രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ ഏതവസ്ഥയിലുള്ളവർ ആണെങ്കിലും വിശുദ്ധിയിലേക്കാണല്ലോ ദൈവം വിളിച്ചിരിക്കുന്നത്.

1207 ൽ ഹംഗറിയിലെ രാജാവായ ആൻഡ്രു രണ്ടാമന്റെയും രാജ്ഞിയായ ജെർത്രൂദിന്റെയും മകളായി എലിസബത്ത് ജനിച്ചു. അവൾ ജനിക്കുന്ന സമയത്ത് 26 വയസ്സുള്ള വി. ഫ്രാൻസിസ് അസ്സീസ്സി തൻറെ സമ്പത്തെല്ലാം ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിക്കഴിഞ്ഞിരുന്നു. 1212 ആയപ്പോഴേക്ക് വിശുദ്ധ ക്ലാരയും വീടുവിട്ടിറങ്ങി സഭ സ്ഥാപിച്ചു. ഇതിനെപറ്റിയെല്ലാം തൻറെ പിതാവ് പറയുന്നത് എലിസബത്ത് ശ്രദ്ധിച്ചു കേൾക്കാറുണ്ടായിരുന്നു.

സമ്പത്തും സ്ഥാനമാനങ്ങളും പുറംമോടിയും ഒട്ടും അവളെ പ്രലോഭിപ്പിച്ചില്ല. കരുണയുള്ള ഹൃദയം അവൾക്കു സ്വന്തമായിരുന്നു. ദാനധർമ്മമെന്ന പുണ്യം ചെറുപ്രായത്തിൽ തൊട്ടേ അവൾ ശീലിച്ചു. അവളുടെ കൈവശമുള്ള പ്രിയപ്പെട്ട സാധനങ്ങളിൽ വിശുദ്ധ ക്ലാരയുടെ ഒരു പ്രാർത്ഥനയും ഉണ്ടായിരുന്നു. “ഈശോയെ, നിന്റെ ഏറ്റവും കയ്പ്പേറിയ മരണത്തിന്റെ യോഗ്യതയാൽ സജീവമായ വിശ്വാസവും ഉറപ്പുള്ള പ്രത്യാശയും തികഞ്ഞ ഉപവിയും എനിക്ക് തരണമേ”. ഇത് എലിസബത്തിന്റെ പ്രേരകശക്തിയായിരുന്നു.

അന്നത്തെ കാലത്ത് രാജകീയ വിവാഹങ്ങൾ വർഷങ്ങൾക്ക് മുൻപേ തീരുമാനിച്ചുവെക്കുമായിരുന്നു.എലിസബത്തിനു നാലു വയസുള്ളപ്പോഴെ തുരിൻഗ്യയിലെ പ്രഭുവിന്റെ മകനുമായി അവളുടെ വിവാഹമുറപ്പിച്ചു. ആ പ്രായത്തിൽ തന്നെ വെള്ളിതൊട്ടിലിൽ ഇരുത്തി അവളെ ഭാവിവരന്റെ കൊട്ടാരത്തിലേക്ക് ചുമന്നുകൊണ്ട് പോയി.

14 വയസ്സാവുമ്പോഴേക്ക് , പിതാവിന്റെ മരണശേഷം രാജാവായിത്തീർന്ന ലൂയിസ് രാജാവുമായി അവളുടെ വിവാഹം നടന്നു.അവർ പരസ്പരം ജീവനായി സ്നേഹിച്ചു.നല്ല ക്രിസ്ത്യൻ മാതാപിതാക്കളായി അവർ മക്കളെ വളർത്തി.നല്ല രീതിയിൽ നാട് ഭരിച്ചു. ഒരു മകനും രണ്ടു മക്കളുമടക്കം 3 കുട്ടികളുണ്ടായി.

