കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് .

ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക യോഹന്നാനെപ്പോലെ സ്വയം മറക്കുന്നതിലും രക്ഷകനായ ഈശോയെ മഹത്വപ്പെടുത്തുന്നതിലും സ്തുതിക്കുന്നതിലും അടങ്ങിയിരിക്കുന്നുവെന്ന് വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് പറയുന്നു. “വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; ” (യോഹ 1 : 7) വന്ന സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ദിനത്തിൽ ആ വിശുദ്ധൻ പഠിപ്പിക്കുന്ന അഞ്ചു പാഠങ്ങൾ നമുക്കു പഠിക്കാം

1) ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സമർപ്പണവും വിശ്വാസവും

വിശുദ്ധിക്കുവേണ്ടിയുള്ള യോഹന്നാന്റെ ജീവിത സമർപ്പണവും മരുഭൂമിയിലെ അലഞ്ഞുതിരിയലുകളും അതുല്യമായ ജീവിതശൈലിയും, നമ്മുടെ ഭൗമിക ആഗ്രഹങ്ങളെക്കാൾ ആത്മീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് ദൈവത്തിന് ഒന്നാം സ്ഥാനം നൽകുകയും അവൻ എല്ലാം നൽകുമെന്ന് വിശ്വസിക്കുകയും ചെയ്യുക. മത്തായി 6:31-33-ൽ യേശു ഇതിനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: “അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ്‌ ഇവയെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.”

2) വ്യത്യസ്തനാകാൻ ഭയപ്പെടാത്തവൻ

വ്യത്യസ്തനാകുന്നതിൽ മടിയില്ലാത്ത വ്യക്തിയായിരുന്നു സ്നാപക യോഹന്നാൻ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ, നമ്മുടെ വിശ്വാസവും ബോധ്യവും ചിലപ്പോൾ നമുക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നു വിഭിന്നമായിരിക്കാം.

കഷ്ടപ്പാടുകൾക്കിടയിൽ ലോകത്തിൻ്റെ പ്രവണതകൾക്കനുസരിച്ച് നീങ്ങാനുള്ള പ്രലോഭനം നമുക്ക് ഉണ്ടായേക്കാം അപ്പോഴൊക്കെ സത്യവും നീതിയും ധർമ്മവും കൈമുതലാക്കി ജീവിക്കാൻ സ്നാപകൻ നമ്മെ വെല്ലുവിളിക്കുന്നു. ചില അവസരങ്ങലിൽ സത്യ വിശ്വാസത്തിൽ ജീവിക്കുക ബുദ്ധിമുട്ടായിരിക്കും വിട്ടുവീഴ്ചകൾക്കു വേണ്ടിയുള്ള മുറവിളികളും വർദ്ധിച്ചേക്കാം അങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്നാപകന്റെ മാതൃകയും വാക്കുകളും നമുക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു,

3) വിളിയിൽ വിശ്വസ്തയടെ അനുഗമിക്കുക

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും പങ്കും പങ്കാളിത്വവും ഉണ്ട്. പൗരോഹിത്യത്തിലേക്കാ സന്യാസത്തിലേക്കോ കുടുംബ ജീവിതത്തിലേക്കോ ഏകസ്ഥ ജീവിതത്തിലേക്കോ വിളിക്കപ്പെട്ടാലും നമുക്കു എല്ലാവർക്കും ദൈവത്തെ സ്തുതിക്കാനും പരസ്പരം പങ്കുവയ്ക്കാനുമുള്ള ദാനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

മറ്റുള്ളവർക്ക് വഴി ഒരുക്കുക, മറ്റുള്ളവർക്ക് വഴി സുഗമമാക്കുക എന്നത് ജീവിതത്തിലെ വിലപ്പെട്ട ഒരു പാഠമാണ്. മറ്റുള്ളവരുടെ നന്മ കഴിവുകൾ എന്നിവയെ കൂടുതൽ പ്രകാശിപ്പിക്കാൻ അനുവദിക്കുന്നതിന് നമ്മുടെ താലന്തുകളും ശക്തികളും ഉപയോഗിക്കുക എന്നത് സ്നാപക ജീവിത ശൈലിയാണ്.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഓരോരുത്തർക്കും വഹിക്കാനുള്ള പങ്കിൽ വിശ്വസ്തതയോടെ നമുക്കു മുന്നേറാം.

4) ആനന്ദിക്കുക

“മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി.” (ലൂക്കാ 1 : 41) സ്നാപകൻ തന്റെ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ ആദ്യമായി ഈശോ അടുത്ത് വരുമ്പോൾ സന്തോഷത്താൽ തുള്ളിച്ചാടിയതായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തു സാന്നിധ്യങ്ങൾ ആനന്ദകരമായ അനുഭവങ്ങൾ ആക്കി മാറ്റുക. ക്രിസ്തുമതത്തിന്റെ സത്തതന്നെ പ്രത്യാശയിലും സന്തോഷത്തിലുമാണ്. ജീവിതം എത്ര കഠിനമായാലും, മരണത്തിന്റെ കവാടങ്ങളിലൂടെ സഞ്ചരിച്ചാലും യേശു സാന്നിധ്യം ജീവിതത്തിൽ ആനന്ദം തരും. നമ്മൾ ഒരു ഈസ്റ്റർ ജനതയാണെന്നും ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും രക്ഷിക്കപ്പെട്ട ഒരു ജനത എന്ന നിലയിൽ സന്തോഷത്തോടും ആനന്ദത്തോടുംകൂടി ജീവിക്കാൻ സ്നാപകൻ പഠിപ്പിക്കുന്നു.

5) നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിക്കുക

തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യാനും സഹോദരൻ്റെ ഭാര്യയെ വിവാഹം കഴിക്കാനുമുള്ള ഹെറേദോസ് രാജാവിൻ്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചതാണ് സ്നാപക യോഹന്നാൻ്റെ മരണത്തിലേക്കു നയിച്ച പ്രധാന കാരണം. താൻ വിശ്വസിച്ചതിനും ദൈവത്തിന്റെ നിയമങ്ങൾക്കുമായി സംസാരിക്കാനുള്ള സ്നാപകൻ്റെ നിഷ്കളങ്കമായ തീരുമാനം ഒടുവിൽ അവന്റെ ജീവൻ എടുത്തു. എന്നാൽ അവന്റെ നിശ്ചയദാർഢ്യവും അചഞ്ചലമായ നിർമലതയും ലോകത്തിലെ അനീതികൾക്കെതിരെ നിലകൊള്ളാനും സംസാരിക്കാനും സ്നാപകന്റെ നമുക്ക് ധൈര്യം നൽകുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

നിങ്ങൾ വിട്ടുപോയത്