വിവാഹം കൂട്ടായ്മയുടെയും ജീവന്റെയും പാവന വേദി

ഏതൊരു വ്യക്തിയും സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുമ്പോഴും, ഒരു കൂട്ടായ്മയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും വേണ്ടി സ്വന്തം താല്പര്യങ്ങളും, സ്വപ്നങ്ങളും എന്തിന് ഒരു പരിധി വരെ വ്യക്തി സ്വാതന്ത്ര്യം പോലും ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രം സഫലം ആകുന്ന യാഥാർഥ്യം ആണ് വിവാഹത്തിലൂടെ രൂപം കൊള്ളുന്ന കുടുംബം.

വിവാഹം കഴിക്കാതിരിക്കാനും വ്യക്തി സ്വാതന്ത്ര്യവും സ്വപ്നങ്ങളും കേന്ദ്രീകരിച്ചു ജീവിക്കാനും ആരും എതിരു നിൽക്കും എന്ന് തോന്നുന്നില്ല. എല്ലാവരും വിവാഹിതർ ആകാൻ വിളിക്കപ്പെട്ടവരല്ല. ഉന്നതമായ ലക്ഷ്യം നേടാൻ വേണ്ടി, പൂർണ്ണ ഹൃദയത്തോടെ, ശ്രദ്ധ നൽകാൻ, വിവാഹം തടസ്സം ആകാതിരിക്കാൻ, രാഷ്ട്ര സേവനം, ശാസ്ത്ര നേട്ടങ്ങൾ, കലാ കായിക വളർച്ച,ആത്മീയ സേവനം, മാനവസേവനം തുടങ്ങി ഏതൊരു നന്മയും ഇത്തരത്തിൽ വിവാഹത്തേക്കാൾ മുൻഗണന നേടാം.വിവാഹിതരായ ശേഷവും ഈ പറഞ്ഞ മേഖകളിൽ ഉന്നത നേട്ടങ്ങൾ നേടാം എന്നതും തർക്കമില്ലാത്ത യാഥാർഥ്യം ആണ്.

വിവാഹിതർ ആകുന്നവർ കുടുംബം എന്ന അടിസ്ഥാന കൂട്ടായ്മ രൂപപ്പെടുത്താനും, ഭാവി തലമുറയെ രൂപപ്പെടുത്തി മനുഷ്യ കുലത്തിന്റെ പിന്തുടർച്ചയെ ഉറപ്പാക്കാനും തല്പരർ ആണ്.ഈ ലോകത്തിലെ നേട്ടങ്ങൾക്കപ്പുറം നിത്യം നിലനിൽക്കുന്ന രണ്ടു രഹസ്യങ്ങൾ അവർ ഈ ലോകത്തിൽ പങ്കുവയ്ക്കുന്നു. സ്നേഹം എന്ന രഹസ്യം, കൂടെ ജീവനും.
ഇവിടെ അവസാനിക്കുന്നതല്ല ഇവ. നിത്യമായ നിലനിൽപ് ഉള്ള രഹസ്യം ആണ് ജീവൻ. ഒന്നുകിൽ നിത്യശിക്ഷ, അല്ലെങ്കിൽ നിത്യ ജീവൻ. അപ്പോൾ ജന്മം നൽകുന്നതിലൂടെ ഓരോ കുടുംബവും, ദമ്പതികളും, ഈ ലോകത്തിൽ നിന്നും നിത്യതയിലേക്ക് ആണ് ഓരോ ജീവനെയും ശുശ്രൂഷിക്കുന്നത്.

