പുൽക്കൂട്ടിലേയ്ക്കുള്ള വീഥിയിൽ

💫🎄💫🎄💫🎄💫🎄💫🎄

സുമനസുകൾക്ക് സമാധാനം

🎄🎄🎄🎄🎄🎄🎄🎄🎄🎄

തിരുപിറവിയുടെ സമയത്ത് മുഴങ്ങികേട്ട സ്വർഗീയ സന്ദേശം ‘അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം’ എന്നതായിരുന്നു. ഈ സന്ദേശവുമായി മാലാഖമാർ എത്തിച്ചേർന്നത് അന്നത്തെ രാജകൊട്ടാരത്തിലോ ധനിക ഭവനങ്ങളിലോ സതങ്ങളിലോ ആയിരുന്നില്ല. അത് ആദ്യം കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത് അന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ട വിഭാഗമായ ആട്ടിടയന്മാർക്കായിരുന്നു. അവർക്കാണ് ആദ്യമായി കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ കണ്ടാനന്ദിക്കാൻ അവസരം ലഭിച്ചത്. ദൈവസന്നിധിയിൽ ഏറെ പ്രിയപ്പെട്ടവരായിരുന്നു മനുഷ്യദൃഷ്ടിയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഈ ഇടയജീവിതങ്ങൾ!

അവഗണിക്കപ്പെട്ടവർക്ക് ആശ്വാസത്തിന്റെയും
സന്തോഷത്തിന്റെയും ദൂതുമായെത്തിയ ക്രിസ്മസ് ഇന്നും ഈ സമൂഹത്തിൽ അവഗണിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്ന എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലുന്ന ഒന്നായി മാറണം.

സുമനസുകൾക്കാണ് സമാധാനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. സംഘർഷങ്ങളുടേതും സംഘട്ടനങ്ങളുടേതുമായ ഈ ലോകത്ത് സമകാലീന ലോകം ഏറ്റവും കാംക്ഷിക്കുന്നത് സമാധാനം തന്നെയാണ്. സമാധാനത്തിന്റെ ദൂതന്മാരായി ഈ സമൂഹത്തിൽ നാം വ്യാപരിക്കുമ്പോഴാണ് ക്രിസ്മസ് നമുക്കും സന്തോഷത്തിന്റെ അനുഭവമായി മാറുന്നത്.

സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത രക്ഷകനായ ക്രിസ്തുവിന്റെ ജനനം (ലൂക്കാ 2:10) ഇന്നും പ്രഘോഷിക്കപ്പെടേണ്ട സദ്വാർത്ത തന്നെയാണ്. വചനം മാംസം ധരിച്ചപ്പോൾ ക്രിസ്തു ജനിച്ചു. ജീവിതത്തിന്റെ ഇടവഴികളിൽ മാംസം ധരിക്കാത്ത വചനം അധരവ്യായാമം മാത്രമായിത്തീരുന്നതാണ് ഇന്നിന്റെ ദുഃഖം.

ഈ ക്രിസ്മസ് വേറിട്ട ഒരനുഭവമാക്കാം നമുക്ക്. സ്നേഹവും കാരുണ്യവും നിറഞ്ഞ മിഴികളോടെ അപരനെ ചേർത്തുപിടിച്ച് നമുക്കും പങ്കുവയ്ക്കാം സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ സദ്വാർത്ത.
മനുഷ്യജീവനുപോലും തെല്ലും വിലകല്പിക്കാത്ത, മാനുഷികമൂല്യങ്ങളെ തീർത്തും അവഗണിക്കുന്ന ഈ സമൂഹത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും വേറിട്ട ശബ്ദമായി നിലകൊള്ളാൻ പുൽക്കൂട്ടിലെ ഉണ്ണി പ്രചോദിപ്പിക്കട്ടെ!

കടപ്പാട്.

Stellamarisdeliveranceministry

നിങ്ങൾ വിട്ടുപോയത്