ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341 ൽ ദുഃഖവെള്ളിയാഴ്ച്ച ദിവസം രക്തസാക്ഷിത്വം വരിച്ചു.അവർ മരിച്ചത് ദുഃഖവെള്ളിയാഴ്ച്ച ആയതിനാൽ അതിനുശേഷം വരുന്ന വെള്ളിയാഴ്ച അവരുടെ ഓർമ്മ ആചരിച്ചു തുടങ്ങി.കാലക്രമത്തിൽ സകല വിശുദ്ധരുടെയും ഓർമ്മയായി ഈ ദിവസം മാറി.ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച കർത്താവിനോട് കൂടെ വിജയം പ്രാപിച്ചവരായ വിശുദ്ധരെ അനുസ്മരിക്കുന്നത് കൂടുതൽ യുക്തിസഹമാണല്ലോ.

ആരാധനാക്രമവത്സരത്തെ കേന്ദ്രമാക്കി മുൻപോട്ട് പോകുന്ന പൗരസ്ത്യ സുറിയാനി ക്രമം പാലിക്കുന്ന സീറോ മലബാർ സഭ അതിന്റെ തനതായ ആചാരണങ്ങൾ വഴി സാർവത്രിക സഭാ കൂട്ടായ്മയ്ക് തന്നെ വലിയ നിക്ഷേപം ആണ് സമ്മാനിക്കുന്നത്. തിരുനാളുകളെ മിശിഹായുടെ രക്ഷാകര ദൗത്യങ്ങളോട് ചേർത്തു വച്ച് ആഘോഷിക്കാനും ധ്യാനിക്കാനും ആണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാർ എന്നും ശ്രമിച്ചിട്ടുള്ളത്. കർത്താവിന്റെ ഉയിർപ്പിൽ പങ്കാളികൾ ആയ സകല വിശുദ്ധരോട് നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം.അവരുടെ മാതൃക അനുകരിക്കാം.