മനുഷ്യ ജീവൻ രൂപം കൊള്ളുന്ന ആദ്യ നിമിഷം മുതൽ മരണം വരെ ഒരേ മഹത്വം മാത്രം.അപ്പോൾ ജീവൻ നശിപ്പിക്കാൻ ആരു ശ്രമിച്ചാലും സാധ്യമല്ല. കാരണം അതു നിത്യതയിൽ ഉള്ള രഹസ്യം തന്നെ. പക്ഷേ ശാരീരികമായി മറ്റൊരു ജീവനെ നശിപ്പിക്കാൻ കഴിഞ്ഞാലും ആത്മാവ് ഉറവിടം ആയ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കും.
ജീവൻ രൂപം കൊള്ളുന്ന, കൂട്ടായ്മ കുടുംബമാകയാൽ, ജീവനെ തടയാനും നിയന്ത്രിക്കാനും, വേണ്ടെന്നു വയ്ക്കാനും ചിലപ്പോൾ, കുടുംബം തുനിഞ്ഞെന്നു വരാം. ഇവിടെ ശിശുക്കൾ പിറക്കേണ്ട എന്ന് പറയാൻ ഈ ലോകത്തിലെ ആർക്കെങ്കിലും അധികാരം ഉണ്ടോ എന്ന് നോക്കാം..
കേവലം നൂറു അല്ലെങ്കിൽ നൂറ്റിയിരുപതു വർഷം മാത്രം ഈ ലോകത്തു ജീവിച്ചു മരിക്കാൻ മാത്രം അവകാശം ഉള്ള ഒരാൾ , ഈ ഭൂമിയിൽ മറ്റൊരാൾ ഉണ്ടാകരുത് എന്ന് പറയുമ്പോൾ തന്റെ തന്നെ ജീവൻ അപകടത്തിൽ ആക്കുന്നു എന്ന് തിരിച്ചറിയുന്നില്ല….
കോടിക്കണക്കിനു വർഷം പ്രായം ഉള്ള ഭൂമിയിൽ എത്രയോ തലമുറകൾ വന്നുപോയി. ഇതിൽ ആരെങ്കിലും എത്ര ജനങ്ങൾ ഉണ്ടാകണം എന്ന് തീരുമാനിക്കാൻ മാത്രം ശക്തി ഉള്ളത് ആയി തുടരുന്നില്ല. കേവലം അവരുടെ ജീവിതകാലം മറ്റുള്ളവർ ഉണ്ടാകുന്നത് തടഞ്ഞു എന്നതിനപ്പുറം അവരാരും ശക്തരല്ല. ഈജിപ്തിലെ ഫറവോ, മുതൽ ഈ നൂറ്റാണ്ടിലെ ഹിറ്റ്ലർ വരെയും. വ്യക്തികളും,സമൂഹങ്ങളും,രാഷ്ട്രങ്ങളും ജീവ നിയന്ത്രണം നടപ്പിലാക്കി പരാജയം ഏറ്റു വാങ്ങിയ ചരിത്രം നമുക്ക് മുന്നിൽ ഉണ്ട്.

ജനങ്ങൾ വർദ്ധിച്ചു .
പെരുകിയാൽ വിഭവങ്ങൾ തീർന്നു ദാരിദ്ര്യം മൂലം മാനുഷ രാശി തീരും എന്ന് വിലപിച്ച തോമസ് മാൽത്തൂസ് മുതൽ,ജനസംഖ്യ ബോംബ് എന്ന നുണ ബോംബ് പൊട്ടിച്ച പോൾ എൽരിക്കും, ഗർഭധാരണവും ശിശു പരിപാലനവും സ്ത്രീ സ്വാതന്ത്രത്തെ തടയുന്നു എന്ന് വിലപിച്ചു നടക്കുന്ന സ്ത്രീ വിമോചന വാദികൾ വരെയുള്ളവരെ രൂപപ്പെടുത്തിയത് ഈ കൂട്ടായ്മ ആണ്,കുടുംബം ആണ്.
അതായത് അവരുടെ സ്വന്തം ഉറവിടത്തെ തന്നെ ആണ് അവരെല്ലാം തിരിഞ്ഞു കൊത്തിയത്.
എന്നിട്ട് എന്താ സംഭവിച്ചത്…
ലോകത്തിൽ മനുഷ്യൻ പെരുകിയാൽ പട്ടിണി മൂലം നശിക്കും എന്ന് 18 നൂറ്റാണ്ടിൽ മാൽത്തുസ് പഠിപ്പിച്ച സമയം ആകെ 90 കോടി ജനങ്ങൾ, ഇന്ന് 785 കോടി എത്തിയിട്ടും യാതൊരു ദുരന്തവും എത്തിയില്ല.
ജനസംഖ്യ ബോംബ് 1970 കളിൽ ഇറങ്ങിയ സമയം ലോകത്തിൽ 365 കോടി ജനങ്ങൾഇന്ന് ഇരട്ടി കഴിഞ്ഞിട്ടും അവരുടെ ജല്പനങ്ങൾ നിവർത്തി ആയിട്ടില്ല. എന്നാൽ വിഡ്ഢിത്തം സ്വീകരിച്ചു തകർന്ന, ദുരന്തം അനുഭവം ആയ രണ്ടു കാര്യങ്ങൾ മറക്കണ്ട.