തൻറെ പരിചാരികയോട് എലിസബത്ത് പറഞ്ഞു, “ഒരു മനുഷ്യനെ ഞാൻ ഇത്രക്ക് സ്നേഹിക്കുന്നെങ്കിൽ എല്ലാറ്റിന്റെയും ഉടയവനും അനശ്വരനുമായ ദൈവത്തെ ഞാൻ എത്രയധികം സ്നേഹിക്കണം”.

എലിസബത്ത് വിശുദ്ധ കുർബ്ബാനയോട് കാണിക്കുന്ന ഭക്തിയും രാത്രിയുടെ യാമങ്ങളിൽ കട്ടിലിനരികിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നതും പാവങ്ങളോട് കാണിക്കുന്ന കരുണയും സുഖമില്ലാത്തവരെ സന്ദർശിക്കുന്നതുമൊക്കെ കണ്ട് ലൂയിസ് രാജാവ് സന്തോഷിച്ചു. രാജ്ഞിയുടെ പ്രതാപമൊന്നും കാണിക്കാതെ ഒരു പരിചാരികയെപ്പോലെ അവൾ കൊട്ടാരത്തിൽ പണികളെടുത്തു. ലൂയിസ് രാജാവിന്റെ രണ്ടാനമ്മക്കും കൊട്ടാരത്തിലുള്ള ചിലർക്കും അവളുടെ ലാളിത്യവും ദാനധർമ്മവും ഇഷ്ടപ്പെട്ടിരുന്നില്ല.

രോഗികളെയും പാവങ്ങളെയും കൊട്ടാരത്തിലേക്കു എലിസബത്ത് കൂട്ടികൊണ്ടു വന്ന് ശുശ്രൂഷിച്ചു. ചീഞ്ഞുനാറുന്ന മുറിവുകൾ സ്വന്തം കൈ കൊണ്ട് വൃത്തിയാക്കി. പീഡാനുഭവ വാരത്തിൽ സാധാരണ കർഷക സ്ത്രീയെപ്പോലെ വസ്ത്രം ധരിച്ചു ദൈവാലയങ്ങളിൽ അവൾ സന്ദർശനം നടത്തി. ആരാണെന്നറിയാതെ ആളുകൾ ചൊരിയുന്ന അപമാനം സന്തോഷത്തോടെ സ്വീകരിച്ചു. പലപ്പോഴും ഉണങ്ങിയ അപ്പക്കഷണമാണ് ഭക്ഷിച്ചിരുന്നത്. ഉപവാസം ഭർത്താവ് പോലും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഒരിക്കൽ എലിസബത്ത് ഒരു കുഷ്ഠരോഗിയെ കണ്ടു. ഉടൻ തന്നെ അവൾ സ്വന്തം കൈകളിൽ താങ്ങിയെടുത്തു കൊട്ടാരത്തിൽ കൊണ്ടുവന്നു മണിമഞ്ചലിൽ കിടത്തി ശുശ്രൂഷിച്ചു. ഇത് കണ്ട് കോപാകുലയായ അമ്മരാജ്ഞി ( ലൂയിസിന്റെ രണ്ടാനമ്മ )നായാട്ടിനു പോയി തിരിച്ചെത്തിയ ലൂയിസിനോട് പറഞ്ഞു “എന്തെല്ലാം വികൃതികളാണ് അവൾ ചെയുന്നത് ? ഇപ്പോഴിതാ ഒരു കുഷ്ഠരോഗിയെ നിന്റെ മണിമഞ്ചലിൽ കിടത്തി പരിചരിക്കുന്നു “. ആകെ വിഷമത്തിലായ ലൂയിസ് ചെന്നുനോക്കിയപ്പോൾ കാണുന്നത് തൂമന്ദഹാസം പൊഴിച്ച് കിടക്കുന്ന ഉണ്ണീശോയെ. ലൂയിസ് ഉടൻ മുട്ടിൽ നിന്നു കൈ കൂപ്പി. ദിവ്യശിശു അദ്ദേഹത്തെ അനുഗ്രഹിച്ചു അപ്രത്യക്ഷനായി. ലൂയിസ് തിരിച്ചു വന്നു അമ്മ രാജ്ഞിയോട് പറഞ്ഞു “എന്റെ മഞ്ചം ഇങ്ങനെയുള്ളവർക്കു കൊടുക്കാൻ സന്തോഷമേയുള്ളൂ”. വേദനിക്കുന്നവർക്ക് നാം കൊടുക്കുന്ന ശുശ്രൂഷ ഈശോ ആണ് സ്വീകരിക്കുന്നതെന്നുള്ളത് സത്യമായ വസ്തുതയാണ്.

