ചൂടൻ അച്ചൻ

“പുതുതായി വന്ന വികാരിയച്ചൻ
മഹാ കണിശക്കാരനാണ്.
മൂക്കത്താണ് ദേഷ്യം….”

വാർത്ത കാട്ടുതീ പോലെ പടർന്നു. ഞായറാഴ്ച വിശുദ്ധ കുർബാന
മധ്യേ അച്ചൻ പറഞ്ഞു:

“എന്നെക്കുറിച്ച് നിങ്ങൾ ഒരു ചിത്രം മനസിൽ വച്ചിട്ടുണ്ടെന്ന് എനിക്കറിയാം.
അതെന്താണെന്ന് എനിക്ക് നിശ്ചയമില്ല.
ഷുഗറും പ്രഷറുമെല്ലാം ഉള്ള
ഒരു വ്യക്തിയാണു ഞാൻ.
വരും ദിവസങ്ങളിൽ നമുക്ക്
കൂടുതൽ പരിചയപ്പെടാം.”

ഏതാനും ആഴ്ചകൾ കഴിഞ്ഞു.
ദൂരെ നിന്നും ഒരു യുവാവ് അച്ചനെ കാണാനെത്തി. പകൽ മുഴുവനും
യാത്ര ചെയ്തതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു.
പള്ളിമേടയിലേക്ക് കയറുമ്പോഴാണ്
മുറ്റത്തു നിന്ന ഒരാൾ ചോദിച്ചത്:
“അച്ചനെ കാണാനാണോ?
മുമ്പിവിടെ കണ്ടിട്ടില്ലല്ലോ?”

“ഞാനിത്തിരി ദൂരെ നിന്നാണ് വരുന്നത്. അച്ചനെ കാണേണ്ട ആവശ്യമുണ്ട്.”

“ഇപ്പോഴത്തെ മൂഡ് എന്താണെന്നറിഞ്ഞുകൂടാ.
ആള് വല്ലാത്ത ചൂടനാണ്….”

അയാളുടെ വാക്കുകൾക്ക് അധിക പ്രാധാന്യം നൽകാതെ യുവാവ്
അച്ചന്റെ മുറിയുടെ വാതിൽക്കലെത്തി.
മുറിയിലിരുന്ന് വായിക്കുന്ന വികാരിയച്ചനെ നോക്കി
ഭവ്യതയോടെ സ്തുതി ചൊല്ലി.

അച്ചനയാളോട് ഇരിക്കാൻ പറഞ്ഞു.
യുവാവ് ദീർഘദൂര യാത്ര ചെയ്താണ് വരുന്നതെന്നറിഞ്ഞ അച്ചൻ ഊട്ടുമുറിയിൽ ചെന്ന് അയാൾക്ക്
കാപ്പിയിട്ടു കൊടുത്തു. ഭക്ഷിക്കാൻ ബിസ്ക്കറ്റും റസ്ക്കും നൽകി.
യുവാവിന് ആവശ്യമുള്ള സർട്ടിഫിക്കേറ്റും നൽകി യാത്രയാക്കി.

പോരാൻ സമയം യുവാവ് അച്ചനോട് പറഞ്ഞു:
“ഇങ്ങോട്ട് പ്രവേശിക്കും മുമ്പ്
ഒരാൾ അച്ചനെക്കുറിച്ച്
അത്ര നല്ല കാര്യങ്ങളല്ല പറഞ്ഞത്. പേടിച്ചാണ് ഞാൻ വന്നത് ….”

“എന്നിട്ടിപ്പോൾ എന്തു തോന്നുന്നു?”
അച്ചൻ ചോദിച്ചു.

“കേട്ടതത്രയും സത്യമല്ലെന്ന് ….”

യുവാവിന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു:
“വല്ലപ്പോഴുമൊക്കെ ഞാൻ ദേഷ്യപ്പെടാറുണ്ടെടോ….
എന്നു വിചാരിച്ച് ഞാൻ ഹൃദയമില്ലാത്തവനല്ല…!”

ഏതൊരു വ്യക്തിയെക്കുറിച്ചും
മറ്റുള്ളവർ പറയുന്ന വാക്കുകളുടെ ചിത്രവും പേറി നടക്കുന്നവരാണ് നമ്മൾ.
ചൂടൻ, മടിയൻ, ഒന്നിനും കൊള്ളരുതാത്തവൻ, ഇങ്ങനെ സമൂഹത്തിൽ പലരെക്കുറിച്ചും അഭിപ്രായങ്ങൾ പലതുണ്ട്.

എന്നാൽ നമ്മൾ നല്ലവരെന്ന്
കരുതുന്ന പലരും അത്ര നല്ലവരല്ലെന്നും
മോശമെന്നു കരുതുന്നവർ അത്ര മോശമല്ലെന്നും അവരിൽ പലരെയും അടുത്തറിയുമ്പോഴാണ് മനസിലാക്കാൻ കഴിയുക.

“നീ യഹൂദരുടെ രാജാവാണോ”
എന്ന പീലാത്തോസിന്റെ ചോദ്യത്തിന് ക്രിസ്തുവിന്റെ മറുപടി ശ്രദ്ധേയമാണ്:
“നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി
നിന്നോടു പറഞ്ഞതോ?”
(യോഹന്നാന്‍ 18 : 34).

മറ്റുള്ളവർ പറയുന്നതു കേട്ട്
വിധിക്കാതിരിക്കാനും
അരുതാത്തത് പറഞ്ഞു നടക്കാതിരിക്കാനും ശ്രമിക്കണമെന്നാണ്
ക്രിസ്തു പക്ഷം.
മറ്റുള്ളവരിലെ നന്മ കാണാൻ പരിശ്രമിക്കുന്നതോടൊപ്പം
സ്വയം നന്നാകാനും പരിശ്രമിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്
നവംബർ 19 – 2021