ഒന്ന് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഉള്ള ചൈന 1970 കളുടെ അവസാനം ഒറ്റക്കുട്ടി നയം സ്വീകരിച്ചു നിർബന്ധിത വന്ധ്യംകരണവും ഗർഭശ്ചിദ്രവും പിന്തുണച്ചതിന്റ ഫലമായി 2012 ൽ 2.78 കോടി പുരുഷന്മാർ ജീവിതപങ്കാളിയെ കിട്ടാനില്ലാത്ത ഗതി കേട് ഏതുവാങ്ങേണ്ടി വന്നു. ഒരു തലമുറ ജീവൻ നിയന്ത്രിച്ചപ്പോൾ അടുത്ത തലമുറയുടെ ജീവ സ്വീകരണ വേദി ആയ വിവാഹം പോലും നിയന്ത്രിക്കപ്പെട്ടു. തിന്മ വിതച്ചതിന്റെ തിക്ത ഫലം. മാത്രം അല്ല, യുവജന എണ്ണം കുറഞ്ഞു, വൃദ്ധരുടെ എണ്ണം കൂടി, ഇതു തിരിച്ചറിഞ്ഞു 2014 ൽ രണ്ടു കുട്ടികൾ ആകാം എന്ന് തിരുത്തൽ നൽകിയ ഭരണകൂടം ഇപ്പോൾ 2021ൽ വീണ്ടും മാറ്റം വരുത്തി, മൂന്നു കുട്ടികൾ വരെ ആകാം എന്ന്.

ഇന്ന് ലോകത്തിലെ എല്ലാവികസിത രാജ്യങ്ങളും തങ്ങളുടെ മനുഷ്യ വിഭവ ശേഷി വർധിപ്പിക്കാൻ പൗരന്മാർക്ക് ധാരാളം സാമ്പത്തിക ആനുകൂല്യങ്ങൾ കൊടുത്തു തെറ്റ് തിരുത്താൻ നോക്കുമ്പോൾ അതെ തെറ്റ് ആവർത്തിക്കാൻ ശ്രമിക്കുന്നതിനെ ചെറുക്കാൻ മത ജാതി വ്യത്യാസം കൂടാതെ എല്ലാവരും ഒരുമിക്കേണ്ടതുണ്ട് .
ഒരു സമൂഹത്തിൽ എല്ലാവരും ഒരു പോലെ വളരുന്നതിന് പകരം കുറച്ചു പേർ ജാതി, മതം നോക്കി വർദ്ധിച്ചു പെരുകാൻ ഇടയാകുന്നതും, മറ്റുള്ളവർ ജനന നിയന്ത്രണ മാർഗങ്ങൾ വഴി കുറയുന്നതും സാമൂഹിക അസന്തുലിതാവസ്ഥ രൂപപ്പെടുത്തും എന്നതിന് ഇന്നത്തെ കേരള മാതൃക തന്നെ ധാരാളം പാഠങ്ങൾ നൽകുന്നു.സ്ഥാപിത താല്പര്യങ്ങൾ നേടിയെടുക്കാൻ തങ്ങളുടെ വർദ്ധനവ്, വോട്ടിലൂടെ ഉപകരിക്കും എന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ അപകടം വെളിപ്പെടുത്തുന്നു.ഈ അപകടം അതിജീവിക്കാൻ ജനന നിയന്ത്രണം നടപ്പിലാക്കി, ഉന്മൂലനഭീഷണി നേരിടുന്ന സമൂഹങ്ങളെ സന്തുലിതമാക്കാൻ എളുപ്പമല്ല. കൂടുതൽ അപകടത്തിൽ ചെന്നു ചാടാതിരിക്കാൻ,ഓരോ സമൂഹവും ജാഗ്രത കാണിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും.
ലോകം ഉള്ളിടത്തോളം കാലം, മനുഷ്യൻ ഉള്ളിടത്തോളം കാലം വർദ്ധിച്ചു പെരുകുന്നവർക്കേ നിലനിൽപ് ഉളളൂ. കാരണം ജനങ്ങൾ പെരുകുന്ന സമൂഹത്തിൽ നിന്നേ കൂടുതൽ ഗുണം ഉള്ളവരെ ഉറപ്പാക്കാൻ ആകൂ. എണ്ണം കുറയുന്നിടത്തു കിട്ടിയതിനെ വച്ചു കാര്യം നടത്തേണ്ട അവസ്ഥ ഉണ്ടാകും. കൂടുതൽ ശിശുക്കൾ കൂടുതൽ യുവത്വം ഉറപ്പാക്കും. ശിശുക്കൾ നിയന്ത്രിക്കപ്പെടുന്നത് വാർദ്ധക്യം വേഗത്തിൽ ആക്കും. കൂടുതൽ കൈകൾ അധ്വാനിക്കാൻ ഉണ്ടെങ്കിൽ കൂടുതൽ വായ്കൾ, വയറുകൾ സംതൃപ്തി അടയും. കുറച്ചു കരങ്ങളും കൂടുതൽ ഉദരങ്ങളും, ഭാരം വർധിപ്പിക്കുന്നു.
ഇന്ന് തുടച്ചു നീക്കേണ്ടത് സമൂഹത്തിൽ വർദ്ധിക്കുന്ന തിന്മകൾ ആണ്. നന്മയായ ജീവൻ അല്ല.അസമത്വം, അനീതി എന്നിവ പെരുകിയത് മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചാൽ, യുദ്ധ, പ്രതിരോധ ദുർവ്യയം അകറ്റിയാൽ തന്നെ പതിനായിരം കോടി മനുഷ്യർക്കു സുഭിക്ഷമായി ജീവിക്കാൻ ഉള്ളത് ഇപ്പോൾ തന്നെഭൂമിയിൽ ഉണ്ട്.

