ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖവെള്ളിയാഴ്ച ഓര്‍മ്മിപ്പിക്കുന്നുവെന്നും അനുകമ്പയുടെ പൂർണരൂപമായ യേശു ദരിദ്രരെ സേവിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും അർപ്പിതനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇന്നലെ ദുഃഖവെള്ളിയാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് പ്രധാനമന്ത്രി അനുസ്മരണം നടത്തിയിരിക്കുന്നത്. മോദിക്ക് പുറമേ രാഹുല്‍ ഗാന്ധി, നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി നെയ്ഫിയു റിയോ തുടങ്ങിയ പ്രമുഖരും ദുഃഖവെള്ളി സന്ദേശം നല്‍കി.

“ഈ ദുഖവെള്ളി അനുകമ്പയുടേയും, സ്നേഹത്തിന്റേയും, സഹാനുഭൂതിയുടേയും ശക്തിയുടെ ഓര്‍മ്മപ്പെടുത്തല്‍ ആകട്ടേ”യെന്ന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. യേശുക്രിസ്തുവിന്റെ ആത്യന്തികമായ ത്യാഗവും, നമ്മോടുള്ള നിരുപാധികമായ സ്നേഹവും ദുഃഖവെള്ളിയാഴ്ച നാം ഓര്‍ക്കുന്നുവെന്നും വെളിച്ചം അന്ധകാരത്തേയും, നന്മ തിന്മയേയും കീഴടക്കിയെന്നും ദുഃഖവെള്ളി നമ്മുടെ ജീവിതത്തില്‍ മാറ്റവും പുതിയ അര്‍ത്ഥവും കൊണ്ടുവരട്ടെയെന്നും നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി നെയ്ഫിയു പ്രസ്താവിച്ചു.