ചെന്നൈ: തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷനില്‍ (ടിഎന്‍പിഎസ്‌സി) മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ നടത്തിയ നിയമനങ്ങളില്‍ കത്തോലിക്ക വൈദികനും. സലേഷ്യന്‍ സഭാംഗമായ ഫാ. എ. രാജ് മരിയസുസൈയാണ് ടിഎന്‍പിഎസ്‌സി നിയമനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. പ്രമുഖ മാധ്യമ വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ ഫാ. മരിയസുസൈ വിദ്യാഭ്യാസം, മാധ്യമം, സാമൂഹിക വികസനം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ്.

അതേസമയം ഫാ. മരിയസുസൈയ്ക്കു നിയമനം ലഭിച്ചതോടെ വൈദികന് നേരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍ ഓണ്‍ലൈന്‍ മാധ്യമമായ ഒപിഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. “ഇടതുപക്ഷ തീവ്രവാദികളുമായും അര്‍ബന്‍ നക്സലായ ഫാ. സ്റ്റാന്‍ സ്വാമിയുമായും” അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരിന്നുവെന്നാണ് ഈ മാധ്യമം പ്രചരണം നടത്തുന്നത്. ഫാ. എ രാജ് മരിയാ സുസായിയെക്കൂടാതെ ഐഎഎസ് ഓഫീസർ എസ്.മുനിയനാഥൻ, പ്രൊഫ. കെ.ജോതി ശിവജ്ഞാനം, കെ.അരുൾമതി എന്നിവരാണ് സർക്കാർ നിയോഗിച്ച പുതിയ അംഗങ്ങൾ. ആറ് വര്‍ഷമാണ് പുതിയ അംഗങ്ങളുടെ കാലാവധി.