തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടം ഗ്രീസിലെ തെസ്സലോനിക്ക നഗരം സ്വന്തമാക്കിയതായി ഗ്രീക്ക് മാധ്യമങ്ങള്‍. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷൻ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശസ്ത ഗ്രീക്ക് കലാകാരനായ വാസിലസ് മിച്ചേലിഡസാണ് ഇത് നിർമ്മിച്ചത്. 50 മീറ്റർ വീതിയിൽ വ്യാപിച്ചുകിടക്കുന്ന പുല്‍ക്കൂടിന്റെ നീളം 15 മീറ്ററാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങൾക്ക് സാംസ്കാരിക കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുന്നുണ്ട്.
ക്രിസ്തുമസ് ആഘോഷങ്ങൾ ഈ മാസം ആദ്യം തന്നെ രാജ്യത്തു തുടങ്ങിയിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഏഥൻസിലെ പ്രശസ്തമായ ഒമോണിയ സ്ക്വയര്‍ ദീപാലംകൃതമായതായി. ദീർഘനാളായി ഇവിടെ വെളിച്ചം പോലും ഇല്ലായിരുന്നുവെന്നും എന്നാൽ ഇത്തവണ ആവശ്യമായ അലങ്കാരങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും മേയർ കോസ്റ്റാസ് ബകോജിയാനിസ് പറഞ്ഞു.