എളിമയുടെയും ശൂന്യവൽക്കരണത്തിന്റെയും വലിയ മാതൃകയാണ് എലിസബത്ത് കാണിച്ചു തരുന്നത്. ഒരിക്കൽ ദൈവമാതാവിന്റെ തിരുന്നാൾ ദിവസം രാജകുടുംബം ഒരുമിച്ച് ദൈവാലയത്തിൽ പോയി. പ്രത്യേകം സജ്ജമാക്കപ്പെട്ട ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. എലിസബത്ത് തൻറെ ശിരസ്സിൽ നിന്ന് കിരീടമെടുത്തു ഇരിപ്പിടത്തിൽ വെച്ച് സാഷ്ടാംഗം പ്രണമിച്ചു കുരിശിനെ വണങ്ങി. രാജ്ഞി ഇതുകണ്ട കോപാകുലയായി. “ഇതെന്തു ഭ്രാന്താണ് “? രാജകുമാരികൾ നിവർന്നാണ് ഇരിക്കേണ്ടത്. ഒടിഞ്ഞ ഞാങ്ങണ കണക്കെ കമഴ്ന്നടിച്ചു ഭ്രാന്തിയെ പോലെ നിലത്തു വീണു കിടക്കുകയല്ല”. എലിസബത്ത് ഇതുകേട്ട് പകച്ചുപോയി. വിനയാന്വിതയായി അവൾ പറഞ്ഞു ,”ബഹുമാനിതയായ അമ്മെ ,കോപിക്കരുതേ. എന്റെ ദൈവവും രാജാവുമായ ഈശോ മുൾക്കിരീടം ധരിച്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ എങ്ങനെയാണ് രത്നഖചിതമായ സ്വർണകിരീടം ധരിക്കുന്നത് ? “

1226 ൽ നാട്ടിൽ വലിയൊരു ക്ഷാമമുണ്ടായി. ലൂയിസ് രാജാവ് ഇറ്റലിയിലായിരുന്നു ആ സമയത്ത്. എലിസബത്ത് സന്ദർഭത്തിനൊത്തുയർന്നു.അപ്പത്തിന് വേണ്ട മാവെല്ലാം രാജകീയ സംഭരണശാലകളിൽ നിന്ന് കൊടുത്തു. രാവും പകലും റൊട്ടിയുണ്ടാക്കുന്നവർ പണിയെടുത്തു. സന്യാസികളും കന്യാസ്ത്രീകളുമൊക്കെ ഭക്ഷണവിതരണത്തിൽ സഹായിച്ചു. ആയിരക്കണക്കിന് ആൾക്കാരെ ഓരോ ദിവസവും ഊട്ടി. സംഭരണശാലകൾ കാലിയായിതുടങ്ങി. പാർപ്പിടമില്ലാത്തവർക്കു വേണ്ടി പള്ളികളും താൻ തന്നെ പണി കഴിപ്പിച്ച ആശുപത്രിയും തുറന്നുകൊടുത്തു.രാജകീയട്രഷറിയിലെ പണമെടുത്തു എലിസബത്ത് പാവങ്ങൾക്കായി ചിലവാക്കി. അവളുടെ വിലയേറിയ ആഭരണങ്ങളും വസ്ത്രങ്ങളും വിറ്റും അവൾ അശരണരെ സഹായിച്ചു.

