✝️

Happy feast of other Teresa

September 05: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ

ഇന്ന് മദര്‍ തെരേസയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികം. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, ” വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , ‘നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് ‘നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ’ എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം”.

നാം നമ്മുടെ ജീവിതത്തില്‍ ധാരാളം പദ്ധതികള്‍ പ്ലാന്‍ ചെയ്തതിന് ശേഷം അതെല്ലാം നടത്തി തരണമെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ‘ദൈവമേ അങ്ങയുടെ പദ്ധതികള്‍ എന്റെ ജീവിതത്തില്‍ നടപ്പിലാക്കണമേ’ എന്നു പറഞ്ഞു കൊണ്ട് നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും ധാരാളം നന്മകള്‍ പുറത്തുവരാന്‍ തുടങ്ങും; നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് സഹായവും ആനന്ദവും നല്‍കുവാനും ഉത്സാഹത്തോടെ അവരെ ശുശ്രുഷിക്കാനും പരിശ്രമിക്കാം. ഈ അനുഗ്രഹത്തിനായി വിശുദ്ധ മദര്‍ തെരേസയുടെ മാദ്ധ്യസ്ഥം തേടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. നിക്കോളാദ്രെയിന്‍-ബൊജാക്‌സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായി ഗോണ്‍ക്‌സാ ആഗ്നസ് എന്ന പേരിലാണ് മദര്‍ തെരേസ മാമോദീസ സ്വീകരിച്ചത്. തനിക്ക് അഞ്ചരവയസുള്ളപ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ആഗ്നസ്, 1916 നവംബറില്‍ സ്ഥൈര്യലേപനം സ്വീകരിച്ചു. ആഗ്നസിന്റെ എട്ടാം വയസില്‍ അവളുടെ പിതാവ് മരിച്ചു. പിന്നീട് സാമ്പത്തിക ക്ലേശത്തിലായ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത് അമ്മയാണ്. തുന്നല്‍ ജോലികള്‍ ചെയ്താണ് ആഗ്നസിനേയും മൂത്ത രണ്ടു മക്കളേയും ആ അമ്മ വളര്‍ത്തിയത്.

ആഗ്നസിനെ ‘മദര്‍ തെരേസ’യാക്കി രൂപാന്തരപ്പെടുത്തിയതില്‍ ഈ അമ്മയുടെ സഹനങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരിന്നു. 18-ാം വയസില്‍ മിഷ്‌ണറിയാകുവാനുള്ള അതിയായ താല്‍പര്യമാണ് ആഗ്നസിനെ വീട് വിട്ട് ഇറങ്ങുവാന്‍ പ്രേരിപ്പിച്ചത്. 1928 സെപ്റ്റംബറില്‍ അയര്‍ലന്റിലെ സിസ്റ്റേഴ്‌സ് ലോബ്രിറ്റോ എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് ആഗ്നസ് വൃതവാഗ്ദാനം നടത്തി. പിന്നീടാണ് ആഗ്നസ് സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചത്. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം മദര്‍ സ്വീകരിച്ചത്.

1929-ല്‍ തെരേസ ഭാരതത്തില്‍ എത്തി. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മേയ് 14-നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്. അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീസഭ ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു.

ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി മദര്‍തെരേസയും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്‌നേഹത്തിലേക്ക് ചേര്‍ത്തുപിടിക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു.

തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി.

1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ ‘പത്മശ്രീ’ നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ ‘ഭാരത് ശിരോമണി’ അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പു നല്കി മദറിനെ ആദരിച്ചു.

ഭാരതം മാത്രമല്ല മദര്‍തെരേസയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും ഉന്നതങ്ങളായ പുരസ്‌കാരം ഒരേ പോലെ ലഭിച്ച വ്യക്തിത്വമാണ് മദര്‍തെരേസ. 1983-ല്‍ ബ്രിട്ടന്‍ അവരുടെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഫര്‍ ഓഫ് മെറിറ്റ്’ സമ്മാനിച്ചപ്പോള്‍ 1985-ല്‍ ചുരുക്കം വിദേശികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള ‘മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി അമേരിക്കയും മദറിനെ ആദരിച്ചു.

1997 മാര്‍ച്ച് 13-ന് മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി താന്‍ ലക്ഷ്യം വെച്ചു സ്വര്‍ഗീയ നാഥന്റെ സന്നിധിയിലേക്ക് മദര്‍ വിളിക്കപ്പെട്ടു. ഭാരതത്തിലെ മതേതര സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മിഴികളില്‍ നിന്നും തോരാത്ത കണ്ണുനീര്‍ പെയ്ത ദിനങ്ങളായിരുന്നു പിന്നീട് കടന്നുവന്നത്. ലോകനേതാക്കള്‍ മദര്‍ തെരേസയ്ക്ക് അന്ത്യമ ഉപചാരം അര്‍പ്പിക്കുവാന്‍ ഭാരത മണ്ണിലേക്ക് എത്തി.

ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു. ‘ദ മദര്‍ ഹൗസ് ഓഫ് ദ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലാണ്’ മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല.

ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19-ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു.

മോണിക്ക ബസ്‌റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015 ഡിസംബറില്‍ ബ്രസീലില്‍ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കുകയായിരുന്നു. 2016 സെപ്റ്റംബര്‍ 4നു വത്തിക്കാനില്‍ തടിച്ച് കൂടിയ 10 ലക്ഷം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന നാമമാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയ്ക്ക് നല്കിയത്.

നിങ്ങൾ വിട്ടുപോയത്