50000 രൂപ മൂല്യം ഉള്ള വീട്ടിൽ അഞ്ചു പേർക്കു കഴിയാമെങ്കിൽ, നാലു പേർക്ക് വേണ്ടി 5000കോടി രൂപ മൂല്യം ഉള്ള വീട് നിർമിച്ചു ജീവിക്കുന്നവരുടെ ചൂഷണം നിലനിർത്താൻ ഈ നാട്ടിൽ ജനസംഖ്യ കുറയ്ക്കാൻ ഭരണ വർഗം തയ്യാർ ആകും. കാരണം സാമ്പത്തിക നേട്ടം മാത്രം. അൻപതു ലക്ഷം പേരുടെ ജീവിതത്തിൽ സഹായകരം ആകുന്ന സമ്പത്ത് ആണ് മുതലാളിത്ത വ്യവസ്ഥിതിയിൽ ഒരു കുടുംബം സ്വന്തം ആക്കുക. ഈ അനീതിക്കെതിരെ ആകട്ടെ ആദ്യ പോരാട്ടം. അല്ലാതെ പാവപെട്ടവന്റെ ജന്മം നൽകാനുള്ള മൗലിക അവകാശം, ജീവിക്കാനുള്ള അവകാശം തകർക്കുക വഴി അസമത്വം, അനീതി പരിഹരിക്കാൻ സാധ്യമല്ല.
ഇവിടെ ഈ ലോകത്തിൽ മറ്റൊരു ജീവൻ നശിപ്പിക്കാൻ, നിയന്ത്രിക്കാൻ, തടയാൻ ശ്രമിക്കുന്നവർ മറക്കരുത് നിങ്ങൾക്ക് മുൻപേ ആരെങ്കിലും നിങ്ങൾ പറയുന്ന ഏതു കാരണമെങ്കിലും സ്വീകരിച്ചിരുന്നു എങ്കിൽ നിങ്ങൾ ഈ ലോകം കാണില്ലായിരുന്നുഎന്ന്, എന്നിട്ടും അഹങ്കാരം സ്വാർത്ഥത ഇവയ്ക്ക് യാതൊരു കുറവുമില്ല.സ്വന്തം ജീവൻ വിലമതിക്കുന്ന ഒരു വ്യക്തിക്കും, ജീവിതമെന്ന ദാനം തിരിച്ചറിയുന്ന ഒരാൾക്കും, ജീവനെതിരെ തിരിയുക സാധ്യമല്ല. കാരണം ഇതു നമ്മുടെ സ്വന്തം അല്ല എന്നത് തന്നെ. മറ്റൊരു ജീവനെ അസ്വസ്സ്ഥതയോടെ കാണാൻ മാത്രം ഇവരുടെ യോഗ്യത മരണത്തിന്റെ കാവൽക്കാർ എന്നത് തന്നെ.
ജനസംഖ്യയുടെ ഭാഗം ആയി എണ്ണപ്പെട്ട ശേഷം ഇനി ആരും കൂട്ടി ചേർക്കപെടല്ലെന്നു പറയുന്ന പടുവിഡ്ഢികൾ… നിങ്ങൾ ഭാഗമായ ഈ ജനസംഖ്യ ഇനിയും കൂടിയാൽ, നിങ്ങളുടെ എന്താ നഷ്ടപ്പെടുക എന്ന് ഉത്തരം പറഞ്ഞു തരാൻ ആരാണ് ധൈര്യം കാണിക്കുന്നത്. ഒന്നുകിൽ നിങ്ങൾ മനുഷ്യൻ അല്ല സൃഷ്ടാവ് ആണെങ്കിൽ അംഗീകരിക്കുന്നതിന് വിരോധം ഇല്ല. അല്ലെങ്കിൽ നിങ്ങൾ ഈ ലോകത്തിലെ മനുഷ്യ ഗണത്തിന്റെ ഭാഗം അല്ലെന്നു പറഞ്ഞു മറ്റൊരു ലോകത്തിലെ ആണെങ്കിലും സമ്മതിക്കാം.
