പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു.
ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ രണ്ടുപേർ മൂന്നാമനെ കുമ്പസാരിക്കാൻ വെല്ലുവിളിച്ചു. സുഹൃത്തുക്കളുടെ വെല്ലുവിളിയിൽ വിജയിക്കാനും, കുമ്പസാരത്തെ അപമാനിക്കാനുമാണ് മൂന്നാമത്തേവൻ കുമ്പസാരക്കൂട്ടിൽ എത്തിയത്.
അദ്ദേഹം കുമ്പസാര രഹസ്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാഷയിൽനിന്ന് ആളുടെ ഉദേശം വൈദികനു മനസ്സിലായി. വൈദികൻ ആ യുവാവിനോട് പറഞ്ഞു. എല്ലാ കുമ്പസാരത്തിനും എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യണം. നീ പ്രായശ്ചിത്തമായി ചാപ്പലിൽ പോയി ക്രൂശിത രൂപത്തിലെ ക്രിസ്തുവിന്റെ കണ്ണിലേക്ക് നോക്കി, “നീ എനിക്കു വേണ്ടി മരിച്ചു, എന്നാൽ ഞാൻ അതൊന്നും കാര്യമായി എടുക്കുന്നില്ല” എന്ന് പറയണം എന്ന് ഉപദേശിച്ചു.
യുവാവ് സുഹൃത്തുക്കളുടെ വെല്ലുവിളിയിൽ വിജയിച്ചെങ്കിലും, അവരുടെ നിർബന്ധപ്രകാരം ചാപ്പലിൽ പ്രവേശിച്ചു. അവിടെ എത്തി ക്രിസ്തുവിന്റെ കണ്ണിലേക്ക് നോക്കി, നീ എനിക്കു വേണ്ടി മരിച്ചു എന്ന് പറയാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. വൈദികൻ നൽകിയ പ്രായശ്ചിത്തം പൂർണമായി പറയാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല. കാരണം കുരിശിലെ ക്രിസ്തുവിന്റെ രൂപം അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലിയൊരു ചലനമുണ്ടാക്കി
ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു. ഇങ്ങനെ ചരിത്രപരമായ ഒട്ടേറെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേവാലയമാണ് പാരീസിലെ നോട്ടർഡാം കത്തീഡ്രൽ
സച്ചിൻ എട്ടിയിൽ