1227ൽ ലൂയിസ് വിശുദ്ധസ്ഥലത്തിനു വേണ്ടിയുള്ള കുരിശുയുദ്ധത്തിനായി പോയി. പോകരുതെന്ന് പറഞ്ഞ ഭാര്യയോട് പറഞ്ഞു, “ഞാനീ ചെയ്യുന്നത് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതിയാണ്”. എലിസബത്ത് നാലാമത്തെ കുട്ടിക്ക് ജന്മം കൊടുത്തു. അതേസമയത്ത് ലൂയീസിന് പനി പിടിച്ചു ഇറ്റലിയിൽ വെച്ചു മരിച്ചു.വിവരമറിഞ്ഞ എലിസബത്ത് ദുഃഖം സഹിക്കാനുള്ള ശക്തിക്ക് വേണ്ടി പ്രാർത്ഥിച്ചു. അത് അവൾക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഇരുപത് വയസ്സ് മാത്രമായിരുന്നു അപ്പോൾ അവൾക്ക് പ്രായം.

എലിസബത്തിനെ കൊട്ടാരത്തിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളോട് കൂടെ പുറത്താക്കി. ഉപജീവനത്തിനായി യാതൊന്നും കയ്യിലില്ലാതെ മക്കളെയും കൂട്ടി ഭിക്ഷ യാചിച്ചു കഴിഞ്ഞു. ആരും അവരെ സ്വീകരിച്ചില്ല . എലിസബത്തിനെ സ്വീകരിക്കരുതെന്നു രാജകല്പന വന്നിരുന്നു. പന്നികളെ സൂക്ഷിക്കുന്ന സ്ഥലമാണ് താമസിക്കാൻ കിട്ടിയത്. തൻറെ കഷ്ടതകളെ ഓർത്തവൾ സ്തോത്രഗീതം പാടി. മക്കളെ വൈക്കോലിൽ കിടത്തി എലിസബത്ത് ഇങ്ങനെ പ്രാർത്ഥിച്ചു ,”ഓ ദൈവമേ, ദാരിദ്ര്യം എന്ന മഹാഭാഗ്യം അനുഭവിക്കുന്നതിനു അങ്ങ് എന്നെ തിരഞ്ഞെടുക്കാൻ എനിക്ക് എന്ത് യോഗ്യതയാണുള്ളത് ? ഞാൻ തികച്ചും അയോഗ്യയാണെന്നു അങ്ങേക്കറിയാമല്ലോ”. ഈശോയോടു ഐക്യപ്പെടുത്തുന്ന സഹനം സ്വീകരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് പറയാൻ മാത്രം അവളുടെ ആത്മാവ് എളിമയിൽ വളർന്നിരുന്നു.

ഒരു ചെറുപാലത്തിലൂടെ കടന്നുപോകവേ ഒരു വൃദ്ധസ്ത്രീ വന്നു അവളെ തള്ളി ചെളിയിൽ ചാടിച്ചു. എന്നിട്ടിങ്ങനെ പരിഹസിച്ചു , “കൊള്ളാം. നീ രാജ്ഞിയായിരുന്നപ്പോൾ എന്ത് പ്രതാപമായിരുന്നു. അതുകൊണ്ട് ഇപ്പോൾ ചേറ്റിൽ തന്നെ കിടന്നോളു”. എലിസബത്ത് ശാന്തത വിടാതെ എഴുന്നേറ്റു ചെളി പുരണ്ട വസ്ത്രം കണ്ട് ഇങ്ങനെ പറഞ്ഞു ,”ഇതാ ഞാൻ ധരിക്കാറുണ്ടായിരുന്ന സ്വര്ണാഭരണങ്ങൾക്കും പട്ടുവസ്ത്രങ്ങൾക്കും പകരം കിട്ടി”. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ തകർച്ചകളിൽ പ്രകോപിതരാകാതെ ശാന്തതയോടും സമചിത്തതയോടും കൂടി വ്യാപാരിക്കാൻ സാധിക്കണമെങ്കിൽ ആത്മാവ് ശൂന്യവൽക്കരണത്തിൽ ഒരുപാട് മുന്നേറേണ്ടത് ആവശ്യമാണ്.

