത്ത ഓരോ മാലാഖമാർക്കും മുൻപിലും ആദരപൂർവ്വം ശിരസ്സു നമിച്ച് ആശംസകൾ നേരുന്നു…
.കടപ്പാട്: Clinton Damian ൻ്റെ പോസ്റ്റ് മോഡിഫൈ ചെയ്തത്.
Soniya Kuruvila Mathirappallil (Sr Sonia Teres)