കൊച്ചി :നവീകരിക്കപ്പെട്ട കുർബാന ക്രമം നടപ്പിൽ വരുത്താനുള്ള സീറോ മലബാർ സഭാ സിനഡ് തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ നടത്തിയും എടുത്ത കുർബാന ക്രമമാണ് മാർപ്പാപ്പ അംഗീകരിച്ചു നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള സിനഡ് തീരുമാനം അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
വിശ്വാസ സമൂഹത്തിന്റെ പൊതുവായ ഐക്യത്തിനും കെട്ടുറപ്പിനും ഇത് ഉപകരിക്കും. തെറ്റായ പ്രചരണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ദുർമാതൃക നൽകുന്ന വൈദികരുൾപ്പെടെയുള്ളവർ വിശ്വാസ സമൂഹത്തിനാപത്താണ്.
അനുസരണവും വിധേയത്വവും ഏറ്റുപറഞ്ഞ് ദൈവ വിളി സ്വീകരിച്ചവർ പരസ്യമായി സഭയെ വെല്ലുവിളി നടത്തുന്നത് അപലപനീയമാണ്. മാർപ്പാപ്പയെയും സിനഡിനെയും അനുസരിക്കാത്തവർ സ്വയം ഒഴിഞ്ഞു പോകുകയോ സഭ അവരെ പുറത്താക്കുകയോ വേണം.
കൈയ്യടി മേടിക്കാൻ വേണ്ടി ചിലർ കുർബാന മദ്ധ്യേ പോലും പ്രസംഗങ്ങൾ നടത്തി വൈറൽ ആക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന തരം പ്രവർത്തികളും കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.എല്ലാ പരിധികളും ലംഘിക്കുന്ന പ്രവർത്തികളിലൂടെ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഇത്തരം അജണ്ടകൾക്ക് പിന്നിലുള്ളവർ പിൻവാങ്ങണമെന്നും കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശ്ശേരി,അഡ്വ പി റ്റി ചാക്കോ,ജോയി ഇലവന്തിക്കൽ,തോമസ് പീടികയിൽ, ഡോ ജോസുകുട്ടി ഒഴുകയിൽ, ടെസ്സി ബിജു, രാജേഷ് ജോൺ, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി,ജോമി മാത്യു,ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.