വിദേശത്തു നിന്നും അവധിക്കെത്തിയ ഭർത്താവ് ധ്യാനത്തിനു പോയി.
സ്പിരിച്വൽ ഷെയറിങ്ങിന് സഹായിച്ച സിസ്റ്റർ അയാളോട് ചോദിച്ചു:

“എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?”

“പതിനെട്ട്”

“ഭാര്യയുമായ് എന്തെങ്കിലും പ്രശ്നമുണ്ടോ?”

“എൻ്റെ അറിവിൽ ഒന്നുമില്ല”

“അല്ല,
ഭാര്യയുടെ കരയുന്ന മുഖമാണ് ഈശോ കാണിച്ചു തരുന്നത്.”

“അങ്ങനെ വരാൻ യാതൊരു സാധ്യതയുമില്ലല്ലോ സിസ്റ്റർ.
അവൾക്കും മക്കൾക്കും
ഒരു കുറവുമില്ലാതെയാണ് ഞാൻ നോക്കുന്നത്‌.
വീട്ടിൽ വാഷിങ്ങ് മെഷീനും ഫ്രിഡ്ജും മൈക്രോ ഓവനും എന്നുവേണ്ട
എല്ലാ സൗകര്യങ്ങളുമുണ്ട്.
മക്കൾക്കും അവൾക്കും നല്ല ഫോണും വാങ്ങിക്കൊടുത്തിട്ടുണ്ട്…..
ഒരു ഭർത്താവെന്ന നിലയിൽ ഇതിൽക്കൂടുതൽ ഞാനെന്താണ് ചെയ്യേണ്ടത്?”

ധ്യാനം കഴിഞ്ഞ് വീട്ടിലെത്തിയ
അയാൾ അന്നു രാത്രി
ഭാര്യയോട് ചോദിച്ചു:
”എടീ…. നിനക്ക് വല്ല വിഷമവുമുണ്ടോ?
ധ്യാനത്തിൽ സ്പിരിച്വൽ ഷെയറിങ്ങിൻ്റെ സമയത്ത് നിൻ്റെ കരയുന്ന മുഖം കണ്ടെന്ന് സിസ്റ്റർ പറഞ്ഞു.”

അയാളുടെ ചോദ്യം കേട്ടപ്പോൾ
വിതുമ്പിക്കൊണ്ടവൾ പറഞ്ഞു:
“നമ്മുടെ കല്യാണം കഴിഞ്ഞ് പതിനെട്ട് വർഷത്തിനുള്ളിൽ ഇന്നാദ്യമായിട്ടാണ് എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്ന് നിങ്ങൾ ചോദിക്കുന്നത്.
അതും ഒരു സിസ്റ്ററിന് ലഭിച്ച ദൈവിക പ്രചോദനത്തിൻ്റെ പേരിൽ. ഇത്ര നാളായിട്ടും നിങ്ങൾക്കെന്നെ മനസിലാക്കാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു…

നമുക്ക് ജീവിക്കാനുള്ളത് ദൈവം തന്നിട്ടുണ്ട്. മക്കളുടെ പഠനത്തിനുള്ളതും സമ്പാദിച്ചിട്ടുണ്ട്. ഇനിയെങ്കിലും വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ സെറ്റിലായിക്കൂടെ?
ഇങ്ങനെ അവിടെയും ഇവിടെയും ജീവിക്കാനാണേൽ പിന്നെന്തിനാണീ ജീവിതം?
സിസ്റ്ററിന് ലഭിച്ച ദർശനം ശരിയാണ്…

നിങ്ങൾക്കറിയുമോ എത്ര രാത്രികളിൽ ഞാൻ തനിച്ചിരുന്ന്
കരഞ്ഞിട്ടുണ്ടെന്ന്?
മക്കളുടെ സ്കൂളിലെ കാര്യങ്ങൾ, വീട്ടുകാര്യങ്ങൾ,
കൃഷി, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലെ വിരുന്നുകൾ….
എല്ലാത്തിനും തനിച്ച് ഓടി ഞാൻ മടുത്തു….
ഇനിയെങ്കിലും അവിടുത്തെ ജോലി മതിയാക്കൂ…..”

അവളുടെ കണ്ണീർ തുടച്ചുകൊണ്ട്
അയാൾ പറഞ്ഞു:
“നീ പറഞ്ഞത് ശരിയാണ്.
എല്ലാ സൗകര്യങ്ങളും നൽകിയപ്പോഴും നിൻ്റെ മനസ് വായിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവധിയ്ക്ക് വരുന്ന സമയത്താണ് നമ്മുടെ മക്കൾ ഇത്രയും വളർന്നെന്ന് ഞാൻ തിരിച്ചറിയുന്നത്…
എന്തായാലും ഇത്തവണ ഞാൻ തീരുമാനിക്കുന്നു….. നാട്ടിൽ സെറ്റിലാകണം.”

ഇത് ഒരു കുടുംബത്തിലെ സങ്കടമാണെങ്കിൽ നമ്മുടെ കുടുംബങ്ങളിലെ വിശേഷങ്ങളോ?

മറ്റുള്ളവരെ അറിയുക എന്നത് ഒരു പുണ്യമാണ്.
ഇവിടെയാണ് ക്രിസ്തുവിൻ്റെ സമീപനം വേറിട്ടു നിൽക്കുന്നത്.
വഴിയോരത്തിരുന്ന് തന്നെ വിളിച്ച് വിലപിച്ച അന്ധയാചകരോട്,
ജനക്കൂട്ടം മിണ്ടരുതെന്ന് ആക്രോശിച്ചപ്പോഴും
ക്രിസ്തു മാത്രം ചോദിച്ചു:
“ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?”
(മത്താ 20 : 32). അവരെ മനസിലാക്കിക്കൊണ്ടുള്ള ആ ചോദ്യം മാത്രം മതിയായിരുന്നു അവരുടെ ജീവിതം പ്രകാശപൂരിതമാകാൻ.

കൂടെയുള്ളവരുമായി മനം തുറന്ന് സംസാരിക്കാനും സ്നേഹപൂർവ്വം
ഒന്നു ചേർത്തു നിർത്താനും കഴിയുന്നില്ലെങ്കിൽ
സുഖസൗകര്യങ്ങൾക്കു മധ്യേ
അവർ ഏകരായിരിക്കും.

ഫാദർ ജെൻസൺ ലാസലെറ്റ്