ഒരിക്കൽ അവൾ തന്നെ മുറിപ്പെടുത്തിയ ഒരു വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അപ്പോൾ കർത്താവ് ഇങ്ങനെ പറയുന്നത് അവൾ കേട്ടു. “എനിക്ക് ഇതിനേക്കാൾ ഇഷ്ടപെട്ട പ്രാർത്ഥന മുൻപൊരിക്കലും നീ ചൊല്ലിയിട്ടില്ല. അതുകൊണ്ട് നിന്റെ സകല പാപങ്ങളും ഞാൻ ക്ഷമിക്കുന്നു”.

കുറേനാളത്തെ യാതനകൾക്കു ശേഷം രാജകൊട്ടാരത്തിലേക്ക് വീണ്ടും പ്രവേശനം ലഭിച്ചു. രണ്ടാം വിവാഹത്തിന് പലരും പ്രേരിപ്പിച്ചെങ്കിലും അവൾ അത് നിരസിച്ചു. മക്കളുടെ കാര്യങ്ങൾ ഭദ്രമാക്കിയതിനു ശേഷം ഒരു ദുഃഖ വെള്ളിയാഴ്ച എലിസബത്ത് ലോകത്തെ പരിത്യജിച്ച് ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ വ്രതവാഗ്ദാനം ചെയ്തു. ജർമ്മനിയിൽ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ ചേരുന്ന ആദ്യത്തെ ആളാണ് എലിസബത്ത്. ഒരു ചെറിയ ഭവനത്തിലേക്ക് താമസം മാറിയ അവൾ രോഗികളെയും വികലാംഗരെയുമൊക്കെ കൊണ്ടുവന്നു താമസിപ്പിച്ചു സ്വന്തം കയ്യാൽ പരിചരിച്ചു. വിശുദ്ധ ഫ്രാൻസിസ് അസ്സീസി തന്നെ സമ്മാനമായി അവൾക്കയച്ചു കൊടുത്തിരുന്ന ഒരു പരുക്കൻ ഉടുപ്പാണ് അവൾ ധരിച്ചത്. ഉപജീവനത്തിന് കമ്പിളി നൂറ്റു വസ്ത്രങ്ങളുണ്ടാക്കി വിറ്റു. “ദൈവത്തിനു സമർപ്പിക്കപ്പെട്ടത്” എന്ന തൻറെ പേരിന്റെ അർത്ഥം പോലെ തന്നെ പാവങ്ങളെ സേവിച്ചുകൊണ്ട് അവൾ തന്നെത്തന്നെ ദൈവത്തിനായി കൊടുത്തു.

1231 ലെ തണുപ്പുകാലം. എലിസബത്ത് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോൾ നവംബർ 17 പാതിരാത്രിയായിരുന്നു. ഈ വാക്കുകൾ പറഞ്ഞുകൊണ്ട് അവൾ മരിച്ചു,” ഈ മണിക്കൂറിലാണ് യേശു ഒരു ദരിദ്രകാലിത്തൊഴുത്തിൽ ജനിച്ചത്. എല്ലാ ജനങ്ങളെയും രക്ഷിക്കാൻ അവനീ ലോകത്തിലേക്ക് വന്നു”.

ഒരുപാട് അത്ഭുതങ്ങളാണ് അവളുടെ മധ്യസ്ഥതയിൽ നടന്നത്. മരിച്ചു നാല് കൊല്ലമാവുമ്പോഴേക്ക് ഗ്രിഗറി ഒൻപതാം പാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. അസ്സീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചില്ലുജാലകത്തിൽ എലിസബത്തിനെ ഫ്രാൻസിസിനും ക്ലാരക്കും ഇടയിൽ നിൽക്കുന്ന പോലെ വരച്ചു വെച്ചിരിക്കുന്നു, അവളോടുള്ള ആദരസൂചകമായി.

ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്