നിങ്ങൾ ജീവൻ നശിപ്പിക്കുമ്പോൾ നിങ്ങളുടെ ജീവിക്കാനുള്ള അവകാശം ആണ് നശിപ്പിക്കുന്നത്.
താൻ സ്വയം ഭൂ ആണ് എന്ന് കരുതുന്ന, അപ്രകാരം ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ മറ്റൊരു ജീവൻ തടയാൻ സാധിക്കൂ. തനിക്കു ഒരു സൃഷ്ടാവ് ഉണ്ടെന്ന്, തന്റെ ജീവൻ നിലനിൽക്കാൻ മറ്റുള്ളവരുടെ സംരക്ഷണം ആവശ്യം ഉണ്ടെന്ന് ബോധ്യം ഉള്ള ഒരു വ്യക്തിയും മരണ ദൂതൻ ആകില്ല. തന്റെ ജീവന്റെ കാരണം താൻ തന്നെ ആണ് എന്ന് ഉറപ്പുള്ള ഒരു ശക്തി അതായത് ദൈവം മാത്രം ആണ് എല്ലാ ജീവന്റെയും ഉറവിടം എങ്കിൽ ആ ദൈവം വർദ്ധിച്ചു പെരുകാൻ അനുഗ്രഹിച്ചയച്ചവൻ തന്നെ ആണ് എന്ന് തിരിച്ചറിയാൻ, അനുഭവിക്കാൻ ആശ്രയിക്കാൻ ആനന്ദിക്കാൻ കഴിയുന്ന,ഒരു ജീവിതം ആയിരിക്കും ഈ ലോകത്തിനു ഏറെ സഹായകരം. അവരിലൂടെ ജീവന്റെ സംസ്‍കാരം വളരട്ടെ. ജീവദാതാവ് മഹത്വപ്പെടട്ടെ.
ഇനിയും കണ്ടെത്താൻ സാധിക്കാത്ത, എത്തിച്ചേരാൻ കഴിയാത്ത അമൂല്യ രഹസ്യങ്ങൾ സൃഷ്ടാവ് ക്രമീകരിച്ചിരിക്കുന്നു. അവ കണ്ടെത്താൻ, അനുഭവിക്കാൻ സാധിക്കണം എങ്കിൽ വർദ്ധിച്ചു പെരുകുക മാത്രം ആണ് സൃഷ്ടാവ് നൽകിയ താക്കോൽ, വർദ്ധിച്ചു പെരുകി, നിറഞ്ഞു കീഴടക്കുവിൻ.

ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങൾ നടന്നത് 19-20 നൂറ്റാണ്ടുകളിൽ ആയത് മനുഷ്യൻ വർദ്ധിച്ചു പെരുകിയ കാലം ആണെന്ന് കൂട്ടി വായിച്ചാൽ, കാര്യങ്ങൾ വ്യക്തമാകും. മനുഷ്യൻ വർദ്ധിക്കുമ്പോൾ ആവശ്യം വർദ്ധിക്കുന്നു.ആവശ്യം സൃഷ്ടിയുടെ മാതാവാണ്, എന്നതും തിരിച്ചറിയാൻ സാധിച്ചാൽ ആരും മനുഷ്യ ജീവനെ തടയില്ല..

ഫാ.ജോസഫ് കൊല്ലകൊമ്പിൽ,
മുൻ KCBC ഫാമിലി കമ്മീഷൻ ജോ: സെക്രട്ടറി
ഇടുക്കി രൂപത.
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക



ഈ മാധ്യമ ജീവസംസ്‌കാര ശുശ്രുഷയിൽ പങ്കാളികളാകുക .
സുഹൃത്തുക്കൾ- ബന്ധുക്കൾ -സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുക ,പ്രാർത്ഥിക്കുക .